Skip to main content
വള്ളക്കടവ് കടമാക്കുഴി കണ്ണമുണ്ടയില്‍ ജെയിംസ് മാത്യംവിന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലം ദുരിതാശ്വാസ സഹായമായി വിട്ടു നല്കുന്നതിന്റെ സമ്മതപത്രം ജില്ലാ കലക്ടര്‍ എച്ച്.ദിനേശന് ജെയിംസിന്റെ മാതാവ് ലീലാമ്മ മാത്യം കൈമാറുന്നു.

മഴക്കെടുതി: സുമനസുകളുടെ സഹായമായി 40 സെന്റ് ഭൂമി

മഴക്കെടുതിയില്‍ കിടപ്പാടം നഷ്ടമായതും ദുരന്തഭീഷണിയില്‍ ജീവിക്കുന്ന പാവപ്പെട്ടവരായ സഹജീവികള്‍ക്ക് സുരക്ഷിത വാസമൊരുക്കാന്‍ സഹായഹസ്തമേകി രണ്ട് കുടുംബങ്ങള്‍ ഇന്നലെ സമ്മാനിച്ചത് 40 സെന്റ് സ്ഥലം. വള്ളക്കടവ് വാലുമ്മേല്‍ ബിനോയി വര്‍ഗീസിന്റെ ഭാര്യ ഷെമിലി അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് സ്ഥലം, വള്ളക്കടവ് കടമാക്കുഴി കണ്ണമുണ്ടയില്‍ ജെയിംസ് മാത്യംവിന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലം എന്നിവ വിട്ടുനല്കുന്നതിനുള്ള സമ്മതപത്രം ഉടമസ്ഥര്‍ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന് കൈമാറി. വള്ളക്കടവ് കാനാട്ട് ജംഗ്ഷനില്‍ റോഡ്, വെള്ളം സൗകര്യങ്ങളോടെ ഒരു വീടുള്‍പ്പെടെയുള്ള  സെന്റിന് അന്‍പതിനായിരം രൂപ വിലവരുന്ന
30 സെന്റ് സ്ഥലമാണ് ഷെമിലി അബ്രഹാം സഹായമായി വിട്ടു നല്കിയത്. കാര്‍ഡമം പ്ലാന്ററായ ബിനോയി, മാതാവ് ഏലിക്കുട്ടി, ഭാര്യ ഷെമിലി, മക്കളായ ആകാശ്, ആദര്‍ശ്, അല്‍ക്ക എന്നിവരടങ്ങിയതാണ് കുടുംബം.  സഹോദരങ്ങായ തങ്കച്ചന്‍, ബിജു, സജി എന്നിവരും എല്ലാവിധ പിന്തുണയുമായി ബിനോയിക്കൊപ്പമുണ്ട്.

വള്ളക്കടവ് കടമാക്കുഴി ബസ്സ്‌റ്റോപ്പിന് സമീപം കുടുംബവിഹിതമായി ലഭിച്ചതില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 10 സെന്റ് സ്ഥലമാണ് ജെയിംസ് മാത്യം സഹായമായി വിട്ടു നല്കിയത്. മാതാവ് ലീലാമ്മ മാത്യം, ഭാര്യ ലിറ്റി ജെയിംസ്, സഹോദരങ്ങളായ ജിന്‍സ്, ജോജോ, ജെയിസ് എന്നിവരും ഇദ്ദേഹത്തിന്റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയേകി. സഹായമേകിയ ഇരുകുടുംബങ്ങുടെയും വീടുകളിലെത്തിയാണ് ജില്ലാ കലക്ടര്‍ സമ്മതപത്രം ഏറ്റുവാങ്ങിയത്. അതിജീവിതത്തിന്റെ പുതിയ തുടക്കമാണിതെന്നും മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭൂമി സാഹായമേകിയ ഈ സുമനസുകള്‍ക്ക് സര്‍ക്കാരിന്റെ പേരില്‍ നന്ദി അര്‍പ്പിക്കുന്നതായും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത്തവണത്തെ മഴക്കെടുതിക്ക് ശേഷം ദുരിതാശ്വാസമായി കൈമാറി കിട്ടിയ ആദ്യ ഭൂമിയാണിത്. തീര്‍ത്തും അപകട ഭീഷണിയില്‍ നില്‍ക്കുന്നതും എത്രയും വേഗം മാറ്റി പാര്‍പ്പിക്കേണ്ടവരുമായ ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് മുന്‍ഗണനാക്രമത്തില്‍ വിട്ടുകിട്ടിയ ഭൂമി വീതം വച്ച് മാറ്റി പാര്‍പ്പിക്കുവാനാണ് ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്നത്.

 

date