Skip to main content

​​​​​​​കണ്ണൂര്‍ കാഴ്ചകളിലേക്ക് വാതില്‍ തുറന്ന് കലക്ടറുടെ പ്രൊമോ വീഡിയോ

കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ പ്രൊമോഷനല്‍ വീഡിയോ. അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമായതോടെ കണ്ണൂരിന് തുറന്നുകിട്ടിയ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കലക്ടര്‍ തന്നെ സംവിധാനം നിര്‍വഹിച്ച് പരസ്യ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. 
ജില്ലയിലെ വിശാലമായ കടല്‍ത്തീരങ്ങള്‍, ഇടതൂര്‍ന്ന് നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍, മനോഹരമായ കായലുകള്‍, സമ്പന്നമായ ചരിത്ര-പൈതൃകങ്ങള്‍, കൊതിയൂറും ഭക്ഷണങ്ങള്‍ തുടങ്ങി സന്ദര്‍ശകരുടെ കണ്ണും മനസ്സും കുളിര്‍പ്പിക്കുന്ന അനുഭവങ്ങള്‍ മനോഹരമായി ചിത്രീകരിക്കുന്നതാണ് രണ്ടു മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ. കൗമാരക്കാരന്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ, ഡിടിപിസി ചെയര്‍മാന്‍ കൂടിയായ മീര്‍ മുഹമ്മദലിയുടെ ആദ്യത്തെ സംവിധാന സംരംഭം കൂടിയാണ്. 
മലയാളത്തിനു പുറമെ, ഹിന്ദി, ഇംഗ്ലീഷ്, അറബി, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലേക്ക് പരസ്യവീഡിയോ ഡബ്ബ് ചെയ്തിട്ടുണ്ട്. കണ്ണൂരിനെ കുറിച്ചുള്ള ടൂറിസം വീഡിയോ വിവിധ ഭാഷകളില്‍ തയ്യാറാക്കുന്നത് ഇതാദ്യമായാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ കണ്ണൂരിന്റെ കാഴ്ചകള്‍ ലോകത്തെമ്പാടും എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ കലക്ടര്‍. ശുചിത്വമിഷന്‍ ഡയറക്ടറായി സ്ഥലം മാറിപ്പോവുന്ന ജില്ലാ കലക്ടര്‍ കണ്ണൂരിന് നല്‍കുന്ന സമ്മാനം കൂടിയാണീ ചിത്രം. 
ഏഴാം ക്ലാസ് വിദ്യാര്‍ഥി ശിവയാണ് പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അന്‍ഷാദ് കരുവഞ്ചാല്‍ പ്രൊജക്ട് ഡിസൈനറും ജിതീഷ് ജോസ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുമാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ചിത്രം നിര്‍മിച്ചത്.
കണ്ണൂരിന്റെ കാഴ്ചകള്‍ പരിചയപ്പെടുത്തിയ ശേഷം, 'അപ്പൊ പിന്നെന്താ കാത്തിരിക്കുന്നത്? വേഗം പറന്നു വരൂ' എന്റെ കണ്ണൂരിലേക്ക് എന്നു പറഞ്ഞാണ് ചിത്രം അവസാനിക്കുന്നത്. നാളെ (ജൂണ്‍ 19) രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പരസ്യ ചിത്രം പ്രകാശനം ചെയ്യും. 
പി എന്‍ സി/2019/2019
 

date