Skip to main content

ജനകീയം ഈ അതിജീവനം 20ന് താമരശ്ശേരിയില്‍ ; മേരിമാതാ കത്തീഡ്രല്‍ ഓഡിറ്റോറിയം വേദിയാകും

 

 

പ്രളയത്തിന്റെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും നാള്‍വഴികളുടെ ഓര്‍മപ്പെടുത്തലുമായി 'ജനകീയം ഈ അതിജീവനം' പൊതുജന സംഗമത്തിന് ജൂലൈ 20 ശനിയാഴ്ച താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ ഹാളില്‍ വേദിയൊരുങ്ങും. നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ നിന്നും ജില്ല ഒത്തൊരുമയിലൂടെ  കരകയറിയതിന്റെ നേര്‍സാക്ഷ്യം അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാവിലെ 11 മണിക്ക് ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ആനുകൂല്യവിതരണം നിര്‍വഹിക്കും. 

പ്രളയാനന്തര ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംക്ഷി പ്ത റിപ്പോര്‍ട്ട്  ജില്ലാ കലക്ടര്‍ സാംബശിവ റാവു അവതരിപ്പിക്കും. ചടങ്ങിന്  കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി മേയര്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരും സന്നിഹിതരാകും. ഒപ്പം  പ്രളയ ബാധിതര്‍, രക്ഷാപ്രവര്‍ത്തകര്‍, ദുരിതാ ശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍, പുനരധിവാസത്തിന് നേതൃത്വം നല്‍കിയവര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവരും പരിപാടിയില്‍ ഒത്തുചേരും.    

പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്കു നീങ്ങുന്നതിന് മുന്നോടിയായാണ് സംഗമം സംഘടിപ്പിക്കുന്നത്. ജില്ലയില്‍ ഇതുവരെ   നടത്തിയ  പ്രവര്‍ത്തനങ്ങളുടെ അവലോകനവും  വിലയിരുത്തലും നടത്തും. ജനപ്രതിനിധികളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പുനര്‍നിര്‍മാണത്തിന്റെ ആശയ രൂപീകരണത്തിനുളള വേദികൂടിയാകും സംഗമം. ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ച താമരശ്ശേരി വേദിയായി തെരഞ്ഞെടുത്തതും ഈ സാധ്യത മുന്‍നിര്‍ത്തിയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരേ ദിവസം നടക്കുന്ന സംഗമങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് നവകേരള നിര്‍മാണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപകല്‍പന ചെയ്യും. 

 

 

 

മനം നിറഞ്ഞ് കുടുംബങ്ങള്‍;

ലക്ഷ്യം കണ്ട് പുനരധിവാസ പദ്ധതി

 

 

 

ജില്ലയില്‍ പ്രളയം തകര്‍ത്ത കരിഞ്ചോല, കട്ടിപ്പാറ, താമരശ്ശേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ ജനജീവിതം ഇന്ന് സാധാരണനിലയിലാണ്. പ്രളയക്കെടുതിയില്‍ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന ആളുകള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ പുതുതായി നിര്‍മിച്ചു നല്‍കിയ വീടുകളിലും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലുമായി ഇന്ന് സന്തുഷ്ടരാണ്. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ നിന്നും ഇനി വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നുമായാണ് കുടുംബങ്ങളെ കൂടുതലായി മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കുകയായിരുന്നു.  

 

പ്രളയാനന്തര പുനരധിവാസത്തിനായി കോഴിക്കോട് ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ ഭാഗികമായി കേടുപാട് ഉണ്ടായിരുന്ന 5437 വീടുകളുടെ നവീകരണം പൂര്‍ത്തിയാക്കി.

പൂര്‍ണമായി വീടു തകര്‍ന്നുവെന്ന് കാണിച്ച്  236 അപേക്ഷകളാണ്  ലഭിച്ചത്. ഇതില്‍ സ്വന്തമായി വീടു നിര്‍മിക്കാന്‍ തയ്യാറായ 154 പേര്‍ക്ക്  ആദ്യഘട്ട ധനസഹായം വിതരണം  ചെയ്തു. ഇതില്‍ 106 പേര്‍ക്ക് രണ്ടാംഘട്ട ധനസഹായവും 57 പേര്‍ക്ക്  മൂന്നാംഘട്ടധനസഹായവും നല്കി. ഇവയില്‍ 35 വീടുകളുടെ പണി പൂര്‍ത്തിയാവുകയും  പണം ഘട്ടങ്ങളായി ലഭിച്ച ബാക്കിയുള്ളവരുടെ വീട് നിര്‍മാണം  പുരോഗമിക്കുകയുമാണ്.  

ധനസഹായം ലഭിച്ചാലും വീട്  സ്വന്തമായി നിര്‍മിക്കാനാവാത്ത 82 ഗുണഭോക്താക്കളില്‍ 44 പേര്‍ക്ക് കെയര്‍ഹോം പദ്ധതി മുഖേന വീട് നിര്‍മ്മിച്ച് കൈമാറി.  താമസത്തിന്  യാതൊരു സൗകര്യവും ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മാണത്തിന് പ്രഥമ പരിഗണന നല്‍കിയത്. 20 വീടുകള്‍ അദര്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.  അതില്‍ ഏഴ് വീടുകള്‍ പൂര്‍ത്തീകരിച്ചു ബാക്കി 13 വീടുകള്‍ ആഗസ്റ്റ് 31-നകം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറും.  18 വീടുകള്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മ്മിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്.  പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 14 ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ സഹായത്തോടെ (6 ലക്ഷം രൂപ) സ്ഥലം വാങ്ങി; ഇവരുടെ വീട് നിര്‍മ്മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  

കെയര്‍ ഹോം പദ്ധതി വഴി കോഴിക്കോട് താലൂക്കില്‍ 14 ഉം കൊയിലാണ്ടി, വടകര താലൂക്കുകളില്‍ 12 വീതവും താമരശ്ശേരി  താലൂക്കില്‍ ആറുമായി 44 വീടുകളും പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു. സ്പോണ്‍സര്‍ ഷിപ് വഴി നിര്‍മിച്ച ഒരു വീടും അര്‍ഹത ഉള്ള കൈകളില്‍ ഇതിനകം എത്തിച്ചു. പൂര്‍ണമായും ഭാഗികമായും വീട് തകര്‍ന്നതായി കാണിച്ചു ജില്ലയില്‍  ആദ്യഘട്ടം ലഭിച്ച 600 അപേക്ഷകളില്‍ മുഴുവന്‍ അപേക്ഷകളിലും തീര്‍പ്പാക്കി.  രണ്ടു,  മൂന്ന് ഘട്ട അപ്പീലുകള്‍ പരിഗണിച്ചു വരികയാണ്. മൂന്നു ഘട്ടങ്ങളിലായി 838 അപ്പീലുകളാണ് ലഭിച്ചത്.  

 

date