Skip to main content

വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

കാത്തിരിപ്പിന്റെ ദിനങ്ങള്‍ക്ക് വിരാമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഗ്രാമ-നഗര ഭേദമന്യേ  എവിടെയും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. വോട്ടെണ്ണുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരായ കൗണ്ടിങ് സൂപ്രവൈസര്‍മാര്‍ക്കും കൗണ്ടിങ് അസിസ്റ്റന്റുമാര്‍ക്കും ടെക്‌നിക്കല്‍ ടീമിനും പരിശീലനം നല്കി. മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം ഇന്ന്(21) രാവിലെ 9.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കും.
  വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ്  ആന്റ് സയന്‍സ് കോളേജില്‍ മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങള്‍ക്കായി  14 വീതം കൗണ്ടിങ് ടേബിളുകളാണ് ഒരുക്കിയിരിക്കുന്നത്. ഉദുമയ്ക്ക് 10, തൃക്കരിപ്പൂരിന് 13, പയ്യന്നൂരിനും കല്യാശ്ശേരിക്കും 12 വീതം ടേബിളുകളുമാണുള്ളത്.ഓരോ നിയോജകമണ്ഡലത്തിലെയും ടേബിളുകളുടെ നിരീക്ഷണ ചുമതല അതത് ഉപവരണാധികാരികള്‍ക്ക് ആയിരിക്കും. ഓരോ കൗണ്ടിങ് ടേബിളിലും  കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍,  കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ ഉണ്ടായിരിക്കും. മൈക്രോ ഒബ്‌സര്‍വറുടെ നിരീക്ഷണത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റുമായിരിക്കും ഓരോ ടേബിളിലേയും വോട്ടുകള്‍ എണ്ണുക. ഓരോ കൗണ്ടിങ്  ടേബിളിന് കീഴിലും അതത്  സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ ഉണ്ടായിരിക്കും. 
പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് എണ്ണുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ആറ് എ ആര്‍ ഒ മാരെയും നിയോഗിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ്  പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ (ഇടിപിബിഎസ്),സ്‌കാന്‍ ചെയ്ത് വോട്ടെണ്ണുന്നതിന് സജ്ജമാക്കമാക്കുന്നതിന് 16 ടേബിളുകളും ഒരുക്കിയിട്ടുണ്ട്. ഇതിനായി 16 ഡെപ്യുട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും ടെക്‌നിക്കല്‍ ടീമിനേയും നിയോഗിച്ചിട്ടുണ്ട്്.
ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളെ തെരഞ്ഞെടുത്ത്,ഈ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിങ് മെഷിനിലെ ഫലവുമായി ഒത്തുനോക്കും.വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരണാധികാരിക്കും ജനറല്‍ ഒബ്‌സര്‍വര്‍ക്കും ഒപ്പമാകും സ്ഥാനാര്‍ഥികളും ഇരിക്കുന്നത്.
 

date