Skip to main content

പെരിന്തല്‍മണ്ണയില്‍ ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റിന് ശിലയിട്ടു

പട്ടണത്തിന്റെ ഹൃദയഭാഗത്ത്  നിര്‍മ്മിക്കുന്ന ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തറക്കല്ലിട്ടു.  കേരളത്തിന്റെ നവോത്ഥാന നായകരി ലൊരാളും സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇ.എം.എസിന് ജ•ദേശമായ പെരിന്തല്‍മണ്ണയില്‍  ഉചിതമായ സ്മാരകം പണിയണമെന്ന് സ്പീക്കര്‍ പറഞ്ഞു.  എല്ലാവര്‍ക്കും വന്നിരിക്കാനും ഇടപഴകാനും പറ്റുന്ന സാസ്‌കാരിക ഇടമാക്കി അവയെ മാറ്റണം. വികസനത്തിന്റെ സമഗ്രത എല്ലാ തലത്തിലും തെളിയിച്ച് മുന്നേറുകയാണ് പെരിന്തല്‍മണ്ണ.  കാലത്തിന്റെ ആവശ്യകതകളോട് തദ്ദേശ സ്വയംഭരണ സ്ഥാപനം എങ്ങനെ ഉത്തരവാദിത്തം നിറവേറ്റും എന്നതിന് തെളിവാണ് പെരിന്തല്‍മണ്ണ നഗരസഭ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെന്നും  സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
നഗരസഭയുടെ രജതജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 38.5  കോടി രൂപയാണ് ചെലവ്. രണ്ടു ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റിന്റെ സെല്ലാര്‍ ഫ്‌ളോറിലും കെട്ടിടത്തിന് ചുറ്റിലുമായി 300 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള  സൗകര്യമുണ്ടാകും. ഗ്രൗണ്ട് ഫ്‌ളോറില്‍ ഇരുന്നൂറോളം ഷോപ്പ് റൂമുകളും നിര്‍മ്മിക്കും. നിലവിലുള്ള വ്യാപാരികളെ പുനരധിവസിപ്പിക്കാനായാണ് ഈ സ്ഥലം ഉപയോഗിക്കുക. ഒന്നാം നിലയില്‍ ആധുനിക രൂപത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റ്, ബ്രാന്‍ഡ് ഷോപ്പുകള്‍, എ.ടി.എം കൗണ്ടര്‍, മൊബൈല്‍ കിയോസ്‌കുകള്‍, ജെന്‍ഡ്‌സ് - കിഡ്‌സ് ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവയും, രണ്ടാം നിലയില്‍ 2 മള്‍ട്ടി പ്ലസ് തിയേറ്റര്‍, ലേഡീസ് ഷോപ്പുകള്‍, ലേഡീസ് ഫാന്‍സി ഷോപ്പുകള്‍, ലേഡീസ് ബ്യൂട്ടിപാര്‍ലര്‍, പ്ലെ ഏരിയ, ഫുഡ് കോര്‍ട്ട് എന്നീ സൗകര്യങ്ങളും നിര്‍മ്മിക്കും.
8 ലിഫ്റ്റും, 4 എസ്‌കുലേറ്റര്‍ സൗകര്യവും ഒരുക്കും.  60 ടോയ്‌ലറ്റ്, വിശ്രമകേന്ദ്രം എന്നിവയും ഉണ്ടാകും.  സി സി ടിവി, സെക്യൂരിറ്റി സിസ്റ്റം, ഖര-ദ്രവ മാലിന്യ സംസ് കരണ സംവിധാനം എന്നിവയും മാര്‍ക്കറ്റില്‍ സജ്ജീകരിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണച്ചുമതല. മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തി ആരംഭിച്ച്  2020 മെയ് മാസത്തോടെ മാര്‍ക്കറ്റ് പ്രവര്‍ത്തനസജ്ജമാകും.  
മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷനായി. എ.യു.എസ് കണ്‍സോര്‍ഷ്യം പ്രതിനിധി കെ.എസ് ബിനോദ് രൂപരേഖ അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എം .മുഹമ്മദ് സലീം, വൈസ് ചെയര്‍ പേഴ്‌സണ്‍ നിഷി അനില്‍രാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.സി മൊയ്തീന്‍ കുട്ടി, പി.ടി ശോഭന, പത്തത്ത് ആരിഫ്, കിഴിശ്ശേരി മുസ്തഫ, കൗണ്‍സിലര്‍ കിഴിശ്ശേരി വാപ്പു, വി രമേശന്‍, എം എം സക്കീര്‍ ഹുസൈന്‍, എസ് അബ്ദുള്‍ സജീം, എന്‍ പ്രസന്നകുമാര്‍, എം.കെ ശ്രീധരന്‍, എം ശങ്കരന്‍ കുട്ടി, എം ബാപ്പു , കെ.സുബ്രമണ്യന്‍, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എ.രതി  എന്നിവര്‍ സംസാരിച്ചു.

 

date