Skip to main content

വയോജനങ്ങളുടെ അവകാശം ഔദാര്യമല്ല-സെമിനാര്‍

 

വയോജനങ്ങളുടെ അവകാശം ഔദാര്യമല്ലെന്നു 'വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം' സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനമേളയിലാണ് സാമൂഹികനീതി വകുപ്പും വനിതാ ശിശുവികസന വകുപ്പും ചേര്‍ന്നു സെമിനാര്‍ സംഘടിപ്പിച്ചത്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 40 ലക്ഷം വയോജനങ്ങളുണ്ട്. 2061 ല്‍ ഇതു 40 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 1982 ലെ വിയന്ന, 1991ലെ മാഡ്രിഡ് അന്താരാഷ്ട്ര കര്‍മപദ്ധതികളില്‍ വയോജനങ്ങളുടെ അവകാശങ്ങള്‍ കൃത്യമായി എഴുതപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് വയോജനങ്ങളോട് വിവേചനം, അവഗണന, പീഡനം എന്നിവ പാടില്ല. ആരോഗ്യം, തൊഴിലവസരങ്ങള്‍, തുല്യതാ പങ്കാളിത്തം, തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ പങ്കാളിത്തം എന്നിവ അവകാശങ്ങളാണ്. 

 

ഹെല്‍പ് ഏജ് ഇന്ത്യ എന്ന സംഘടന നടത്തിയ സര്‍വേയില്‍ 79 ശതമാനം വയോജനങ്ങള്‍ക്കും വീട്ടില്‍ ബഹുമാനം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. 69 ശതമാനം ആളുകള്‍ അവഗണിക്കപ്പെടുന്നു. 76 ശതമാനം പേരെ വാക്കുകളാലും 39 ശതമാനം വയോജനങ്ങളെ ശാരീരികമായും പീഡിപ്പിക്കുന്നു. 35 ശതമാനം ആളുകള്‍ ദിവസവും പീഡനത്തിന് ഇരയാക്കപ്പെടുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.  2007 ഡിസംബര്‍ 31നു പ്രാബല്യത്തില്‍ വന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്റ്റിനെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു. ഇതുപ്രകാരം മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്കെതിരേ ആര്‍.ഡി.ഒ ട്രൈബ്യൂണലില്‍ പരാതിപ്പെടാം. നിയമലംഘനം നടത്തുന്നവര്‍ക്ക് ഒരുമാസം ജയില്‍ശിക്ഷ ലഭിക്കും. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് മൂന്നുമാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. വയോജനക്ഷേമത്തിനുള്ള സംസ്ഥാന നയത്തെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ചയുയര്‍ന്നു. 

 

ജില്ലാ പ്രബേഷന്‍ ഓഫിസര്‍ അഷ്‌റഫ് കാവില്‍ വിഷയാവതരണം നടത്തി. എഡിഎം കെ അജീഷ് ഉദ്ഘാടനം ചെയ്തു. അവധിക്കാല പോറ്റിവളര്‍ത്തല്‍ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം-ആ താരകം സിഡി പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ പവിത്രന്‍ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ബാലതാരങ്ങളെ ചടങ്ങില്‍ ആദരിച്ചു. അങ്കണവാടി കുട്ടികളുടെയും സാമൂഹികനീതി വകുപ്പ് ജീവനക്കാരുടെയും കലാപരിപാടികളും അരങ്ങേറി. ലിംഗസമത്വവും സാമൂഹിക അവബോധവും, നാഷനല്‍ ന്യൂട്രിമിഷന്‍-ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും, ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍, സ്ത്രീയും നിയമങ്ങളും എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. ടി കെ ശിവരാമന്‍, പനമരം സിഡിപിഒ കാര്‍ത്തിക അന്ന തോമസ്, ലിസ, അഡ്വ. ജി ബബിത എന്നിവര്‍ ക്ലാസെടുത്തു. 

 

date