Skip to main content

പ്രവാസി കമ്മീഷന്‍ സിറ്റിങ്   എട്ട് പരാതികള്‍ തീര്‍പ്പാക്കി

 

 

കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി കമ്മീഷന്‍ സിറ്റിങില്‍ 16 പരാതികള്‍ ലഭിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട അഞ്ച് പരാതികളും നോര്‍ക്ക റൂട്‌സുമായി ബന്ധപ്പെട്ട മൂന്നു പരാതികളുമടക്കം എട്ടെണ്ണം പരിഹരിച്ചു. മറ്റു പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. വിദേശ തൊഴില്‍ദായകരില്‍ നിന്നും അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നില്ലെന്ന രണ്ടു പരാതികളും കമ്മീഷനു മുമ്പാകെ ലഭിച്ചു. 

പ്രവാസികളുമായി ബന്ധപ്പെട്ട് കോടതികളുടെ പരിഗണനയിലുളളതും കെട്ടിക്കിടക്കുന്നതുമായ കേസുകള്‍ കണ്ടെത്തി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അദാലത്ത് വഴി ശ്രമിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് പി. ഭവദാസന്‍ അറിയിച്ചു. കൂടുതല്‍ പരാതികളുണ്ടെങ്കില്‍ നേരിട്ടറിയിച്ചാല്‍ ജില്ലയില്‍ പ്രത്യേകം അദാലത്ത് നടത്താനും കമ്മീഷന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രേഖകളില്ലാതെ പ്രവാസികള്‍ പണം കടം നല്‍കി ചതിക്കപ്പെടുന്ന സംഭവങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദേശത്ത് പോകുന്നവര്‍ അപരിചിതരില്‍ നിന്നടക്കം പൊതി സ്വീകരിക്കുമ്പോള്‍ ചതിക്കയില്‍പ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 

വിദേശത്തു നിന്നും ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയ നോര്‍ക്കയില്‍ അംഗത്വമുള്ളവര്‍ക്ക് വായ്പാ സബ്‌സിഡിയും നോര്‍ക്ക നല്‍കുന്നുണ്ട്. തിരഞ്ഞെടുത്ത ബാങ്കുകള്‍ വഴിയും സ്ഥാപനങ്ങള്‍ വഴിയുമാണ് വായ്പ ലഭ്യമാക്കുന്നത്. 10 ലക്ഷം രൂപയ്ക്ക് ഒന്നര ലക്ഷം രൂപവരെയാണ് നിലവില്‍ നോര്‍ക്ക സബ്‌സിഡി നല്‍കുന്നത്. വീട്ടുജോലി, നഴ്‌സിങ് തൊഴില്‍മേഖലയിലെ അഭിമുഖങ്ങളില്‍ ജോബ്‌സ്‌നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്താല്‍ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിലാസം  www.jobsnorka.gov.in. സിറ്റിങില്‍ കമ്മീഷന്‍ അംഗം ആസാദ് തിരൂര്‍, മെമ്പര്‍ സെക്രട്ടറി എച്ച്. നിസാര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍. മധുസൂദനന്‍ പിള്ള, നോര്‍ക്ക റൂട്‌സ് പ്രതിനിധി ബി. ബാബുരാജന്‍, പ്രവാസി ക്ഷേമനിധി പ്രതിനിധി കെ. രാഗേഷ്, വിവിധ പ്രവാസി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date