Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ആയിരം ദിനാഘോഷം: ടൂറിസം സെമിനാർ നാളെ(ഫെബ്രു.23)

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിനോദ സഞ്ചാരം കണ്ണൂരിന്റെ പുതിയ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ ഇന്ന്. ഉച്ചയ്ക്ക് 2.30 നു ശിക്ഷക് സദനിൽ ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. തുറമുഖ പുരവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. എ എൻ ഷംസീർ എം എൽ എ മുഖ്യാതിഥിയായിരിക്കും. ഉത്തരവാദ ടൂറിസം സ്റ്റേറ്റ് കോർഡിനേറ്റർ രൂപേഷ് കുമാർ സെമിനാർ വിഷയാവതരണം നടത്തും.

തുടർന്ന് വൈകുന്നേരം 6 മണിക്ക്  കണ്ണൂർ ടൗൺ സ്‌ക്വയറിൽ കഥക്, കലാഭവൻ സുധി  അവതരിപ്പിക്കുന്ന കോമഡി ഷോ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. ആഘോഷ പരിപാടികളോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും  സ്റ്റാളുകൾ ഉൾക്കൊള്ളിച്ചുള്ള എക്സിബിഷനും ടൗൺ സ്‌ക്വയറിൽ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ആയിരം ദിനാേഘാഷത്തിന്റെ എക്‌സിബിഷൻ സന്ദർശിച്ചു.

 

ഉത്തരവാദിത്ത ടൂറിസം: ശിൽപശാല നാളെ(ഫെബ്രുവരി 23)

ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ജില്ലയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതി ഉദ്ഘാടനവും ഏകദിന അവബോധ ശിൽപശാലയും നാളെ(ഫെബ്രുവരി 23) നടക്കും. പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. മുഖ്യമത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ,  ടൂറിസം ഡയറക്ടർ പി ബാലകിരൺ, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ രൂപേഷ് കുമാർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ധർ ക്ലാസെടുക്കും. ടൂറിസം സംരംഭകർക്കായുള്ള രജിസ്‌ട്രേഷനും ശിലൽപശാലയിൽ നടക്കും.

 

വാക്ക് ഇൻ ഇന്റർവ്യൂ

അഴീക്കോട്, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ ഒപ്‌റ്റോമെട്രിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.  യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 25 ന് രാവിലെ 11 മണിക്ക് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവർത്തന പരിചയ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.

 

ഓഫീസ് പ്രവർത്തനം തടസപ്പെടും

തലശ്ശേരി സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസ് നിലവിൽ പ്രവർത്തിക്കുന്ന വാടകകെട്ടിടത്തിൽ നിന്നും ചോനാടത്തെ കിൻഫ്ര പാർക്കിലേക്ക് ഫെബ്രുവരി 24 ന് മാറുന്നതിന്റെ ഭാഗമായി ഓഫീസ് ഫയലുകളും നെറ്റ് വർക്കുകളും മാറ്റുന്നതിനാൽ ഫെബ്രുവരി 23 മുതൽ 25 വരെ ഓഫീസ് പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടുമെന്ന് ജോയിന്റ് ആർ ടി ഒ അറിയിച്ചു.

 

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

    തോട്ടട ഗവ.ഐ ടി ഐ യിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.  എം എം വി ട്രേഡിലെ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ/ഓട്ടോമൊബൈലിൽ സ്‌പെഷ്യലൈസേഷനോടുകൂടിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത.  എൽ എം വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.  യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 25 ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.  ഫോൺ: 0497 2835183.

 

മന്ത്രി ഇ.പി ജയരാജൻ നാളെ(ഫെബ്രു. 23) ജില്ലയിൽ

മന്ത്രി ഇ.പി ജയരാജൻ നാളെ(ഫെബ്രു. 23) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഇൻവെസ്‌റ്റേഴ്‌സ് മീറ്റ്, 11 മണി മാങ്ങാട്ടിടം വനിതാ സഹകരണ സംഘം ഉദ്ഘാടനം, 11.30 മാങ്ങാട്ടിടം ആംബുലൻസ് ഫ്‌ളാഗ് ഓഫ്, 12.00 കൂർമ്പക്കാവ് ഓഡിറ്റോറിയം ഉദ്ഘാടനം, 3.00 മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ പാപ്പിനിശ്ശേരി പഞ്ചായത്തിന് അനുമോദനം, 4.00 അക്ഷരവീട് താക്കോൽദാനം താഴെ ചൊവ്വ, 5.00 വെള്ളിക്കീൽ ലൈബ്രറി ഉദ്ഘാടനം.

 

ഫെബ്രുവരി 24 ന്‌ വൈദ്യുതി മുടങ്ങും 

   മാടായി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബീച്ച് റോഡ്, റിഫായി പള്ളി, നീരൊഴുക്കുംചാൽ, ബാപ്പുട്ടികോർണർ, താഹപള്ളി, അബ്ബാസ് പീടിക ഭാഗങ്ങളിൽ ഫെബ്രുവരി 24 രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

വൈദ്യുതി മുടങ്ങും

  പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊവ്വപ്പുറം, ഹനുമാരമ്പലം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങര മുക്ക്, ശാസ്തനഗർ നാളെ(ഫെബ്രുവരി 23) രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുറവട്ടം, ഏൺടി, കക്കറ ടൗൺ, ചേപ്പാത്തോട്, കക്കറ ക്രഷർ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 23) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

 

വിവിപാറ്റ്, ഇ വി എം ബോധവത്കരണം

കണ്ണൂർ മണ്ഡലത്തിലെ 142 മുതൽ 149 വരെയുള്ള ബൂത്തുകളിലുള്ളവർക്ക് ഫെബ്രുവരി 23ന് വിവിപാറ്റ്, ഇ.വി.എം മെഷീനുകളുടെ പ്രവർത്തനം പരിചയപ്പെടുത്തുന്നു. ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബോധവത്കരണം. രാവിലെ ഒമ്പത് മണിക്ക് കുറുവ യു പി സ്‌കൂൾ, കടലായി എയ്ഡഡ് സൗത്ത് യു പി സ്‌കൂൾ. 11.30 തോട്ടട വെസ്റ്റ് യു പി സ്‌കൂൾ, കരാറിനകം നഴ്‌സറി സ്‌കൂൾ, കടലായി.

 

നവീന വായ്പാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം 25 ന്

സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നവീന വായ്പാ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 25 ന് വൈകിട്ട് 3.30 ന് ഡി പി സി ഹാളിൽ പി കെ ശ്രീമതി ടീച്ചർ എം പി നിർവഹിക്കും.  നവീന വായ്പാ പദ്ധതികളായ കുടുംബശ്രീ വായ്പ, കൃഷിഭൂമി വായ്പ, ഭവന നിർമാണ വായ്പ, ഭവന പുനരുദ്ധാരണ വായ്പ, പ്രവാസി  പുനരധിവാസ വായ്പ, സബ്‌സിഡിയോടുകൂടിയ വിദേശ തൊഴിൽ വായ്പ, സ്റ്റാർട്ട് അപ് വായ്പ എന്നിവയുടെയും ഗുണഭോക്താക്കളുടെ വായ്പാ വിതരണവും നടത്തും.  വിജയകരമായി കോർപ്പറേഷൻ വായ്പാ പദ്ധതികൾ വിനിയോഗിച്ച ഗുണഭോക്താക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ആദരിക്കും.

 

കിക്മയിൽ എം ബി എ സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം ബി എ 2019-21 ബാച്ചിലേക്ക് സ്‌പോട്ട്  അഡ്മിഷൻ നടത്തുന്നു.    അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതേവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം.  ഫെബ്രുവരി 25 ന് സൗത്ത് ബസാറിലുള്ള കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററിൽ രാവിലെ 10 മണി മുതൽ നടത്തുന്നതാണ്.

കേരള സർവകലാശാലയുടെയും എ ഐ സി ടി ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.  സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും എസ് സി/എസ് ടി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.  ഫോൺ: 8547618290, 9995302006.  

 

ലേലം ചെയ്യും

എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും കൊളച്ചേരി ഗ്രാമപഞ്ചായത്ത് പഴയ വി ഇ ഒ ഓഫീസ് കോമ്പൗണ്ടിൽ മുറിച്ചിട്ടതുമായ മാവ് മര കഷണങ്ങൾ മാർച്ച് രണ്ടിന് രാവിലെ 11 മണിക്ക് സ്ഥലത്ത് ലേലം ചെയ്യും.  ഫോൺ: 0497 2822496.

 

റേഷൻ കാർഡ് വിതരണം

പുതിയ റേഷൻ കാർഡിനായി പഞ്ചായത്ത്/സോണൽ ക്യാമ്പിൽ അപേക്ഷ നൽകിയവർക്ക് (ഓൺ ലൈൻ അക്ഷയ അപേക്ഷകൾ ഒഴികെ) കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ കാർഡ് വിതരണം ചെയ്യുന്നു. അപേക്ഷകർ ക്യാമ്പിൽ നിന്ന്        ലഭിച്ചിട്ടുളള ടോക്കണും നിലവിൽ പേരുകൾ ഉൾപ്പെട്ട റേഷൻ കാർഡും, കാർഡുകളുടെ വിലയും സഹിതം രാവിലെ 10.30 നും 4 മണിക്കും ഇടയിൽ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരായി കാർഡ്  കൈപ്പറ്റേണ്ടതാണ്.  അന്നേ ദിവസം റേഷൻ കാർഡ് സംബന്ധിച്ച മറ്റ് അപേക്ഷകൾ ഒന്നും  സ്വീകരിക്കുന്നതല്ല. തീയ്യതി, പഞ്ചായത്ത്/മുനിസിപ്പാലിറ്റി,  ടോക്കൺ നമ്പർ എന്ന ക്രമത്തിൽ.

മാർച്ച് രണ്ട് - എടക്കാട് - 3699 മുതൽ 3952 വരെ.  ആറിന് - പാപ്പിനിശ്ശേരി - 3953 മുതൽ 4164 വരെ. ഏഴിന് - എളയാവൂർ - 4165 മുതൽ 4378 വരെ.  എട്ടിന് - അഞ്ചരക്കണ്ടി- 4379 മുതൽ 4596 വരെ. 11 ന് ഏഴോം - 4597 മുതൽ 4759 വരെ.

 

ധർമ്മശാല-പറശ്ശിനിക്കടവ് സൗഹൃദവീഥി 

(ഒന്നാം ഘട്ടം) ഉദ്ഘാടനം നാളെ(ഫെബ്രു. 23) 

തളിപ്പറമ്പ് മണ്ഡലത്തിൽ  ധർമ്മശാല മുതൽ പറശ്ശിനിക്കടവ്  വരെയുള്ള റോഡ് കേരള വിനോദ സഞ്ചാരവകുപ്പ് നടപ്പിലാക്കുന്ന  സൗഹൃദവീഥി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരി 23 രാവിലെ 10  മണിക്ക് ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. ജെയിംസ് മാത്യു എംഎൽഎ അധ്യക്ഷത വഹിക്കും. 

മംഗലശ്ശേരി ബോട്ട്‌റേസ് പവലിയൻ, പഴയങ്ങാടി റിവർവ്യൂ പാർക്ക് ഉദ്ഘാടനം നാളെ(ഫെബ്രു. 23)  

വള്ളംകളി ആസ്വാദകരുടെ ചിരകാലാഭിലാഷമായ പട്ടുവം പഞ്ചായത്തി ലെ മംഗലശ്ശേരി ബോട്ട് റെയ്‌സ് പവലിയൻ, ഏഴോം പഞ്ചായത്തിലെ പഴയങ്ങാടി റിവർവ്യൂ പാർക്ക് എന്നിവ ഫെബ്രുവരി 23 രാവിലെ 11  മണിക്ക് ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ടി വി രാജേഷ് എം എൽ എ അധ്യക്ഷത വഹിക്കും. 

 

പാലക്കാട് സ്വാമിമഠം പാർക്ക് പ്രവൃത്തി   ഉദ്ഘാടനം 24 ന്  

കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ പാലക്കാട് സ്വാമി മഠത്തോട് ചേർന്ന് കേരള ടൂറിസം വകുപ്പ് നിർമ്മിക്കുന്ന പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 24 ന് രാവിലെ ഒമ്പത് മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അവർകൾ നിർവ്വഹിക്കുന്നു. മേയർ ഇ.പി ലത അധ്യക്ഷയാവും. 

 

പയ്യാമ്പലം ബീച്ച് പാർക്ക്, ഗസ്റ്റ് ഹൗസ് വാക്ക് വേ, 

അഡ്വഞ്ചർ പാർക്ക് പ്രവൃത്തി ഉദ്ഘാടനം 24ന് 

ചരിത്രമുറങ്ങുന്ന പയ്യാമ്പലം ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽസൗകര്യങ്ങൾ ഒരുക്കി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പയ്യാമ്പലം ബീച്ച് പാർക്ക്, പയ്യാമ്പലം ഗസ്റ്റ്ഹൗസ് വാക്ക് വെ എന്നിവയുടെ നവീകരണത്തിന്റെയും പുതുതായി രൂപകൽപന ചെയ്ത അഡ്വഞ്ചർ പാർക്കിന്റെയും പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 24ന് വൈകുന്നേരം അഞ്ച് മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. മേയർ ഇ.പി ലത അധ്യക്ഷയാവും. 

 

തുല്യതാ പഠനത്തിന് സമയമായി

സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാംതരം, ഏഴാംതരം തുല്യത കോഴ്‌സുകളിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫിബ്രവരി 25 ആണ്. ഓൺലൈനായാണ് രജിസ്‌ട്രേഷൻ. പഞ്ചായത്തുകളിലും, ബ്ലോക്ക് നഗരസഭ കോർപ്പറേഷൻ തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാകേന്ദ്രങ്ങൾ മുഖാന്തിരവും ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തുന്നതാണ്. നാലാംതരം തുല്യതയ്ക്ക് 6 മാസവും ഏഴാംതരത്തിന് 8 മാസവുമാണ് കാലാവധി. ഏഴാംതരം തുല്യത കോഴ്‌സ് വിജയിക്കുന്നവർക്ക്  സാക്ഷരതാ മിഷന്റെ പത്താംതരം തുല്യത കോഴ്‌സിന് ചേർന്ന് പഠിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന  ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിദ്യാകേന്ദ്രങ്ങളുമായോ ബന്ധപ്പെടുക. ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് :0497 2 707699 

.www.literacymissionkerala.org

date