Skip to main content
സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷ പരിപാടിയുടെ ഭാഗമായി   കെ.എസ്.ബി. ഇ ഐ.ബിയില്‍ നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി എ.കെ ബാലന്‍ സംസാരിക്കുന്നു.

സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷം:  ജില്ലയില്‍ 110 പ്രവൃത്തികള്‍ ഉദ്ഘാടനത്തിനൊരുങ്ങി

 

    സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷ പരിപാടികള്‍ ഫെബ്രുവരി 20 മുതല്‍ 27 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ-സാംസ്ക്കാരിക- പാര്‍ലമെന്‍ററിക്കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20 വൈകീട്ട് നാലിന് വിക്ടോറിയ കോളജില്‍ നിന്നും വിളംബര ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വൈകീട്ട് 5.30ന് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാവും.
    സര്‍ക്കാരിന്‍റെ വികസന ക്ഷേമ പദ്ധതികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിവിധ വകുപ്പുകളുടെ 72 സ്റ്റാളുകളും  കുടുംബശ്രീയുടെ 40 സ്റ്റാളുകളുമായി 112 സ്റ്റാളുകളും  ഫുഡ് കോര്‍ട്ടുകളും ഒരുക്കും. ഫെബ്രുവരി 21 മുതല്‍ 26 വരെ എല്ലാ ദിവസവും 5.30 മുതല്‍ എഴ് വരെ വിദ്യാഭ്യാസം, പശ്ചാത്തലവികസനം, കൃഷി-പ്രകൃതി-വിഭവം-ജലസംരക്ഷണം, ആരോഗ്യം, ടൂറിസം വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. മന്ത്രിമാരായ കെ.ടി ജലീല്‍, കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും
    ഫെബ്രുവരി 20 വൈകിട്ട് ഏഴിന് സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഭാരത് ഭവന്‍റെ പരിപാടികളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗാനമേള, നൃത്തനാടകം, ഓട്ടം തുള്ളല്‍, നാടകം, നാടന്‍പാട്ട് എന്നിവയും നടക്കും. സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ എല്ലാ ജില്ലയിലും നിര്‍മിക്കുന്ന സാംസ്കാരിക സമുച്ചയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വി.ടി.ഭട്ടതിരിപ്പാട് സ്മാരക സാംസ്കാരിക സമുച്ചയത്തിന്‍റെ നിര്‍മാണോദ്ഘാടനം  ഫെബ്രവരി 24 വൈകിട്ട് 5.30 ന് മന്ത്രി എ.കെ ബാലന്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നിര്‍വഹിക്കും.
    ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്ത്യയിലാദ്യമായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം 'അപ്നാഘര്‍' ന്‍റെ ഉദ്ഘാടനം ഫെബ്രുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
    പ്രളയത്തില്‍വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണവകുപ്പിന്‍റെ 'കെയര്‍ ഹോം' പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഫെബ്രുവരി 26ന് ഉച്ചയ്ക്ക് 2.30 ന് സ്റ്റേഡിയം ഗ്രൗണ്ടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മുഖ്യമന്ത്രി വീഡിയോ  കോണ്‍ഫറന്‍സിലൂടെ തിരുവനന്തപുരത്ത് തത്സമയ ഉദ്ഘാടനം നിര്‍വഹിക്കും.
പരിപാടിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ 'അതിജീവനം' ഡോക്യുമെന്‍ററി ഫെസ്റ്റ് നടത്തും. ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ജില്ലയിലെ വിവിധ ഫിലിം സൊസൈറ്റികളുമായി സഹകരിച്ചാണ് ത്രിദിന ഫെസ്റ്റ് നടത്തുക. ഉദ്ഘാടന ചിത്രമായ 'പ്രളയശേഷം ഹൃദയപക്ഷം'ത്തിന് പുറമേ 15 ഡോക്യുമെന്‍ററികള്‍ പ്രദര്‍ശിപ്പിക്കും.
കെ.എസ്.ഇ.ബി ഐ.ബിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ല കലകടര്‍ ഡി.ബാലമുരളി, ജില്ലാ ഇന്‍ഫര്‍മേഷന്‍ വി.പി സുലഭ പങ്കെടുത്തു.

date