Skip to main content

പ്രളയബാധിതര്‍ക്ക് ആശ്വാസമായി റീസര്‍ജന്റ് കേരളാ ലോണ്‍ സ്‌കീം

പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച റീസര്‍ജന്റ് കേരളാലോണ്‍ സ്‌കീം ആശ്വാസമാകുന്നു. വീട്ടുപകരണങ്ങള്‍, ജീവനോപാധികള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്ക് അത് ലഭ്യമാക്കുവാനും പ്രളയത്തില്‍ വീടുകള്‍ക്ക് ഉണ്ടായ ചെറിയ അറ്റകുറ്റപണികള്‍ നിര്‍വഹിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ കുടുംബശ്രീ വഴി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം. ഒരു ലക്ഷം രൂപ വരെയാണ് പലിശരഹിത വായ്പയായി ഇത് വഴി ലഭിക്കുക. ഇതുവരെ 615 അയല്‍ക്കൂട്ടങ്ങള്‍ വഴി 4943 പേര്‍ക്കാണ് തുക ലഭിച്ചത്. 40 കോടി 83 ലക്ഷം രൂപ നിലവില്‍ വിതരണം ചെയ്ത് കഴിഞ്ഞു. വായ്പ ലഭിക്കുന്നതിനായി നിരവധി അപേക്ഷകളാണ് അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ആദ്യം ഘട്ടം മുതല്‍ സിഡിഎസുകള്‍ക്ക് ലഭിച്ചത്. വായ്പയുടെ ഒമ്പത് ശതമാനം വരെയുള്ള പലിശ സര്‍ക്കാരാണ് വഹിക്കുന്നത്. 36 മുതല്‍ 48 മാസം വരെയാണ് വായ്പ തിരിച്ചടവ് കാലാവധി. 

ജില്ലയിലെ 1969 അയല്‍ക്കൂട്ടങ്ങളെയായിരുന്നു പ്രളയക്കെടുതി ബാധിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ ആശ്വാസ ധനസഹായമായ 10000 രൂപയ്ക്ക് അര്‍ഹരായ പ്രകൃതിക്ഷോഭബാധിത പ്രദേശങ്ങളിലെ കുടുംബശ്രീ അംഗമായ കുടുംബനാഥയ്ക്ക് ആണ് വായ്പയ്ക്ക് അര്‍ഹതയുണ്ടായിരുന്നത്. എന്നാല്‍,കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ക്ക് അവരുടെ തൊട്ടടുത്തുള്ള അയല്‍ക്കൂട്ടത്തില്‍ അംഗമായ ശേഷം വായ്പയ്ക്ക് അപേക്ഷിക്കാനുള്ള അവസരവുമുണ്ടായിരുന്നു. മാരാമണ്‍, നെടുമ്പ്രം, കോയിപ്രം സര്‍വീസ് സഹകരണ ബാങ്കുകള്‍, അയിരൂര്‍, പുറമറ്റം, വടശേരിക്കര, പെരുനാട്, കോന്നി എന്നിവിടങ്ങളില്‍ ജില്ലാ സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് പുറമറ്റം, വടശേരിക്കര ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളിലൂടെയാണ് വായ്പ വിതരണം നടത്തിയത്. 2018 ഡിസംബര്‍ 31 വരെയായിരുന്നു വായ്പയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധിയെങ്കിലും അപേക്ഷകരുടെ എണ്ണം പരിഗണിച്ച് ജനുവരി 31 വരെ കാലാവധി നീട്ടിയിട്ടുണ്ട്.                                                        (പിഎന്‍പി 237/19)

date