Skip to main content

പൊതുതെരഞ്ഞെടുപ്പ് ബോധവത്ക്കരണവുമായി അട്ടപ്പാടിയില്‍ തെരുവുനാടകം

 

    പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്)ന്‍റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി മേഖലയില്‍  'എന്‍റെ വോട്ട് എന്‍റെ അവകാശം' എന്ന പേരില്‍ തെരുവുനാടകം സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തെരുവുനാടകം അട്ടപ്പാടി പുതൂര്‍ മുള്ളി ആല്‍ത്തറയില്‍ ആര്‍.ഡി.ഒ. ആര്‍.രേണു ഉദ്ഘാടനം ചെയ്തു. 
    രവി തൈക്കാടിന്‍റെ സംവിധാനത്തില്‍ രംഗശ്രീ പ്രവര്‍ത്തകരായ ലതമോഹനും സംഘവും അവതരിപ്പിച്ച  തെരുവുനാടകം വോട്ട് രേഖപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുകയായിരുന്നു. വോട്ടവകാശം പുരുഷന്‍റെതുമാത്രമല്ല സ്ത്രീയുടേതു കൂടിയാണെന്ന് നാടകം ഓര്‍മിപ്പിച്ചു. വോട്ടര്‍പട്ടികയില്‍ എങ്ങനെ പേര് ചേര്‍ക്കാമെന്നും, എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്, വോട്ട് ചെയ്യാന്‍ കരുതേണ്ട രേഖകള്‍,  വോട്ടര്‍പട്ടികയിലെ തെറ്റുകള്‍  എങ്ങനെ തിരുത്താം എന്നതിനെ സംബന്ധിച്ചും അക്ഷയകേന്ദ്രത്തിലൂടെ ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനെകുറിച്ചും  നാടകത്തിലൂടെ ബോധവത്ക്കരിച്ചു. ആരുടേയും നിര്‍ബന്ധത്തിനും സമ്മര്‍ദത്തിനും വഴങ്ങി വോട്ട് ചെയ്യരുതെന്നും നാടകം വ്യക്തമാക്കി. എലച്ചിവഴി കമ്മ്യൂണിറ്റി ഹാള്‍, ഗൂളിക്കടവ് എന്നിവിടങ്ങളിലാണ്  തെരുവുനാടകം അവതരിപ്പിച്ചത്. 
    നാടകത്തോട് അനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി.  ആല്‍ത്തറയില്‍ നടന്ന പരിപാടിയില്‍ഗോത്രവിഭാഗത്തില്‍പ്പെട്ട  23 പുരുഷന്മാരും 75 സ്ത്രീകളുമുള്‍പ്പെടെ 98 ഓളം പേര്‍ വോട്ടിങ് പരിശീലിക്കുകയും ഇരുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. റവന്യൂ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, പട്ടിക വര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്ന്(മാര്‍ച്ച് 23) നക്കുപ്പതി കോളനി, കോട്ടത്തറ, ഷോളയൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന അവതരണത്തോടെ പ്രചരണത്തിന് സമാപനമാവും. 

date