Skip to main content

സൈക്കിള്‍ സ്‌മൈല്‍ ചാരിറ്റി പ്രോഗ്രാം

 

 

 

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ  ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ ആരംഭിക്കുന്ന സൈക്കിള്‍ ബ്രിഗേഡ് പദ്ധതിയുടെ ഭാഗമായി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്തും ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ചും സംയുക്തമായി ജൂലൈ 19 മുതല്‍ 26 വരെ കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഹയര്‍സെക്കണ്ടറി വിഭാഗം എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ വഴി സൈക്കിള്‍ സ്‌മൈല്‍ ചാരിറ്റി പ്രോഗ്രാം സംഘടിപ്പിക്കും. സൈക്കിള്‍ ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.  പുതിയ സൈക്കിളുകള്‍, പുനരുപയോഗത്തിന് സാധ്യമായ പഴയ സൈക്കിള്‍ എന്നിവ കലാലയങ്ങള്‍ വഴി ശേഖരിക്കുന്നതും 24 മുതല്‍ 26 വരെ കോഴിക്കോട് നടക്കുന്ന സൈക്കിള്‍ ക്ലിനിക്ക് വഴി റിപ്പയര്‍ ചെയ്ത് ആവശ്യക്കാരെ കണ്ടെത്തി സൗജന്യമായി നല്‍കും. പുനരുപയോഗത്തിന് സാധിക്കാത്ത സൈക്കിളുകള്‍ കേരള സ്‌ക്രാപ്പ് ഡീലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നല്‍കി അത് വഴി ലഭിക്കുന്ന പണം സൈക്കിള്‍ ചാരിറ്റിക്ക് ഉപയോഗപ്പെടുത്തുന്നതുമാണ്. കലാലയങ്ങള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങിവര്‍ക്കെല്ലാം ഈ പരിപാടിയുടെ ഭാഗമാവാന്‍ അവസരമൊരുക്കിയിട്ടുണ്ട്. സൈക്കിള്‍ റിപ്പയര്‍ അറിയുന്നവര്‍ക്കും റിപ്പയര്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദ വിവരങ്ങള്‍ക്ക് - 9544900129/9544036633.

 

 

സി-ഡിറ്റില്‍ ഐ.റ്റി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ സര്‍ക്കാര്‍ അംഗീകൃതവും പബ്ലിക് സര്‍വ്വീസ് മേഖലയിലെ ഒഴിവുകള്‍ക്ക് ഉപയുക്തവുമായ പി.ജി.ഡി.സി.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡി.സി.എ ഉള്‍പ്പെട്ട ഡിപ്ലോമ കോഴ്‌സുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് കേരളത്തിലൂടനീളമുളള സി ഡിറ്റ് അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചു.

അതോടൊപ്പം ജാവ, നെറ്റ്, പി.എച്ച്പി, പൈതണ്‍ പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍, മലയാളം കമ്പ്യൂട്ടിംഗ്, ഫോറിന്‍ അക്കൗണ്ടിംഗ്, ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ ഐ.ടി കോഴ്‌സുകളുടെയും അഡ്മിഷന്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tet.cdit.org. . ഫോണ്‍ : 0471-2321360. 2321310. 

 

 

പ്രവേശന കൗണ്‍സിലിംഗ് 

ചാത്തമംഗലം ഗവ.ഐടിഐ യിലെ 2019 പ്രവേശന കൗണ്‍സിലിംഗ് ജൂലൈ 19 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. ഇന്‍ഡക്‌സ് മാര്‍ക്ക് 250 നു മുകളിലുള്ളവര്‍ക്ക്  പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഗവ.ഐടി ഐ ചാത്തമംഗലം എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 04952988988 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

 

 

ആടുവളര്‍ത്തല്‍ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു

 

2019 -20 സാമ്പത്തിക വര്‍ഷത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ പദ്ധതിക്കായി അപേക്ഷകള്‍ ക്ഷണിച്ചു. മിനിമം 50 സെന്റ് സ്ഥലമെങ്കിലും സ്വന്തമായോ പാട്ടത്തിനോ ഉണ്ടായിരിക്കണം. ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. മൃഗസംരക്ഷണവകുപ്പില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തലില്‍ പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ മൃഗസംരക്ഷണവകുപ്പില്‍ കര്‍ഷക രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. താല്പര്യമുള്ള കര്‍ഷകര്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ ജൂലൈ 30 നകം അപേക്ഷ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.  

  

 

date