Skip to main content
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ 23-ാംഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി നിര്‍വഹിക്കുന്നു.

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

 

                മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ 23-ാംഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ക്ഷീരകര്‍ഷകന്‍ ആറാംപുളിക്കല്‍  സണ്ണിയുടെ ഡയറി ഫാമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി നിര്‍വ്വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് യു.സി.ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.ആര്‍.ഗീത കുളമ്പുരോഗത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുളള 98 സ്‌ക്വാഡുകള്‍ ഇന്ന് തൊട്ടുളള 21 പ്രവര്‍ത്തി ദിവസങ്ങളില്‍ ജില്ലയിലുളള കര്‍ഷകരുടെ ഭവനങ്ങളിലെത്തി കന്നുകാലികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും.  രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാലും, വനപ്രദേശം അധികമുളള ജില്ല ആയതിനാലും കുളമ്പുരോഗം പടര്‍ന്നുപിടിക്കാനുളള സാധ്യതവളരെയേറെയാണ്. പാര്‍ശ്വഫലങ്ങള്‍ തീരെ കുറവായ പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ ജില്ലയെ സമ്പൂര്‍ണ്ണ കുളമ്പുരോഗ നിയന്ത്രണ മേഖലയായി മാറ്റുവാന്‍ സാധിക്കുകയുളളൂ. മുഴുവന്‍ കര്‍ഷകരും പദ്ധതിയുമായി സഹകരിക്കണമെന്നും അധികാരികള്‍ ആവശ്യപ്പെട്ടു. വൈത്തിരി 9-ാം വാര്‍ഡ് മെമ്പര്‍ ബഷീര്‍ പൂക്കോടന്‍, ക്ഷീരസംഘം പ്രസിഡണ്ട് ദേവസി, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.പ്രദീപ്കുമാര്‍ , ജില്ല ലാബ് ഓഫീസര്‍ ഡോ.രമ്യ എന്നിവര്‍  പങ്കെടുത്തു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.വിന്നി ജോസഫ്  സ്വാഗതവും, വൈത്തിരി സീനിയര്‍  വെറ്ററിനറി സര്‍ജന്‍   ഡോ. വി.ആര്‍.താര നന്ദിയും പറഞ്ഞു.

 

 

 

 

date