Skip to main content
ധര്‍മ്മടം മണ്ഡലം ഉത്തരവാദിത്ത ടൂറിസം പദ്ധതിയും ഏകദിന ശില്‍പശാലയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

 സാധ്യതകളും ആശയങ്ങളുമായി  ഉത്തരവാദിത്ത ടൂറിസം ശിൽപശാല

 

ടൂറിസം മേഖലയിൽ തദ്ദേശീയരുടെ വികസന സാധ്യതകൾ അവലോകനം ചെയ്ത് ഉത്തരവാദിത്ത ടൂറിസം ശില്പശാല .ഉത്തരവാദിത്ത ടുറിസം മിഷൻ, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ധർമ്മടം മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഉദ്ഘാടനവും ഏകദിന അവബോധ ശിൽപശാലയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ നടന്നത് ചർച്ചകളാണെങ്കിൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് കെ വി സുമേഷ് പറഞ്ഞു. 

ടൂറിസ്റ്റ് മേഖലയോടുള്ള അവഗണന ആ പ്രദേശത്തെ നാശത്തിലേക്ക് നയിക്കും. എന്നാൽ ഇത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലായതിന് ശേഷം ഇതിന് കാതലായ മാറ്റം വന്നു.ഇതോടൊപ്പം തദ്ദേശവാസികൾക്ക് നല്ല ഒരു വരുമാനമാർഗം കൂടിയായി ഇത് മാറിയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമായതോടുകൂടി രൂപപ്പെട്ട വിനോദ സഞ്ചാര സാധ്യത മികച്ചതാണ്. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

പാരിസ്ഥിതികവും സാമൂഹികവുമായ കോട്ടങ്ങളൊന്നും വരുത്താതെ ടൂറിസ്റ്റുകൾക്കും തദ്ദേശവാസികൾക്കും പരമാവധി പ്രയോജനം ലഭ്യമാക്കാനുള്ള സമഗ്രസമീപനമാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളത്. ഇതോടൊപ്പം ഉത്തരവാദിത്ത ടൂറിസം തദ്ദേശീയരുടെ  ജീവിതാവസ്ഥകളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുമരകത്തിന്റെ വിജയ മാതൃക പിൻതുടർന്നുകൊണ്ടാണ് കേരളത്തിലെ ഇതര ടൂറിസം കേന്ദ്രങ്ങളിലും ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. കരകൗശല നിർമ്മാണ വിദഗ്ദർ, ഹോംസ്റ്റേ നടത്തിപ്പുകാർ, കുടുംബശ്രീ യൂനിറ്റുകൾ, പരമ്പരാഗത വസ്തുക്കളുടെ ഉൽപാദകർ, ചെറുകിട ടൂറിസം സംരംഭകർ തുടങ്ങിയവരെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

പിണറായി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗീതമ്മ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച്  ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ കെ രൂപേഷ്,  ബിജി സേവ്യർ, ജില്ലാ കോ ഓർഡിനേറ്റർ സിബിൻ പി പോൾ എന്നിവർ ക്ലാസെടുത്തു. തുടർന്ന് ജില്ലയിലെ വിവിധ തദ്ദേശീയ യൂനിറ്റുകളുടെ രജിസ്‌ട്രേഷനും നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം സംരഭകർ തുടങ്ങിയ നിരവധി പേർ ശിൽപശാലയിൽ പങ്കെടുത്തു.

 

date