Skip to main content

വണ്ടൂരില്‍ ജനകീയ പങ്കാളിത്തത്തോടെ ആധുനിക ഫുട്‌ബോള്‍ സ്റ്റേഡിയം വരുന്നു

 വണ്ടൂര്‍ വി.എം.സി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍  പത്ത് കോടി രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മിക്കുന്നു.  സ്റ്റേഡിയം നിര്‍മിക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ രണ്ട് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുകക്ക് പുറമെ ജനപ്രതിനിധികളുടെ ഫണ്ടും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ, വിവിധ ക്ലബ്ബുകള്‍ തുടങ്ങിവയുടെയും സഹകരണത്തോടെ ആധുനിക രീതിയില്‍ സ്റ്റേഡിയം നിര്‍മിക്കാനാണ് പദ്ധതി. പതിനായിരം കാണികളെ ഉള്‍ക്കൊള്ളും വിധം ഗ്യാലറിയും സജ്ജീകരിക്കും. സ്‌കൂള്‍ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ രൂപരേഖയനുസരിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്.
വണ്ടൂരിലെ ഫുട്‌ബോള്‍ പ്രേമികളുടെ ചിരകാലാഭിലാഷമാണ് ആധുനിക രീതിയിലുള്ള ഒരു സ്റ്റേഡിയം എന്നും പൊതുജനങ്ങളുടെ സഹകരണത്തോടെ മികച്ച സ്റ്റേഡിയം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എ.പി അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു.

സ്റ്റേഡിയം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥര്‍ വണ്ടൂരില്‍ സന്ദര്‍ശനം നടത്തി. കായിക യുവജന കാര്യാലയം ചീഫ് എന്‍ജിനീയര്‍ ആര്‍.ബിജു, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  സന്ദര്‍ശനം നടത്തിയത്. എ.പി അനില്‍കുമാര്‍ എം.എല്‍.എ, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ആസ്യ, ജനപ്രതിനിധികളായ അനില്‍ നിരവില്‍, കാപ്പില്‍ ജോയ്, സി.ടി ജംഷീര്‍ ബാബു, കെ പ്രഭാകരന്‍, ടി സതീഷ്, ഇ മുരളി, പി.ടി.എ പ്രസിഡന്റ് എ.കെ ശിഹാബുദ്ധീന്‍, പ്രിന്‍സിപ്പല്‍ ഇ.ടി ദീപ എന്നിവരും ഉദ്യോഗസ്ഥരെ അനുഗമിച്ചു.

 

date