Skip to main content

വന്യമൃഗശല്യം തടയുന്നതിന് ഇരുസംസ്ഥാനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കും

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാസര്‍കോട് ജില്ലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനും വന്യമൃഗ ശല്യം തടയുന്നതിനും ഇരുസംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനു കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബുവും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത് സെന്തിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. 
ദേലംപാടി പഞ്ചായത്ത് ഓഫീസിലും കര്‍ണാടകത്തിലെ മണ്ഡക്കോല്‍ വില്ലേജ് ഓഫീസിലും റവന്യു-ഫോറസ്റ്റ്-സര്‍വേ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലേയും ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തും. ദേലംപാടിയിലും മറ്റും കട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന് പൊതുജനങ്ങളെ ബോധവത്ക്കരിക്കും. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍വേ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും ധാരണയായി. യോഗത്തില്‍ കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അനൂപ്കുമാര്‍, കര്‍ണാടക അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശങ്കരഗൗഡ, സുബ്രഹ്മണ്യ അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓസ്റ്റിന്‍ പി സോണസ്, കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.അനില്‍കുമാര്‍, സുളള്യ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മഞ്ജുനാഥ് എന്‍, സുളള്യ തഹസില്‍ദാര്‍ കുഞ്ഞുമുഹമ്മദ്, ദക്ഷിണ കന്നഡ ഡി ഡി എല്‍ ആര്‍: കെ പ്രസാദിനി, എ ഡി എല്‍ ആര്‍:എ വെങ്കിടേഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

date