Skip to main content

ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു ---- പ്രളയ മേഖലകളിലെ കിണര്‍ ശുചീകരണം; ഊര്‍ജ്ജിത കര്‍മ്മപരിപാടിക്ക് തുടക്കമായി

ജില്ലയിലെ പ്രളയ ബാധിത മേഖലകളിലെ കുടിവെള്ള സ്രോതസുകളുടെ ശുചീകരണത്തിന് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത കര്‍മ്മപരിപാടിക്ക് തുടക്കം കുറിച്ചു. കിണറുകളുടെ സൂപ്പര്‍ ക്ലോറിനേഷന്‍റെ ജില്ലാതല ഉദ്ഘാടനം കൊശമറ്റം കോളനിയില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍വഹിച്ചു. 

വെള്ളപ്പൊക്കത്തില്‍ കിണറുകളും മറ്റ് കുടിവെള്ള സ്രോതസുകളും മലിനമാകാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്ത തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സൂപ്പര്‍ ക്ലോറിനേഷന്‍ ഓഗസ്റ്റ് 31നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. 

ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. കെ.ആര്‍. രാജന്‍, ഡോ. പി.എന്‍. വിദ്യാധരന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍,  വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിസി ബോബി, വൈസ് പ്രസിഡന്‍റ് ബൈജു ചെറുകോട്ടയില്‍, അംഗം ഗീതാ സുധാകരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രളയബാധിത പ്രദേശങ്ങളിലെ ആദ്യഘട്ട ക്ലോറിനേഷനുവേണ്ടി ജില്ലയില്‍ പ്രളയം ബാധിച്ചിട്ടില്ലാത്ത മേഖലകളിലെ ആരോഗ്യ വകുപ്പ് ഫീല്‍ഡ് ജീവനക്കാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. ആദ്യത്തെ ആഴ്ചയില്‍ കിണറുകള്‍ രണ്ടു തവണ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണു നശീകരണം നടത്തണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. 

അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ആയിരം ലിറ്റര്‍ വെള്ളം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താം. സാധാരണ ക്ലോറിനേഷന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ മതിയാകും.

date