Skip to main content
 നീലേശ്വരം താലൂക്ക് ആശുപത്രിക്ക് സമീപം ഉദ്ഘാടനത്തിനൊരുങ്ങിയ ലഹരി മോചന ചികിത്സാ കേന്ദ്രം

ലഹരികളില്‍ നിന്നും വിമുക്തി നേടാന്‍ ഇനി ലഹരി മോചന ചികിത്സാ കേന്ദ്രം

സാമൂഹ്യവിരുദ്ധരുടെ പ്രലോഭനങ്ങള്‍ക്കിരയായി ലഹരിയുടെ ലോകത്തേക്ക് വഴി തെറ്റി പോകുന്ന യുവജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നീലേശ്വരത്ത് ലഹരി മോചന ചികിത്സാ കേന്ദ്രം പൂര്‍ണ്ണ സജ്ജമായി. ലഹരിക്കെതിരേ എക്‌സൈസ് വകുപ്പ് ആവിഷ്‌കരിച്ച വിമുക്തി പദ്ധതിയുടെ ഭാഗമായാണ് നീലേശ്വരം താലൂക്കാശുപത്രിക്ക് സമീപം ഡീ അഡിക്ഷന്‍ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ലഹരി ഉപയോഗം യുവാക്കളില്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കൃത്യമായ ചികിത്സ നല്‍കി അവരെ ആരോഗ്യകരമായ സാമൂഹിക ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുകയാണ് ചികിത്സാ കേന്ദ്രം കൊണ്ടുദ്ദേശിക്കുന്നത്. 

ചികിത്സാ കേന്ദ്രത്തിലെത്തുന്നവരെ പരിശോധിക്കാന്‍ ഔട്ട് പേഷ്യന്റ് (ഒ.പി) വിഭാഗം കഴിഞ്ഞ നവംബറില്‍ തന്നെ ആരംഭിച്ചിരുന്നെങ്കിലും കിടത്തി ചികിത്സിക്കുന്നതിനായുള്ള ഐപി വിഭാഗം ഇപ്പോഴാണ് പൂര്‍ണ സജ്ജമായത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി ലഹരി മോചന ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്യുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഡിവിഷന്‍ ഓഫീസ് മാനേജറുമായ ജോയ് ജോസഫ് പറഞ്ഞു.

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പോലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ അവരെ കുറ്റവാളികളായി സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നതിലുപരി സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചികിത്സാ കേന്ദ്രത്തില്‍ സൈക്യാട്രിസ്റ്റടക്കം മൂന്ന് ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരും മൂന്ന് സെക്യൂരിറ്റി ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. പത്ത് പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുണ്ട്. എക്‌സൈസ് റെയ്ഡുകളിലും മറ്റും പിടിയിലാകുന്ന ലഹരിക്കടിമയായവരെ ഇവിടെ ചികിത്സിക്കും. ലഹരിക്കെതിരേ സാമൂഹിക ക്രിയാത്മകമായ ചുവടുവയ്പുകള്‍, വിദ്യാഭ്യാസ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍,  മദ്യംമയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയവരെ തിരുത്തല്‍ പ്രക്രിയ,  ലഹരി ഉത്പന്നങ്ങളുടെ ലഭ്യതയും വിപണവും ഇല്ലാതാക്കല്‍, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങളാണ് വിമുക്തിയിലൂടെ വിഭാവനം ചെയ്തിട്ടുളളത്. ജനുവരിയില്‍ മാത്രം 150 ഓളം ബോധവല്‍ക്കരണ ക്യാംപെയിനുകളും മത്സര പരിപാടികളും എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയതായി പ്രിവന്റീവ് ഓഫീസര്‍ കെ.പി. ഗംഗാധരന്‍ പറഞ്ഞു. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും തീരദേശ മേഖലകളിലും ലഹരിക്കെതിരേ ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നതെന്നും ഉദ്യമത്തിന് ജനങ്ങളില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായി പാവനാടകം, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, കബഡി, വോളിബോള്‍, ഫുഡ്‌ബോള്‍ തുടങ്ങിയ കായിക മത്സരങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ലഹരിമുക്ത കേരളം സാക്ഷാത്കരിക്കാനായി സര്‍ക്കാര്‍  സ്‌കൂള്‍-കോളേജ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍, എസ്.പി.സി, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജ്ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി യുവജന മഹിളാ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

date