Skip to main content

സേവനങ്ങളും സുരക്ഷാ സംവിധാനങ്ങളും അടുത്തറിയാം; സ്വയരക്ഷയും പഠിക്കാം

** സ്ത്രീകള്‍ക്ക് സ്വയരക്ഷ അഭ്യാസമുറകള്‍ പരിശീലിക്കാം
** ദിവസേന ഡോഗ് ഷോ
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പോലീസ് വകുപ്പിന്റെ സ്റ്റാള്‍ വ്യത്യസ്തമാവുകയാണ്. പോലീസിന്റെ ഭാഗമായിരുന്ന പഴയ കാല ആയുധങ്ങളും ഉപകരണങ്ങളും ഒപ്പം അത്യാധുനിക സംവിധാനങ്ങളും ഇവിടെത്തുന്നവര്‍ക്ക് കാണാനാകും. പഴയതും പുതിയതുമായ തോക്കുകള്‍, വെടിയുണ്ടകള്‍, ടിയര്‍ഗ്യാസ്, ടിയര്‍ സ്‌മോക്ക് ഉപകരണങ്ങള്‍ എന്നിവ അടുത്തുകാണാനും അറിയാനും ഇവിടെ അവസരമുണ്ട്.
കുതിര പോലീസിന്റെയും പഴയകാല പോലീസുകാരുടെയും കമാന്‍ഡോകളുടെയും യൂണിഫോമുകള്‍, തുകല്‍ ഉത്പന്നങ്ങള്‍, സബ് ഇന്‍സ്‌പെക്ടറുടെ ടൂണിക്  യൂണിഫോം, ആശയ വിനിമയങ്ങള്‍ക്കായി ഉപയോഗിക്കുന്ന പുരാതനവും ആധുനികവുമായ വയര്‍ലെസ് ഉപകരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്.  ബോംബ് സ്‌ക്വാഡിന്റെ ഉപകരണങ്ങളുടെ പ്രദര്‍ശനവും വിവരാവതരണവും വിരലടയാള വിദഗ്ദരുടെ ചിത്രപ്രദര്‍ശനവും സ്റ്റാളിലുണ്ട്.
സ്ത്രീകള്‍ക്ക് സ്വയരക്ഷ അഭ്യാസമുറകള്‍ പരിശീലിക്കാനുള്ള സൗകര്യമാണ് മറ്റൊരാകര്‍ഷണം. സ്ത്രീ സുരക്ഷ ആപ്പുകള്‍ പരിചയപ്പെടാനും ഉപയോഗക്രമവും ഇവിടെ നിന്നറിയാം. ദിവസേന വൈകിട്ട് ആറിന് ഡോഗ് ഷോയും ഉണ്ട്.  
     (പി.ആര്‍.പി. 266/2019)

 

 

date