Skip to main content

ജൈക്ക -- പദ്ധതിയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ സഹായങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഒരുക്കണം

ജപ്പാന്‍ കുടിവെളള പദ്ധതി പ്രവൃത്തിക്കായി സ്ഥലം ഏറ്റെടുത്ത തലക്കുളത്തൂര്‍ സ്റ്റീഫന്‍ കുന്നില്‍ അതിര്‍ത്തി തര്‍ക്കം കാരണം പൈപ്പ് ഇടാന്‍ ഇതുവരെ സാധിക്കാത്തതിനാല്‍ ബന്ധപ്പെട്ട വ്യക്തികളുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാന്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ കലക്ടര്‍ ചുമതലപ്പെടുത്തി. പദ്ധതിയുടെ പ്രവൃത്തി അവലോകനത്തിനായി കലക്ട്രേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. 

 

പഞ്ചായത്ത് റോഡുകളില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതോടൊപ്പം തന്നെ പുതിയ ഹൗസ് കണക്ഷനുകള്‍ നല്‍കുന്നതിനും അതുവഴി പഞ്ചായത്ത് റോഡുകളിലെ പുനരുദ്ധാരണത്തിനുള്ള കാലതാമസം ഒഴിവാക്കുന്നതിനും കലക്ടര്‍ നിര്‍ദേശിച്ചു. ഓരോ ഭാഗത്തും പൈപ്പ്ലൈനുകള്‍ ചാര്‍ജ്ജ് ചെയ്യുന്ന മുറയ്ക്ക് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റുമാരേയും പ്രദേശത്തെ മെമ്പര്‍മാരേയും ബന്ധപ്പെടാം. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ സഹായങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പര്‍മാരും ഒരുക്കണം. 

 

നന്‍മണ്ട, ബാലുശ്ശേരി പഞ്ചായത്തുകളില്‍ പദ്ധതി പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. കുന്നമംഗലത്ത് പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഒളവണ്ണ പന്തീരാങ്കാവില്‍ ബൈപ്പാസ് റോഡ് വീതി കൂട്ടുന്നതിന് മുമ്പായി റോഡിന് കുറുകെ തുരന്ന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നിനും തീരുമാനമെടുത്തു. 15 ദിവസം കൂടുമ്പോള്‍ പദ്ധതി അവലോകനത്തിനായി യോഗം ചേരുന്നതിനും തീരുമാനിച്ചു. അടുത്ത യോഗം  ആഗസ്റ്റ് രണ്ടിന് കലക്ടറുടെ സാന്നിധ്യത്തില്‍ ചേരും. 

 

ജൈക്ക പദ്ധതി വിലയിരുത്തുന്നതിനായി സ്ഥലം എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍, അതത് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ പ്രവര്‍ത്തന പുരോഗതി അപ്പപ്പോള്‍ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. .

date