Skip to main content

വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റും സജ്ജം; വോട്ടെടുപ്പ് നിരീക്ഷിക്കാന്‍ നൂറോളം പേര്‍

 

17-ാമത് ലോക്‌സഭ തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കുന്നതിന്  വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ ടീം സജ്ജമായി. നൂറോളം പേരടങ്ങിയ സംഘത്തെയാണ് കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വെബ്കാസ്റ്റിംഗ് വീഡിയോകള്‍ നിരീക്ഷിക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തുടങ്ങിയവര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ഏതെങ്കിലും രീതിയിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ വോട്ട് ചെയ്ത ആളുകളെ കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന രീതിയിലാവണം വെബ്കാസ്റ്റിംഗ് എന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. 

ഇന്ന് (വോട്ടിംഗ് ദിനത്തില്‍) നിരീക്ഷകരും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരും കണ്‍ട്രോള്‍ റൂം സന്ദര്‍ശിക്കുകയും വീഡിയോകള്‍ പരിശോധിക്കുകയും ചെയ്യും. 92 വ്യൂവിംഗ് സൂപ്പര്‍വൈസര്‍മാരും ബിഎസ്എന്‍എല്‍, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും കണ്‍ട്രോള്‍ റൂമിലുണ്ടാകും. കൂടാതെ 10 ശതമാനം പേരെ റിസര്‍വായും നിയമിച്ചിട്ടുണ്ട്. 20 ബൂത്തുകള്‍ക്ക് ഒരു കംപ്യൂട്ടര്‍ സ്‌ക്രീന്‍ എന്ന നിലയിലാണ് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ബൂത്തുകളിലും നടക്കുന്ന കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും തത്സമയം നിരീക്ഷിക്കാന്‍ സാധിക്കും. ഐകെഎമ്മിലെയും എന്‍ആര്‍ഇജിഎസിലെയും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരും ടെക്‌നീഷ്യന്മാരുമാണ് വീഡിയോ വ്യൂവിംഗ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വോട്ട് ചെയ്യാനെത്തുന്ന ഓരോ സമ്മതിദായകന്റെയും മുഖം കൃത്യമായി ചിത്രീകരിക്കുന്ന രീതിയിലാവും വെബ്കാസ്റ്റിംഗ്. 

അക്ഷയ മുഖേനയാണ് ഫീല്‍ഡ് തലത്തില്‍ വെബ്കാസ്റ്റിംഗ് ടീമിനെ നിയോഗിച്ചിരിക്കുന്നത്. ഓരോ പോളിംഗ് സ്റ്റേഷനുകളിലും ഒന്ന് വീതം ഫീല്‍ഡ് ഓപ്പറേറ്റര്‍മാരെ വെബ്കാസ്റ്റിംഗിനായി നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ  റിസര്‍വായി 50 ഓളം പേരെയും നിയമിച്ചിട്ടുണ്ട്. കൂടാതെ ഫീല്‍ഡ് തലത്തിലും ബിഎസ്എന്‍എല്‍, കെഎസ്ഇബി ജീവനക്കാരെയും വെബ്കാസ്റ്റിംഗ് സഹായത്തിനായി നിയോഗിച്ചിട്ടുണ്ട്. ഒരു നിയമസഭ മണ്ഡലത്തില്‍ രണ്ട് വാഹനങ്ങള്‍ എന്ന നിലയില്‍ 22 വാഹനങ്ങളും വെബ് കാസ്റ്റിംഗിനായി ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ ആകെയുള്ള 1857 ബൂത്തുകളില്‍ 1841 പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ബിഎസ്എന്‍എല്‍ കവറേജ് ലഭിക്കാത്തതിനെത്തുടര്‍ന്ന് വെബ്കാസ്റ്റിംഗ് സാധ്യമല്ലാത്ത 16 ബൂത്തുകളില്‍ പകരമായി ലൈവ് വീഡിയോ കവറേജിന് സംവിധാനമൊരുക്കിയിട്ടുണ്ട്.

 

date