Skip to main content

തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങൾ പുറത്തിറക്കി

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട ചട്ടങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. ഉത്തരവ് കർശനമായി പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കിയിരിക്കുന്നതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഉള്ളടക്കങ്ങളോ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള അല്ലെങ്കിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പോസ്റ്റുകൾ അല്ലെങ്കിൽ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ വഴി ഉദ്യോഗസ്ഥർ പ്രചരിപ്പിക്കരുത്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ  കടുത്ത അച്ചടക്ക നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  സർക്കാർ ഉദ്യോഗസ്ഥർ തികഞ്ഞ നിഷ്പക്ഷത പാലിക്കണം. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായി വേണം പ്രവർത്തിക്കേണ്ടത്. എല്ലാ പാർട്ടികളോടും സ്ഥാനാർഥികളോടും തുല്യതയോടെയും നീതിബോധത്തോടെയും സുതാര്യതയോടെയും നിഷ്പക്ഷമായും സമീപിക്കണം. തിരഞ്ഞെടുപ്പിലെ  ഏതെങ്കിലും പാർട്ടിക്ക് അല്ലെങ്കിൽ സ്ഥാനാർത്ഥിക്ക് മാത്രം ഗുണകരമാകുമെന്ന് വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ഒരു പ്രവർത്തിയിലും സർക്കാർ ജീവനക്കാർ ഏർപ്പെടരുത.്. ഉദ്യോഗസ്ഥർ അവരുടെ പേര്, പദവി, അധികാരം എന്നിവ ഒരു പ്രത്യേക വ്യക്തിയെ സഹായിക്കുന്നതിനോ അല്ലെങ്കിൽ എതിർക്കുന്നതിനോ  ഒരു വിഭാഗത്തെ സഹായിക്കുന്നതിനോ എതിർക്കുന്നതിനോ ഉപയോഗിക്കാൻ പാടില്ല.  സർക്കാർ ഉദ്യോഗസ്ഥർ സ്വന്തമായി ഒരു തെരഞ്ഞെടുപ്പ് യോഗവും സംഘടിപ്പിക്കാൻ പാടില്ല. കൂടാതെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഔദ്യോഗികമായി പങ്കെടുക്കുകയും അരുത്.എന്നാൽ സുരക്ഷാകാര്യങ്ങളുമായോ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ ഇത് ബാധകമല്ല. സർക്കാർ ഉദ്യോഗസ്ഥർ  ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിലോ  രാഷ്ട്രീയത്തിൽ ഇടപെടുന്ന സംഘടനകളിലോ അംഗം ആകരുത്. കൂടാതെ എല്ലാവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥർ വിട്ടുനിൽക്കണം. ഉദ്യോഗസ്ഥർ വോട്ടുതേടാൻ പാടില്ല.  തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി ഏതെങ്കിലും തരത്തിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിനും വിലക്കുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ നിലവിലുള്ള അവരുടെ  പെരുമാറ്റ ചട്ടം , ക്രിമിനൽ പ്രൊസീജിയർ കോഡ്, 1951ലെ  ജനപ്രാതിനിധ്യ നിയമം എന്നിവർ ലംഘിക്കുവാൻ പാടില്ല എന്നും ഉത്തരവ് വ്യക്തമാക്കുന്നു.

date