Skip to main content

കൂണ്‍ കൃഷിയില്‍ തിളങ്ങി കുട്ടിപ്പോലീസ്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്താം വാര്‍ഷികത്തില്‍ കൃഷിയില്‍ പുതിയ ചുവടുവെപ്പുമായി കുട്ടിപോലീസ്. പെരളശ്ശേരി എ കെ ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് കൂണ്‍ കൃഷി നടത്തി പുതിയ മാതൃക സൃഷ്ടിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൂണ്‍ കൃഷി വന്‍ വിജയമായതിന്റെ ആഹ്ലാദത്തിത്താണ് കുട്ടിപോലീസും അധ്യാപകരും. കൃഷി വകുപ്പിന്റെ സാങ്കേതിക സഹായത്തോടെയും കൂണ്‍ കര്‍ഷകരുടെ സഹകരണത്തോടെയുമാണ് കൃഷി ആരംഭിച്ചത്. സ്‌കൂളിന്റെ പുതിയ ബ്ലോക്കിനായി നിര്‍മ്മിക്കുന്ന കെട്ടിടമാണ് കൃഷിക്കായി ഉപയോഗിച്ചത്. ചിപ്പികൂണ്‍ വിഭാഗത്തില്‍പ്പെട്ട നൂറ് ബഡ്  ഫ്‌ളോറിഡ വിത്തിനമാണ് കൃഷിചെയ്തത്. രണ്ടാഴ്ചകൊണ്ട് തന്നെ പാകമായ കൂണിന്റെ വിളവെടുപ്പ് ഉത്സവ അന്തരീക്ഷത്തിലാണ് നടന്നത്.  ആദ്യ വിളവെടുപ്പ് ചക്കരക്കല്‍ സി ഐ ഇ പി സുരേഷ് ഉദ്ഘാടനം ചെയ്തു. വിളവായി ലഭിച്ച 10 കിലോഗ്രാം കൂണ്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം വിഭവമായി നല്‍കി.
കാര്‍ഷികവൃത്തിയില്‍ പുതിയ തലമുറയെ തല്‍പരരാക്കുന്നതിന് സ്‌കൂളുകളില്‍ പച്ചക്കറി കൃഷികളും മറ്റും നടത്താറുണ്ടെങ്കിലും കൂണ്‍കൃഷി പുതിയൊരനുഭവമാണെന്ന് എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ജെ ജിതേഷ് പറഞ്ഞു. സ്‌കൂളില്‍ നടത്തിയ കൂണ്‍ കൃഷി വിജയമായതിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി വിദ്യാര്‍ഥിള്‍ വീടുകളിലും കൃഷി ആരംഭിച്ചിട്ടുണ്ട്.
പെരളശ്ശേരി എ കെ ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തല്‍ നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. റോഡ് സുരക്ഷാ ബോധവല്‍ക്കരണം, ലഹരി വിരുദ്ധ പ്രര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാണ്. സ്‌കൂളിലെ വികലാംഗരായ വിദ്യാര്‍ഥികളെ വീടുകളില്‍ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കുന്നതിനായി നടത്തിവരുന്ന പ്രവര്‍ത്തനവും ഏറെ പ്രശംസ പിടിച്ച്പറ്റിയവയാണ്.
ചടങ്ങില്‍ കൃഷി ഓഫീസര്‍ തുളസി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം കെ പ്രദീപന്‍, എന്‍ കെ സുനില്‍ കുമാര്‍, ചിത്രലേഖ, പി  ബിജു, ആര്‍ കെ രജിത എന്നിവര്‍ പങ്കെടുത്തു.
പി എന്‍ സി/2426/2019

 

date