Skip to main content

വോട്ടെണ്ണല്‍ ദിനത്തില്‍ ജില്ലയില്‍ സുരക്ഷയൊരുക്കാന്‍  1706 പോലീസ് ഉദ്യോഗസ്ഥര്‍

 

 

വോട്ടെണ്ണല്‍ ദിവസം (മെയ് 23) ജില്ലയില്‍ സുരക്ഷയൊരുക്കാന്‍ 1706 പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ മുണ്ടൂര്‍ ആര്യാനെറ്റ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ മാത്രമല്ല ജില്ലയിലെ മുഴുവന്‍ പ്രശ്‌നബാധിത പ്രദേശങ്ങളിലും പോലീസ് പട്രോളിംഗും കര്‍ശന പരിശോധനയും ശക്തമാക്കി സുരക്ഷയൊരുക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ രണ്ട് ഡിവൈഎസ്പി, രണ്ട് ഐ.ഒ.പി, ഒമ്പത് എസ്.ഐ/എ.എസ്.ഐ, 90 സി.പി.ഓ എന്നിങ്ങനെ 102 പേരെയും പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടിക്കായി 142 എസ്.ഐ/എ.എസ്.ഐ, 884 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം 1026 പോലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. ഇതിന് പുറമെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 82 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കും. 

 

അക്രമം ഒഴിവാക്കാന്‍ കരുതല്‍ തടങ്കലില്‍ വെയ്ക്കാനും നിര്‍ദേശം

 

ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാഷ്ട്രീയ, വര്‍ഗീയ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി പ്രത്യേക നിരീക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അക്രമ സാധ്യത മുന്‍നിര്‍ത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും ജില്ലാ പോലീസ് മേധാവി അനുമതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പോളിങ് ദിവസത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായ പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന പാതകളില്‍ വാഹന പരിശോധനയും പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

 

പാര്‍ട്ടി- സംഘടനാ ഓഫീസുകള്‍ നിരീക്ഷണത്തില്‍

 

പ്രധാന പാര്‍ട്ടി ഓഫീസുകള്‍, രാഷ്ട്രീയ, തൊഴിലാളി, സര്‍വീസ് സംഘടന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കും. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷയൊരുക്കും. അക്രമ സംഭവങ്ങളുണ്ടാകുന്ന സ്ഥലത്ത് ഉടന്‍ എത്തിച്ചേരാവുന്ന രീതിയില്‍ പോലീസ് ആസ്ഥാനത്ത് ടിയര്‍ഗ്യാസ് ടീമിനെയും സജ്ജമാക്കും. വോട്ടെണ്ണലിനുശേഷം വിജയിച്ച പാര്‍ട്ടികള്‍ നടത്തുന്ന പ്രകടന ജാഥകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ പോലീസ് സേനയെ വിന്യസിക്കും. അതത് സ്റ്റേഷന്‍ പരിധിയിലുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ച് സമാധാന അന്തരീക്ഷം ഉറപ്പുവരുത്താനുള്ള സഹകരണം ആവശ്യപ്പെടാനും സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസര്‍മാര്‍ക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കും. സൂക്ഷ്മനിരീക്ഷണം നടത്താനും ചെറിയ സംഭവങ്ങളില്‍ പോലും അതീവ ജാഗ്രത പുലര്‍ത്താനും വോട്ടെണ്ണലിന് മുന്നോടിയായി വാഹനങ്ങളിലും ലോഡ്ജുകളിലും പ്രത്യേക ചെക്കിംഗ് നടത്താനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

date