Skip to main content

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം: പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിര്‍ദേശം

ഃ മെക്കാഡം ടാറിംഗ് പ്രവൃത്തികളുമായി പരിശോധനകള്‍ക്ക്  നാറ്റ്പാക്കിനെ ചുമതലപ്പെടുത്തും
ഃ 43 സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും; 1.30 കോടി രൂപയുടെ പദ്ധതി
ഃ 40 സ്‌കൂളുകളില്‍ ശുദ്ധമായ കുടിവെളളത്തിന് വാട്ടര്‍പ്യൂരിഫയര്‍  
2017-18 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണമായ അവലോകനം ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നടത്തി. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനുളള സത്വര നടപടികളെടുക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി.  2018-19 വര്‍ഷത്തേക്കുളള പദ്ധതി പ്രവത്തനങ്ങളുടെ ഭാഗമായി വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടേയും, ആസൂത്രണ സമിതിയുടേയും പുന:സംഘടന യോഗം അംഗീകരിച്ചു.  ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാറിനെ പ്ലാന്‍ കോ-ഓര്‍ഡിനേറ്ററായും, അസിസ്റ്റന്റ് പ്ലാന്‍ കോ-ഓര്‍ഡിനേറ്ററായി ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എം.എം ഷംനാദിനേയും തിരഞ്ഞെടുത്തു.  
ജില്ലാ പഞ്ചായത്തില്‍ രാജീവ് ഗാന്ധി പഞ്ചായത്ത് സശാക്തീകര അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിക്കുന്ന വെര്‍ച്വര്‍ ക്ലാസ്സ് റൂം ഓഫീസ് കെട്ടിടത്തിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന അനക്‌സ് ഹാളില്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചു.  ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് മീറ്റിംഗുകളും, ക്ലാസുകളും നടത്തുന്നതിന് മികച്ച സൗകര്യമൊരുക്കാന്‍ ഇതിലൂടെ സാധിക്കും. 
2017-18 വാര്‍ഷിക പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയ റോഡുകളായ വിദ്യാനഗര്‍-നീര്‍ച്ചാല്‍-മുണ്ട്യത്തടുക്ക, മൂന്നാംമൈല്‍-പറക്കളായി- അയ്യങ്കാവ്, ഏഴാംമൈല്‍-എണ്ണപ്പാറ റോഡ്, ചെങ്കള - ചേരൂര്‍, ചായിന്റടി ബജ്‌പെകടവ് എന്നിവയുടെ മെക്കാഡം ടാറിംഗ് പ്രവൃത്തികളുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിന് നാറ്റ്പാക്കിനെ ചുമതലപ്പെടുത്തും. 
ജില്ലയിലെ സ്‌കൂളുകളുടെ ഭൗതിക സാഹര്യം മെച്ചപ്പെടുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.  ഇതിന്റെ ഭാഗമായി 43 സ്‌കൂളുകളിലെ അപേക്ഷ പരിഗണിച്ച് ഹൈസ്‌ക്കൂളുകളില്‍ അഞ്ച് കുട്ടികള്‍ക്ക് ഒന്ന് എന്ന കണക്കിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാല് കുട്ടികള്‍ക്ക് ഒന്ന് എന്ന കണക്കിലും ബെഞ്ചും ഡയസ്‌കും അനുവദിക്കാന്‍ തീരുമാനിച്ചു. പദ്ധതിക്കായി 1.30 കോടി രൂപയാണ് അനുവദിച്ചത്. ഫര്‍ണിച്ചറുകളുടെ വിതരണം സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോയിലൂടെ നിര്‍വ്വഹിക്കും.  ജില്ലയിലെ തിരഞ്ഞെടുത്ത 40 സ്‌കൂളുകളില്‍ ശുദ്ധമായ കുടിവെളള വിതരണം ലക്ഷ്യമിട്ട്് വാട്ടര്‍പ്യൂരിഫയറും, സന്ദര്‍ശകര്‍ക്ക് ഇരിപ്പടവുമൊരുക്കുന്നതിന് 32 ലക്ഷം വകയിരുത്തിയ പദ്ധതിയുടെ നിര്‍വഹണത്തിന് സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്കിനെ ചുമതലപ്പെടുത്തും.  സ്‌കൂളുകളുകള്‍ സ്മാര്‍ടാക്കുതിന്റെ ഭാഗമായി ക്ലാസ് മുറികള്‍ 100 ശതമാനം ടൈല്‍സ് പാകുന്നതിനുളള പദ്ധതിക്കും യോഗം അംഗീകാരം നല്‍കി.  ക്ലാസ് റൂമൊന്നിന് 50,000 രൂപ നിരക്കില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എല്‍എസ്ജിഡിക്ക് നിര്‍ദ്ദേശം നല്‍കി.
 

date