Skip to main content

പത്തംകുളം -  വാണിയംകുളം റോഡ് നവീകരണം തുടങ്ങി വകുപ്പിലെ അഴിമതി ഇല്ലാതാക്കി നിര്‍മാണ പ്രവൃത്തികളില്‍ ലാഭം ഉണ്ടാക്കി -മന്ത്രി ജി. സുധാകരന്‍.

 

പൊതുമരാമത്ത് വകുപ്പിലെ അഴിമതി ഇല്ലാതാക്കി നിര്‍മാണ പ്രവൃത്തികളില്‍ സര്‍ക്കാരിന് കോടികളുടെ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞതായി പൊതുമരാമത്ത് -  രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പത്തംകുളം -  വാണിയംകുളം റോഡ് നവീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്തംകുളം ആല്‍ത്തറയില്‍ നടന്ന പരിപാടിയില്‍ പി.കെ. ശശി എം.എല്‍.എ അധ്യക്ഷനായി.
20 കോടി 56 ലക്ഷത്തിന് കരാര്‍ തയ്യാറാക്കിയ പത്തംകുളം- വാണിയംകുളം റോഡ് 17.36 കോടി രൂപയ്ക്കാണ് ടെന്‍ഡറായത്. കരാറുകാര്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം വളര്‍ത്താന്‍ ആയതും  നേട്ടമായി. അനുവദിച്ച തുക നിര്‍മാണപ്രവൃത്തികള്‍ക്ക് മാത്രം ഉപയോഗിക്കുന്ന നല്ല വ്യവസ്ഥ സംസ്ഥാനത്ത് വളരുകയാണെന്നും അന്താരാഷ്ട്ര നിലവാരത്തിലാണ് റോഡ് പണികള്‍ പൂര്‍ത്തിയാകുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്തിന്‍റെ എല്ലാ റോഡുകള്‍ക്കും റോഡ് മാര്‍കിങ്, രാത്രികാലം റോഡ് വ്യക്തമായി കാണാവുന്ന സംവിധാനങ്ങളും ഉറപ്പാക്കും. മികച്ച ഉദ്യോഗസ്ഥരെ നിര്‍മാണ ചുമതലയുടെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചത് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.ജി. വിശ്വപ്രകാശ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ശ്രീലേഖ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ശിവരാമന്‍,  വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.പ്രിയ,  അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ആര്‍ രഞ്ജിത്ത്,  ജില്ലാ പഞ്ചായത്ത് മെംബര്‍ സന്ധ്യ, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.

date