Skip to main content

പ്രളയത്തിനു മുകളില്‍ ഏഴു ദിവസം; ഒടുവില്‍ മക്കു നിലത്തിറങ്ങി

നീളമുള്ള മരക്കൊമ്പ് ടെറസിനോട് ചേര്‍ത്ത് ചാരിവച്ചുകൊടുത്ത് മോളി പലവട്ടം വിളിച്ചു. കമ്പിനടുത്തു വരെയെത്തി താഴേക്ക് നോക്കി വിശ്വാസം വരാത്തതുപോലെ അവന്‍ മടങ്ങി. വെള്ളമിറങ്ങി വീട്ടുമുറ്റം സുരക്ഷിതമായെന്ന് മക്കുവിനെ വിശ്വസിപ്പിക്കാനുള്ള പെടാപ്പാടിലായിരുന്നു മോളി. ഒടുവില്‍ മടിച്ചു മടിച്ച് കമ്പിലൂടെ താഴേക്കിറങ്ങി. മുറ്റത്തെത്തി നാലുപാടും നോക്കി പിന്നാമ്പുറത്തെ പതിവു താവളത്തിലേക്ക് ഓടി. 

കനത്ത മഴയെത്തുടര്‍ന്ന് കുമരകം കണിയാന്തറ ബാബുവിന്‍റെ  വീടിനു മുന്നിലെ പാടശേഖരത്തില്‍നിന്നും പിന്നിലെ കണ്ണാടിച്ചാലില്‍നിന്നും പ്രളയജലം ഇരച്ചെത്തിയപ്പോള്‍ വീടിനു മുകളിലെ പേരമരത്തിലൂടെ കയറിയാണ് വളര്‍ത്തുപൂച്ച ടെറസില്‍ അഭയം പ്രാപിച്ചത്. 

വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയെങ്കിലും ക്യാമ്പില്‍ കിട്ടിയിരുന്ന ഭക്ഷണത്തിന്‍റെ ഒരു വിഹിതം വെള്ളത്തില്‍ നീന്തിയെത്തി ഇവര്‍ കൃത്യമായി മക്കുവിന് നല്‍കിയിരുന്നു. വെള്ളം നിറഞ്ഞ മുറ്റത്തുനിന്നും ടെറസിലേക്ക് ഭക്ഷണം എറിഞ്ഞു നല്‍കുകയായിരുന്നു പതിവ്.

ഒടുവില്‍ വെള്ളം ഇറങ്ങിയശേഷം ഇന്നലെ വീട്ടില്‍ മടങ്ങിയെത്തിയ മോളിയും മക്കളുടെയും ആദ്യത്തെ ജോലി മക്കുവിനെ താഴയിറക്കുകയായിരുന്നു. 
വീടിനകത്ത് അടിഞ്ഞ ചെളി നീക്കം ചെയ്യാന്‍ പാടുപെടുന്ന അവര്‍ക്ക് കൂട്ടിന് ഇപ്പോള്‍ അവനുമുണ്ട് കൂടെ. 

date