Skip to main content

കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിലും സീറോ വേയ്സ്റ്റ് മലപ്പുറം പദ്ധതി നടപ്പാക്കുന്നു ലക്ഷ്യം സമ്പൂര്‍ണ്ണ മാലിന്യനിര്‍മ്മാര്‍ജ്ജനം

 

കാലിക്കറ്റ് സര്‍വ്വകലാശാല ഓഫീസുകളിലെയും പഠനവിഭാഗങ്ങളിലെയും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാനും ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റാനും ലക്ഷ്യമിട്ട് സീറോ വേയ്സ്റ്റ് മലപ്പുറം പദ്ധതി വ്യാപിപ്പിക്കുന്നു. ഗ്രീന്‍പ്രോട്ടോകോള്‍ പാലിക്കുന്നതിന് ഓഫീസുകളുടെ നിര്‍വ്വഹണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും പഠനവിഭാഗം മേധാവികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയാണ് സീറോ വേയ്സ്റ്റ് പദ്ധതി സര്‍വ്വകലാശാല ക്യാമ്പസില്‍ നടപ്പാക്കുന്നത്. സീറോ വേയ്സ്റ്റ് മലപ്പുറം കോര്‍ഡിനേറ്റര്‍ മുഹമ്മദ് റസീന്റെ നേത്യത്വത്തില്‍ കഴിഞ്ഞ രണ്ട് മാസം മുമ്പാണ് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ പദ്ധതി നടപ്പാക്കുന്നതിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയത്. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ആദ്യഘട്ടത്തില്‍ ഓഫീസുകളുടെ നിര്‍വ്വഹണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും പഠനവിഭാഗം മേധാവികള്‍ക്കും കൈമാറിയിരുന്നു. ക്യാമ്പസില്‍ ഗ്രീന്‍പ്രോട്ടോകോള്‍ പൂര്‍ണമായും നടപ്പാക്കിയതിന് ശേഷം മാത്രമേ പ്ലാസ്റ്റിക്-പേപ്പര്‍ പാഴ് വസ്തുക്കള്‍ ശേഖരിക്കു.
ഇതുപ്രകാരം വൈസ് ചാന്‍സലര്‍ കെ.മുഹമ്മദ് ബഷീര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ: പി മോഹനനും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കി. തുടര്‍ന്ന് പാഴ് വസ്തുക്കള്‍ ശേഖരിച്ച് സംഭരിക്കുന്നതിനായി ക്യാമ്പസില്‍ തന്നെ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററും അനുവദിച്ചു. ഗ്രീന്‍പ്രോട്ടോകോള്‍ ഓഫീസറായി നിയോഗിക്കപ്പെട്ട പഠനവിഭാഗം മേധാവികളെയും ഓഫീസുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെയും പ്രാരംഭഘട്ടത്തില്‍ നേരില്‍കണ്ട് പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും സീറോ വേയ്സ്റ്റ് മലപ്പുറം കോര്‍ഡിനേറ്റര്‍ ബോധ്യപ്പെടുത്തിയതിന് ശേഷം പഠനവിഭാഗങ്ങളുടെയും ഓഫീസുകളുടെയും കെട്ടിട പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരിക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഭക്ഷണ അവശിഷ്ടങ്ങള്‍ എയ്റോബിക് ബയോബിന്നിലാക്കി ജൈവവളമാക്കാനാണ് തീരുമാനം. ക്യാമ്പസിലെ ഹോസ്റ്റലുകളില്‍ നിന്നുള്ള ഭക്ഷ്യഅവശിഷ്ടങ്ങള്‍ ജൈവ വളമാക്കി മാറ്റാനും സംവിധാനമുണ്ടാകും. ഇതുരണ്ടാംഘട്ടമായി ഒരു മാസത്തിനകം നടപ്പാക്കും.
 പഠനവിഭാഗങ്ങളില്‍ നിന്നുള്ള പാഴ് വസ്തുക്കള്‍ മാസത്തിലൊരിക്കലാണ് ശേഖരിക്കുക. അതേസമയം ഭരണകാര്യാലയം, പരീക്ഷാഭവന്‍, ടാഗോര്‍ നികേതന്‍ എന്നിവിടങ്ങളില്‍ നിന്ന് ആഴ്ചയിലൊരിക്കല്‍ ശേഖരിക്കാനാണ് തീരുമാനം. ഇവ  പുന;ചംക്രമണത്തിനായി കൈമാറും. എയ്റോബിക് ബയോബിന്നിലൂടെ ലഭിക്കുന്ന ജൈവവളം ഉത്പാദിപ്പിക്കപ്പടുന്ന ഇടങ്ങളില്‍ ചെടികള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കുമായി ഉപയോഗിക്കും. പ്ലാസ്റ്റിക്കുകളും കടലാസുകളും ശേഖരിച്ചുവയ്ക്കാന്‍ സര്‍വ്വകലാശാലയിലെ ഓഫീസുകളിലും പഠനവിഭാഗങ്ങളിലും പദ്ധതിപ്രകാരം ചാക്കുകള്‍ നല്‍കിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് സീറോ വേയ്സ്റ്റ് മലപ്പുറം പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായത്. ജില്ലയിലെ എല്ലാ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിലും നടപ്പാക്കുന്നത്. സര്‍വ്വകലാശാലയിലെ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന്

സര്‍വ്വകലാശാല ഗ്രീന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ: ജോണ്‍ .ഇ. തോപ്പില്‍ ഫോണ്‍: 9847767193, ലൈഫ് സയന്‍സ് പഠനവിഭാഗം അധ്യാപകന്‍ ഡോ: ഇ ശ്രീകുമാരന്‍ ഫോണ്‍: 9539254721, സീറോ വേയ്സ്റ്റ് മലപ്പുറം കോര്‍ഡിനേറ്റര്‍ മുഹമ്മദ് റസീന്‍ ഫോണ്‍: 9037991411 എന്നിവരെ ബന്ധപ്പെടാം.

 

date