Skip to main content

വോട്ടെണ്ണല്‍ എട്ടിന് തുടങ്ങും; ആദ്യം ലഭിക്കുക ഇവിഎം ഫലങ്ങള്‍  

 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ ഇന്ന് (23) രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെതന്നെ ലീഡ് നില വ്യക്തമാകുമെങ്കിലും വിവി പാറ്റുകള്‍കൂടി എണ്ണുന്നതിനാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വൈകുന്നേരത്തോടെയേ ഉണ്ടാകൂ. ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രം ഇന്ന് (23) പുലര്‍ച്ചെ അഞ്ചു മുതല്‍ സജീവമാകും. രാവിലെ അഞ്ചിനാണ് വോട്ടെണ്ണലിനുള്ള ഉദേ്യാഗസ്ഥരുടെ മൂന്നാംഘട്ട തരംതിരിക്കല്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും ഇതിന് മുന്നേ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തും. 

പോസ്റ്റല്‍ ബാലറ്റിനൊപ്പം ആറ് നിയസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. അതുകൊണ്ടുതന്നെ പോസ്റ്റല്‍ വോട്ട് ഫലം പുറത്തുവരുന്നതിനും മുന്നേ ഇവിഎമ്മിലെ ആദ്യറൗണ്ടുകളിലെ ഫലം പുറത്തുവന്നിരിക്കും. അതേസമയം തപാല്‍ വോട്ടുകളും ഇ.റ്റി.പി.ബി.എസ് വോട്ടുകളും എണ്ണി തീരുന്നതുവരെ ഇ.വി.എം വോട്ടുകളുടെ അവസാന റൗണ്ടിന്റെ ഫലം പ്രഖ്യാപിക്കുകയില്ല. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങി അര മണിക്കൂറിനുശേഷമേ അവശേഷിക്കുന്ന നിയമസഭാമണ്ഡലത്തിലെ വോട്ട് എണ്ണിത്തുടങ്ങൂ. ഏത് നിയമസഭാമണ്ഡലമാണ് വൈകി എണ്ണുന്നത് എന്നകാര്യം ഇന്ന് (23) രാവിലെ മാത്രമേ തീരുമാനിക്കൂ. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിക്കാന്‍ കളക്ടറേറ്റില്‍നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ബസുകളിലായാണ് ഇവരെ ചെന്നീര്‍ക്കര കെ.വിയിലേക്കും തിരിച്ച് കളക്ടറേറ്റിലേക്കും അവിടെനിന്നും ബസ് സ്റ്റാന്‍ഡിലേക്കും എത്തിക്കുക. കൗണ്ടിംഗ് ഹാളിന്റെ മെയിന്‍ ഗേറ്റില്‍ നിന്നും ഇരു വശത്തേക്കും 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെടസ്ട്രിയന്‍ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹനങ്ങള്‍ ഒന്നും കടത്തി വിടില്ല. 100 മീറ്ററിന് അപ്പുറം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. 

കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിങ്ങനെ ഏഴ് മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ നടുമുറ്റത്ത് പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഏഴ് വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് നടക്കുന്നത്. കൂടാതെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഹാളില്‍ ഏഴ് എണ്ണല്‍ ടേബിളുകളും ഒരു വരണാധികാരിയുടെ ടേബിളും ക്രമീകരിച്ചിട്ടുണ്ട്. ഇറ്റിപിബിഎസ് ക്യു ആര്‍ കോഡ് സ്‌ക്യാനിംഗ് 14 മേശകളിലുമായി നടക്കും.              (ഇലക്ഷന്‍: 279/19)

date