Skip to main content

ആയിരം ദിനാഘോഷം; ജില്ലാതല ഉദ്ഘാടനം നാളെ(ഫെബ്രു. 20) മെഗാ എക്സിബിഷൻ 20 മുതൽ 27 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ

 

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ(ഫെബ്രുവരി 20) വൈകീട്ട് 4.30ന് കണ്ണൂർ ടൗൺ സ്‌ക്വയറിൽ വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. 20 മുതൽ 27 വരെ നടക്കുന്ന മെഗാ എക്സിബിഷന്റെ ഉദ്ഘാടനവും വേദിയിൽ നടക്കും. വിവിധ സർക്കാർ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും ഒരുക്കുന്ന എക്സിബിഷനിൽ സർക്കാരിന്റെ വിവിധ വികസന-ക്ഷേമ പദ്ധതികൾ, വികസന നേട്ടങ്ങൾ തുടങ്ങിയ പ്രദർശിപ്പിക്കും. നൂറിലേറെ സ്റ്റാളുകളാണ് എക്‌സിബിഷനിൽ ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ ഉൾപ്പെടെയുള്ളവരുടെ വിപണന മേളയും ഫുഡ്കോർട്ടും എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 

ഉദ്ഘാടന ദിവസം വൈകുന്നേരം ആറിന് സിനിമാതാരം സ്‌നേഹ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, തുടർന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിവിധ കുടുംബശ്രീ യൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ അരങ്ങേറും. 21ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന അതിജീവനം- ഡോക്യുമന്ററി ഫെസ്റ്റിവൽ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ പ്രിയനന്ദനൻ മുഖ്യാതിഥിയാവും. വൈകീട്ട് ആറ് മണി മുതൽ നടക്കുന്ന റിനൈസൻസ് വിഷ്വൽ മ്യൂസിക്ക് നൈറ്റിൽ നവോത്ഥാനം, സ്വാതന്ത്ര്യ സമര പ്രക്ഷോഭം, പുരോഗമന കേരളം, നവകേരളം എന്നീ നാൾവഴികളിലൂടെ കടന്ന് പോകുന്ന ഗാന ദൃശ്യ വിരുന്നാണ് കാണികൾക്കായി ഒരുക്കിയിരിക്കുന്നത്. ഭാരത് ഭവന്റെ നേതൃത്വത്തിലാണ് പരിപാടി. 

22ന് വൈകീട്ട് ആറ് മണിക്ക് ഒഡീസി ഡാൻസും രാത്രി ഏഴിന് ഇശൽ നൈറ്റും അരങ്ങേറും. 23ന് വിനോദസഞ്ചാരം: കണ്ണൂരിന്റെ പുതിയ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ച 2.30ന് ശിക്ഷക് സദനിൽ നടക്കുന്ന സെമിനാർ ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് കഥകും രാത്രി ഏഴിന് ശ്രുതി കലാഭവൻ അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങിലെത്തും.

24ന് വൈകീട്ട് ആറിന് രാജസ്ഥാൻ കലാകാരന്മാരുടെ ഭവായി ഡാൻസും ബഡായി ബംഗ്ലാവ് ഫെയിം ആര്യയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റുമാണ് അരങ്ങിലെത്തുന്നത്. തുടർന്ന് ഷാഡോ ഡാൻസ്, എൽ.ഇ.ഡി ഡാൻസ് എന്നിവ ഉണ്ടാവും. 25ന് രാവിലെ 10 മണിക്ക് ഡിപിസി ഹാളിൽ നവകേരളം: നിർമിതിയിലെ നവീന സാങ്കേതികവിദ്യകൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പി കെ ശ്രീമതി ടീച്ചർ എം പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറ് മുതൽ ടി.പി വിവേക് അവതരിപ്പിക്കുന്ന സ്‌നേഹ ഗീതങ്ങൾ, 'നയാപൈസ' നാടകം എന്നിവയുമാണ് അരങ്ങേറുക.

26ന് വൈകിട്ട് അഞ്ചു മണിക്ക് ടൗൺ സ്‌ക്വയറിൽ നവോത്ഥാന സംഗമം നടക്കും. ശേഷം ആറ് മണിക്ക് ഫോക്ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും അരങ്ങേറും. പ്രശസ്ത പിന്നണി ഗായകൻ രതീഷ് കുമാർ പല്ലവി അവതരിപ്പിക്കുന്ന മധുര ഗീതങ്ങളാണ് 27ന് വൈകുന്നേരം അരങ്ങിലെത്തുക.  

 

date