Skip to main content

അദാലത്തിനെത്തിയ രേവമ്മയെയും മകനെയും കെയര്‍ ഹോമിലേക്ക് മാറ്റി

    രാജസ്ഥാന്‍ സ്വദേശിയില്‍ നിന്നും ഭീഷണി നേരിടുന്നു എന്ന പരാതിയുമായി അദാലത്തിലെത്തിയ രേവമ്മയെയും ഭിന്നശേഷിയുള്ള മകനെയും ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം സാമൂഹ്യനീതി വകുപ്പിന്‍റെ ചുമതലയില്‍ സംരക്ഷിക്കുന്നതിനായി മല്ലപ്പള്ളിയിലുള്ള ശാലേം കെയര്‍ഹോമിലേക്ക് മാറ്റി. രാജസ്ഥാനില്‍  സര്‍ക്കാര്‍ സര്‍വീസിലായിരുന്ന 60 വയസ്സുള്ള രേവമ്മ അയല്‍വാസിയായിരുന്ന അരവിന്ദ് ചൗധരിയുടെ ശല്യം സഹിക്കാനാവാതെയാണ് വോളന്‍ററി റിട്ടയര്‍മെന്‍റ് വാങ്ങി കേരളത്തിലെത്തിയതെന്ന് കളക്ടറോട് പറഞ്ഞു. ആദ്യം കോട്ടയത്ത് താമസമാക്കിയ ഇവര്‍ അരവിന്ദ് ചൗധരിയുടെ ശല്യം ഉണ്ടായതോടെ പല സ്ഥലങ്ങളില്‍ മാറി മാറി വീടെടുത്ത് 20 വയസ്സുള്ള മകനെയും കൊണ്ട് താമസിച്ചു. എന്നാല്‍ ഇവര്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം ഇയാളുടെ ശല്യം ഉണ്ടാകുന്നതായി പരാതിപ്പെട്ടു. ഇപ്പോള്‍ തിരുവല്ലയ്ക്ക് അടുത്ത് വാടക വീട്ടില്‍ കഴിയുന്ന ഇവരുടെ വീട്ടില്‍ രാത്രികാലങ്ങളില്‍ ഇയാളെത്തി മകനെയും തന്നെയും മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നു.     മാസം 20000 രൂപയോളം പെന്‍ഷന്‍ ലഭിക്കുന്ന ഇവരുടെ എടിഎം കാര്‍ഡും മറ്റാരുടെയോ കൈവശമാണെന്നും പിരിഞ്ഞു പോന്നപ്പോള്‍ ലഭിച്ച തുക നിക്ഷേപിച്ചിരുന്ന ബാങ്കില്‍ നിന്ന് ആരോ കൈക്കലാക്കി തുടങ്ങി നിരവധി പരാതികളാണ് ഇവര്‍ ഉന്നയിച്ചത്. തനിക്ക് സംരക്ഷണം നല്‍കാതെ അദാലത്തില്‍ നിന്നും പോകില്ല എന്ന് വാശിപിടിച്ച രേവമ്മയെയും മകനെയും അപ്പോള്‍തന്നെ സംരക്ഷണത്തിനായി അനാഥാലയത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.20 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകന്‍ കൂടെയുള്ളതിനാല്‍ ഇവരെ മഹിളാ മന്ദിരത്തില്‍ അയച്ചാല്‍  കുട്ടിയുടെ സംരക്ഷണം ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് ഇവരെ ശാലേം കെയര്‍ ഹോമിലേക്ക് മാറ്റിയത്. പരാതിക്കാരിയെയും മകനെയും ശല്യം ചെയ്യുന്നതായി പറയുന്നയാളെക്കുറിച്ചും പരാതിക്കാരിയെക്കുറിച്ചും അടിയന്തരമായി അന്വേഷണം നടത്തുവാനും ഇവര്‍ക്ക് ആവശ്യമായ പോലീസ് സംരക്ഷണം കെയര്‍ഹോമില്‍  നല്‍കാനും കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കി. സാമൂഹ്യനീതി വകുപ്പ് സിഡിപിഒയുടെ ചുമതലയില്‍ പോലീസ്, റവന്യു ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ ഇവരെ കെയര്‍ഹോമിലെത്തിച്ചു.
                                                (പിഎന്‍പി 3405/17) 

date