Skip to main content

കൗമാര വിദ്യാഭ്യാസത്തിന് സുരക്ഷിതം പദ്ധതി ആരംഭിച്ചു

 

         ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 75 വിദ്യാലയങ്ങളില്‍ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സുരക്ഷിതം പദ്ധതിക്ക് തുടക്കമിട്ടു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെിക്കന്ററി വിദ്യാലയങ്ങളിലെ കൗമാരക്കാരായ കുട്ടികളെ കേന്ദ്രീകരിച്ചാണ് പദ്ധതി. വിവധ ജീവിത സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ നേരിടാവുന്ന വിവേചനങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കും  രക്ഷിതാക്കള്‍ക്കും ധാരണ വിപുലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും നിയമപരിരക്ഷയെക്കുറിച്ചുമുള്ള അവബോധം ഉറപ്പുവരുത്തുന്നതിനും വീട്ടിലും വിദ്യാലയത്തിലും വിവേചനരഹിതമായ അന്തരീക്ഷം ഉറപ്പുവരുത്തി ഗുണപരതയുള്ള കേന്ദ്രമായി ഓരോ വിദ്യാലയത്തെയും രൂപപ്പെടുത്തുന്നതിനും സുരക്ഷിതം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

         പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 75 വിദ്യാലയങ്ങളില്‍ നിന്നും രണ്ട് അധ്യാപകര്‍ക്കുവീതം രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കും. മൂന്ന് ബാച്ചുകളിലായി ഇവര്‍ക്ക് പരിശീലനം നടക്കും. 50 അധ്യാപകര്‍ക്കായി വള്ളംകുളം ഗവ.യു.പി.എസില്‍ നടന്ന ആദ്യ ബാച്ച് അധ്യാപക പരിശീലനം ജില്ലാപഞ്ചായത്തംഗം എസ്.വി സുബിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്.എസ് വള്ളിക്കോട് മുഖ്യ പ്രഭാഷണം നടത്തി. പുല്ലാട് ഉപജില്ല ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ സി.റ്റി.വിജയാനന്ദന്‍, ഡയറ്റ് ഫാക്കല്‍റ്റി റജിന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു.

         അധ്യാപക പരിശീലനത്തിന്റെ അടുത്ത രണ്ട് ബാച്ചുകള്‍ കോഴഞ്ചേരി, പത്തനംതിട്ട ബി.ആര്‍.സികളില്‍ നടക്കും. അധ്യാപക പരിശീലനത്തെത്തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട     സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്കും  കുട്ടികള്‍ക്കും  പരിശീലനം നേടിയ അധ്യാപകര്‍ക്കും വീടുകളിലും വിദ്യാലയത്തിലും പൊതുസമൂഹത്തിലും കുട്ടികള്‍ അനുഭവിക്കുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അധ്യാപകരെയും ഉത്തരവാദിത്തപ്പെട്ടവരെയും അറിയിക്കുന്നതിനായി സുരക്ഷിതം പെട്ടികള്‍ ഓരോ വിദ്യാലയത്തിലും സ്ഥാപിക്കും. രഹസ്യമായും മന:ശാസ്ത്രപരമായും പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ സ്‌കൂള്‍ മേലധികാരി മുഖേന നടപ്പാക്കും. ഫെബ്രുവരി അഞ്ചിന് മുമ്പ് ജില്ലയിലെ 75 സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും. ട്രെയിനര്‍മാരായ ഡി.ലേഖ., ബി.ശ്രീലേഖ, സി.ജി.പ്രസന്നകുമാരി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.           (പിഎന്‍പി 255/19)

date