Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വൈദ്യുതി മുടങ്ങും

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മലപ്പട്ടം സെന്റര്‍, കുപ്പം, അടിച്ചേരി, പടപ്പക്കരി ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 20) രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് 5.30 വരെയും പെരുവളത്ത് പറമ്പ്, പറമ്പ് മടപ്പുര, പെട്രോള്‍ പമ്പ്, പൈസായി, പൈസായി ക്രഷര്‍, മാമാനം ഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ 11 മണിവരെയും വൈദ്യുതി മുടങ്ങും. 

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സെന്റ് ഫ്രാന്‍സിസ്, രാജന്‍പീടിക, ജെടിഎസ്, സ്വരാജ്, എയര്‍ട്ടല്‍ തോട്ടട, ആപ്കോ വെഹിക്കിള്‍, ഐടിഐ, ഗോള്‍ഡന്‍ എന്‍ക്ലെയ്വ് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 20) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചൈനക്ലേ, റെയില്‍വേ സ്റ്റേഷന്‍ പരിസരം, മാടായി തെരു, വെങ്ങര ഗേറ്റ് ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 20) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

11 കെ വി ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എരഞ്ഞോളി പാലം മുതല്‍ കൊളശ്ശേരി റോഡ് വരെയുള്ള ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 20) മുതല്‍ മാര്‍ച്ച് 23 വരെ പകല്‍ സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും. 

 

തെരഞ്ഞെടുപ്പ്; നിയമലംഘനങ്ങള്‍ അറിയിക്കാം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ചെലവ് പരാതി നിരീക്ഷണ സെല്ലിലെ 18004257084 (ടോള്‍ ഫ്രീ), 0497 2766650 എന്നീ നമ്പറില്‍ അറിയിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. 

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണമോ, പാരിതോഷികമോ മദ്യമോ മറ്റ് വസ്തുക്കളോ കൊടുക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഫ്‌ളയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകളും വീഡിയോ സര്‍വയലന്‍സ് ടീമുകളും രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 50000 രൂപയില്‍ കൂടുതല്‍ പണം വാഹനങ്ങളിലും മറ്റും കൊണ്ടുപോകുന്നവര്‍ അതിനുള്ള മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കേണ്ടതും പരിശോധന ടീമിന് ലഭ്യമാക്കേണ്ടതുമാണ്. രേഖകളില്ലാതെ കൂടുതല്‍ പണം കൈവശം വയ്ക്കുന്നത് കണ്ടെത്തിയാല്‍  പ്രസ്തുത തുക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടുന്നതും പണം കൈവശം വച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതുമായിരിക്കും. പരാതി നിരീക്ഷണ സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

 

വോട്ടര്‍ ബോധവല്‍ക്കരണം; 

പ്രചാരണ വാഹനം സന്ദര്‍ശനം

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക്് ഇ വി എം, വിവിപാറ്റ് മെഷീനുകള്‍ പരിചയപ്പെടുത്തുന്നതിനായി  ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഡെമോ വാഹനം ധര്‍മ്മടം നിയോജക മണ്ഡലം പരിധിയില്‍ മാര്‍ച്ച് 21, 22, 23 തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ പ്രചരണം നടത്തും. സമ്മതിദായകര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

പ്രചരണം നടത്തുന്ന സ്ഥലവും സമയവും: മാര്‍ച്ച് 21: ചാല ടൗണ്‍- 10 മണി, കാടാച്ചിറ ടൗണ്‍- 11.30, പെരളശ്ശേരി- 12.30, വെളളച്ചാല്‍- 2 മണി, ചക്കരക്കല്‍- 3 മണി, കാവിന്‍മൂല- 4 മണി, മാര്‍ച്ച് 22: അഞ്ചരക്കണ്ടി ടൗണ്‍- 10 മണി, വേങ്ങാട് അങ്ങാടി-  11.30, വേങ്ങാട് തെരു- 12.30, വാളാങ്കിച്ചാല്‍- 2 മണി, മമ്പറം-  3 മണി, കായലോട്-  4 മണി, മാര്‍ച്ച് 23: കാപ്പുമ്മല്‍- 10 മണി, പിണറായി-  11.30, ചിറക്കുനി-  12.30, മീത്തലെപ്പീടിക-  2 മണി, മുഴപ്പിലങ്ങാട് കുളം-  3 മണി, എടക്കാട് ടൗണ്‍-  4 മണി.

 

തെരഞ്ഞെടുപ്പ്; വീഡിയോ ചിത്രീകരണത്തിന് 

ക്വട്ടേഷന്‍ ക്ഷണിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം (ഏപ്രില്‍ 23) തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പോളിംഗ് ബൂത്തില്‍ നിന്നും തുടര്‍ച്ചയായി വീഡിയോ ചിത്രീകരണം നടത്തുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ ചുരുങ്ങിയത് 600 വീഡിയോ ക്യാമറകളും വീഡിയോഗ്രാഫര്‍മാരും ഉള്ളവരായിരിക്കണം. ക്വട്ടേഷനുകള്‍ മാര്‍ച്ച് 21 വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ചേമ്പറിലുള്ള ഡ്രോപ് ബോക്സില്‍ നിക്ഷേപിക്കണം. ഫോണ്‍. 0497 2709140.

 

ഹൈസ്‌കൂള്‍ അസിസ്റ്റന്റ് ഇന്റര്‍വ്യൂ 28 ന്

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഉറുദു) (ഇമ.േ ചീ. 090/2016) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 28 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂ മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഒ ടി ആര്‍ സര്‍ട്ടിഫിക്കറ്റും, അസ്സല്‍ പ്രമാണങ്ങളും സഹിതം രാവിലെ 11 മണിക്ക് എത്തിച്ചേരേണ്ടതാണ്. 

 

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്റര്‍വ്യൂ

ജില്ലയിലെ മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കക തസ്തികയുടെ (ഇമ.േചീ.571/16 & 137/15) തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 20, 21, 22, 27, 28 തീയതികളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂ മെമ്മോ, കെ ഫോം എന്നിവ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഒ ടി വി സര്‍ട്ടിഫിക്കറ്റും, അസ്സല്‍ പ്രമാണങ്ങളും സഹിതം അതത് ദിവസങ്ങളില്‍ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന സമയത്ത് ഓഫീസില്‍ ഹാജരാകണം.

 

വിചാരണ മാറ്റി

മാര്‍ച്ച് 20 ന് ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) കണ്ണൂര്‍ കലക്ടറേറ്റില്‍ വിചാരണക്ക് വച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ മെയ് 15 ന് 11 മണിയിലേക്ക് മാറ്റിവച്ചതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

 

നാളെ പ്രാണ്‍ രജിസ്ട്രേഷന്‍ ഇല്ല

പുതുതായി സര്‍വീസില്‍ വന്ന ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ പ്രാണ്‍ രജിസ്ട്രേഷന്‍ നാളെ(മാര്‍ച്ച് 20) ന് ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0497 2700683

 

വ്യാജ ചികിത്സകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ 

കര്‍ശന നടപടിയെടുക്കും

ജില്ലയില്‍ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനമില്ലാതെ 'ഫിസിയോതെറാപ്പി ക്ലിനിക്ക്' എന്ന ബോര്‍ഡ് വെച്ച് ചികിത്സ നടത്തുന്ന വര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഫിസിയോതെറാപ്പിയില്‍ ബിരുദം കരസ്ഥമാക്കിയവര്‍ മാത്രമേ ഫിസിയോതെറാപ്പിസ്റ്റ് എന്ന ലേബല്‍ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്യാന്‍ പാടുള്ളു.

അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ ചികിത്സ നടത്തുന്നത് രോഗ സങ്കീര്‍ണ്ണതകള്‍ക്കും മരണങ്ങള്‍ക്കും കാരണമാകാം. കൂടാതെ പകര്‍ച്ച വ്യാധികളടക്കമുള്ള രോഗങ്ങള്‍ യഥാസമയം കണ്ടെത്തുതിനും രോഗപ്പകര്‍ച്ച തടയുതിനാവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുതിനും ഇത് തടസ്സമാകും.

രോഗങ്ങള്‍ക്ക് ചികിത്സ തേടുതിനുമുമ്പ് ചികിത്സകരുടെ യോഗ്യതയെക്കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്മാരായിരിക്കണം. രോഗികളെ കബളിപ്പിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്ന വ്യാജചികിത്സകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു.

 

ലോക വദനാരോഗ്യ ദിനാചരണം: ജില്ലാതല ഉദ്ഘാടനം നാളെ

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക വദനാരോഗ്യ ദിനാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നാളെ(മാര്‍ച്ച് 20) രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഡെപ്യൂട്ടി ഡി എം ഒ ഡോ ഇ മോഹനന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ ഉദ്ഘാടനം ചെയ്യും നിര്‍വ്വഹിക്കും. ഡെപ്യൂട്ടി ഡി എം ഒ ഡോ കെ ടി രേഖ ദിനാചരണ സന്ദേശം നല്‍കും.

ബോധവല്‍ക്കരണ സെമിനാറില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓറല്‍ സര്‍ജന്‍ ഡോ. എന്‍ എസ് സജു, ജില്ലാ ആശുപത്രിയിലെ ഡെന്റല്‍ സര്‍ജന്‍ ഡോ. സി പി ഗീത എന്നിവര്‍ വിഷയാവതരണം നടത്തും. ജില്ലാ ആശുപത്രിയിലെ സീനിയര്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് കെ അജയ് കുമാര്‍ ബ്രഷിംഗ് ടെക്‌നിക്ക് ഡെമോസ്‌ട്രേഷനും നടത്തും. തുടര്‍ന്ന്് പുഞ്ചിരി മത്സരം, ക്വിസ് മത്സരം എന്നിവയും നടക്കും. വായയുടെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കൂ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

 

നികുതിയിളവ്, വിമുക്തഭടന്മാര്‍ സാക്ഷ്യപത്രം നല്‍കണം

നാറാത്ത് ഗ്രാമപഞ്ചായത്തിലെ വിമുക്തഭടന്മാരുടെയോ ഭാര്യയുടെയോ പേരിലുള്ള 2,000 ചതുരശ്ര അടിയില്‍ കുറവ് വിസ്തീര്‍ണ്ണമുള്ള വീടുകളുടെ നികുതി ഇളവിന് അര്‍ഹതയുള്ളവര്‍ 2019-20 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 നകം നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം ആവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. മാര്‍ച്ച് 31 ന് ശേഷം സാക്ഷ്യപത്രം ഹാജരാക്കുവര്‍ക്ക് നികുതി ഇളവിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

 

വിചാരണ മാറ്റി

കൂത്തുപറമ്പ ലാന്‍ഡ് ട്രിബ്യൂണലിലെ മാര്‍ച്ച് 20, 21 തീയതികളില്‍ നടത്താനിരുന്ന  പട്ടയ കേസുകളുടെ  വിചാരണ യഥാക്രമം മെയ് 18, 21 എന്നീ തീയതികളിലേക്ക് മാറ്റിവച്ചിരിക്കുന്നു.

date