Skip to main content
കുടുംബശ്രീ ജെന്‍ഡര്‍ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച സ്വയംപഠന പ്രക്രിയയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിക്കുന്നു.

സാമൂഹിക സമത്വത്തിന് സ്ത്രീകള്‍ പോരാടണം:  മന്ത്രി എം.എം. മണി

രാജ്യം സ്വാതന്ത്ര്യം നേടി ദശകങ്ങളായിട്ടും സ്ത്രീകളുടെ പദവി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സമത്വത്തിനായി സ്ത്രീകള്‍ സമൂഹത്തിലേക്കിറങ്ങി പോരാടണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പുരുഷാധിപത്യ മനോഭാവം മേല്‍ക്കൈ നേടിയ സാമൂഹികക്രമങ്ങളില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീ സമൂഹം ഭരണഘടനാപരമായ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകണമെന്നും മന്ത്രി  പറഞ്ഞു.
കുടുംബശ്രീ ജെന്‍ഡര്‍ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച നാലാംഘട്ട സ്വയംപഠന പ്രക്രിയയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
സാമൂഹിക-സാമ്പത്തിക മേഖലകളില്‍ നിന്നും പുറന്തള്ളപ്പെട്ട സ്ത്രീകള്‍ക്ക് മുഖ്യധാരയില്‍ ഇടം കണ്ടെത്താന്‍  കുടുംബശ്രീയുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള സാമൂഹിക സമത്വം നടപ്പിലാക്കാനാണ് നാം ശ്രമിക്കേണ്ടത്. കാലങ്ങളായി പിന്തിരിപ്പന്‍ പ്രതിലോമകാരികള്‍ തുടര്‍ന്നു വന്നിരുന്ന സതിയെന്ന മനുഷ്യത്വ വിരുദ്ധമായ ആചാരം നമുക്ക് നിര്‍ത്തലാക്കാന്‍ സാധിച്ചത് സ്ത്രീ സമൂഹംകൂടി നടത്തിയ സമരപോരാട്ടങ്ങളിലൂടെയാണ്. അതേയവസരത്തില്‍ സതി നിലനിര്‍ത്തണമെന്നും ആചാരലംഘനം അനുവദിക്കുകയില്ലെന്നും പറഞ്ഞ് 71,000 സ്ത്രീകള്‍ അന്ന് തെരുവിലിറങ്ങിയത് നാം മറന്നുകൂടെന്നും മന്ത്രി പറഞ്ഞു. മാറു മറയ്ക്കാനും സ്വാഭാവിക ജീവിത സൗകര്യങ്ങള്‍ക്കുംവരെ സ്ത്രീകള്‍ക്ക് സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. കാലം ഒരുപാട് മാറിയെങ്കിലും ഇന്നും സ്ത്രീകളെ അബലകളായി കാണാനാണ് പുരുഷ മേധാവികള്‍ക്കിഷ്ടം. സാമൂഹിക സമത്വം നേടിയെടുക്കാന്‍ സ്ത്രീകളുടെ ശബ്ദം ഉയരേണ്ടതുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ അവരുടെ നീതിബോധത്തിനനുസരിച്ച് അവര്‍ക്കിഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റവും പോകാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

date