Skip to main content

അംഗപരിമിതര്‍ക്ക് വോട്ടു ചെയ്യാന്‍ വിപുലമായ സൗകര്യം ഒരുക്കും - ജില്ലാ കലക്ടര്‍

ലോകസഭാ തെരഞ്ഞെടുപ്പില്‍  വോട്ടവകാശം വിനിയോഗിക്കുവാന്‍ അംഗപരിമിതര്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.  കലക്ടറേറ്റില്‍  നടന്ന അംഗപരിമിതരുടെ വോട്ടവകാശ വിനിയോഗ യോഗത്തിലാണ്  കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.  അംഗപരിമിതര്‍ എത്തുന്ന ബൂത്തുകള്‍ അംഗപരിമിത സൗഹൃദ ബൂത്തുകളായി  പ്രഖ്യാപിക്കും.  വോട്ടുചെയ്യുന്നതിനായി പോളിങ് സ്റ്റേഷനുകളില്‍ എത്താന്‍ ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി വാഹന സൗകര്യവും വീല്‍ചെയര്‍, റാംപ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളും ഒരുക്കും. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ നോഡല്‍ ഓഫീസറായി അംഗപരിമിത വോട്ടവകാശ വിനിയോഗ പ്രവര്‍ത്തനം വിപുലപ്പെടുത്തും.  താലൂക്ക് തല നോഡല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.
ജില്ലയില്‍ നിലവില്‍ 18407 ഭിന്നശേഷിക്കാരാണുള്ളത്. ഇതില്‍ കാഴ്ചപരിമിതിയുള്ള 2991 പേരും 3572 സംസാര ശ്രവണ വൈകല്യമുള്ളവരും ഉള്‍പ്പെടും. ശാരീരിക വെല്ലുവിളി നേരിടുന്ന 10554 പേരും വോട്ടര്‍പട്ടികയിലുണ്ട്. മറ്റ് തരത്തിലുള്ള ഭിന്നശേഷിയുള്ള 1290 വോട്ടര്‍മാരുമുണ്ട്. ഇവര്‍ക്കെല്ലാം സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിനാവശ്യമായ സൗകര്യങ്ങളാണ് ജില്ലാഭരണകൂടം ഒരുക്കുന്നത്.

 

date