Skip to main content

കാസര്‍കോട് പി ആര്‍ ഡി അറിയിപ്പുകള്‍

കാസര്‍കോട് വികസന പാക്കേജില്‍ 54 പദ്ധതികള്‍ ഉദ്ഘാടന സജ്ജമായി

 ജില്ലയുടെ വികസ കുതിപ്പിന് മാറ്റ് കൂട്ടാന്‍ കാസര്‍കോട് വികസന പാക്കേജിലെ 54 പദ്ധതികള്‍ ഉദ്ഘാടനത്തിന് സജ്ജമായി. പൊതുജനങ്ങള്‍ ഏറെ നാളായി കാത്തിരുന്ന ഈ പദ്ധതികള്‍ ഓഗസ്റ്റ് അവസാനവും സെപ്റ്റംബര്‍ ആദ്യവുമായി ഉദ്ഘാടനം ചെയ്യും.   84. 52 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി വിനിയോഗിച്ചത്. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്ര ശേഖരന്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു എന്നിവരുടെ  ഇടപെടലുകള്‍ സഹായകമായി.
സര്‍ക്കാര്‍  കാസര്‍കോട് വികസന പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി 2019 മാര്‍ച്ചില്‍  സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ഇ. പി  രാജ്‌മോഹനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു.   
പൊതുമരാമത്ത് റോഡ് വിഭാഗം, കെട്ടിട വിഭാഗം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകള്‍ മുഖേനയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയും ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയുമാണ് പദ്ധതിയുടെ മോണിറ്ററിംങ്ങ് നടത്തുന്നത്. 
14 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിനെയും ബദിയടുക്ക ഗ്രാമ പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആയന്‍ കടവ് പാലം ഇതില്‍ ഉള്‍പ്പെടും. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പാലം കൂടിയ പാലം  കൂടിയാണിത്.  തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ 3.6 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കണ്ണം കൈ പാലം, മടികൈ ഗ്രാമ പഞ്ചായത്തിലെയും സമീപ പ്രദേശത്തിലെയും കുടിവെള്ള പദ്ധതികള്‍, രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തളങ്കര കോസ്റ്റ് റോഡ്, 2.7 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച  പള്ളം പാലവും ഇതില്‍ ഉള്‍പ്പെടും.  വലിയ പറമ്പ് ഗ്രാമപഞ്ചായത്തിലെ മാവില കടപ്പുറം, ഉദുമ - ഉദിനൂര്‍ കടപ്പുറം ഏഴിമല റോഡ്, 2.75 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തടിയന്‍ വളപ്പ് പാലം, 78 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടന സജ്ജമായിരിക്കുന്നത്.
 ജി എച്ച് എസ് എസ് തായന്നൂര്‍, ജി എച്ച് എസ് എസ് ഉപ്പള, ജി എച്ച് എസ് എസ്  ബേക്കല്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ കടമ്പ, മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടങ്ങി നിരവധി സ്‌കൂളുകള്‍ക്കുള്ള കെട്ടിടങ്ങളും  കാസര്‍കോട് വികസന പാക്കേജില്‍ ഉദ്ഘാടന സജ്ജമായ പദ്ധതികളില്‍  ഉള്‍പ്പെടുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി എല്ലാ വിധ മേഖലകളിലെയും വികസനം ലക്ഷ്യമാക്കിയുള്ള ഈ പദ്ധതികള്‍ ജില്ലയുടെ  വികസന മുന്നേറ്റത്തിന് ആക്കം കൂട്ടും. 

ഉന്നത വിജയം കരസ്ഥമാക്കിയ കന്നഡ 
വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കും

കേരളം, ഗോവ എന്നിവിടങ്ങളിലെ കന്നഡ മീഡിയത്തില്‍ പഠനം നടത്തി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള കന്നഡ വികസന അതോറിറ്റി അവാര്‍ഡ് നല്‍കുന്നു. എടനീര്‍ മഠം ഓഡിറ്റോറിയത്തില്‍ ഈ മാസം 25ന് രാവിലെ 11ന് നടക്കുന്ന ചടങ്ങ്  കന്നട വികസന അതോറിറ്റി ചെയര്‍മാന്‍ ആര്‍.ആര്‍.ജന്നു ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിശിഷ്ടാതിഥിയാവും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് സംബന്ധിക്കും. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ കന്നഡ മീഡിയത്തില്‍ പഠനം നടത്തി ഉന്നതവിജയം കരസ്ഥമാക്കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്. 
മാംഗളൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പി എസ് യെഡപടിത്തായ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാ പഞ്ചായത്തംഗം കെ ശ്രീകാന്ത്, എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി, കന്നഡ വികസന അതോറിറ്റി സെക്രട്ടറി കെ മുരളീധര, ഡിഇഒ നന്ദികേശന്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് കന്നഡ വിഭാഗം മേധാവി ഡോ. എസ് സുജാത, കേരള സംസ്ഥാന കന്നഡ അധ്യാപക സംഘം ചെയര്‍മാന്‍ കെ ആര്‍ രവീന്ദ്രനാഥ്, കന്നഡ സാഹിത്യ പരിഷത്ത് കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് എസ് വി ഭട്ട്, എടനീര്‍ മഠം മാനേജര്‍ ഐ വി ഭട്ട്, ഗോവ ശാരദ മന്ദിര്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ വൈ ആര്‍ ബെളഗല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

വിദേശ കുടിയേറ്റം: ചൂഷണം തടയുവാന്‍
വിദേശകാര്യ വകുപ്പും നോര്‍ക്കയും കൈകോര്‍ക്കും

തൊഴില്‍ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം സാധ്യമാകുന്നതിനുമായി കേന്ദ്ര വിദേശകാര്യ വകുപ്പും നോര്‍ക്ക വകുപ്പും സംയുക്തമായി തിരുവനന്തപുരത്ത്  ഈ മാസം 29,30 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം സംഘടിപ്പിക്കും. അനധികൃത റിക്രൂട്ട്മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കമ്പളിപ്പിക്കല്‍ തുടങ്ങിയവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് യോഗം. കേന്ദ്ര വിദേശകാര്യ വകുപ്പ്, നോര്‍ക്ക വകുപ്പ്, ആഭ്യന്തര വകുപ്പ,് എഫ്. ആര്‍. ആര്‍. ഒ, തിരുവനന്തപുരം  റീജിയണല്‍ പാസ്പ്പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും  വിവിധ അംഗീകൃത റിക്രൂട്ടിംഗ്  ഏജന്‍സികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
ഇതിന്റെ ഭാഗമായി താല്‍പര്യമുള്ളവര്‍ക്ക് പരാതികള്‍  നല്‍കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള  അവസരം ഒരുക്കും.ഇതിനായി തിരുവനന്തപുരത്ത് തൈക്കാട് നോര്‍ക്ക റൂട്ട്സില്‍ പ്രവര്‍ത്തിക്കുന്ന വിദേശകാര്യ വകുപ്പിന്റെ  പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ഓഫീസില്‍ ഈ മാസം 26 നകം ഫോണ്‍/ഇ-മെയില്‍ മുഖാന്തിരം ബന്ധപ്പെടണം. ഫോണ്‍ 0471 2336625. 

ഫീസ് അടക്കുന്നതിനുള്ള തീയ്യതി നീട്ടി

കാസര്‍കോട്  ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എസ്.സി.വി.ടി.ട്രേഡ് ടെസ്റ്റ് ജൂലൈ 2019 (വാര്‍ഷികം,സെമസ്റ്റര്‍) പരീക്ഷകള്‍ക്ക് ഫീസ് അടക്കുന്നതിനുള്ള തീയതി ഈ മാസം  27 വരെ ദീര്‍ഘിപ്പിച്ചു. ''0230-ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്-00-800-അദര്‍ റസീപ്റ്റ്‌സ്-88-അദര്‍ ഐറ്റംസ്'' എന്ന ശീര്‍ഷകത്തില്‍ ഫീസ് ഒടുക്കണം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 110 രൂപയും സപ്ലിമെന്ററി എഴുതുന്നവര്‍ക്ക് 170 രൂപയുമാണ് പരീക്ഷാ ഫീസ്. അപേക്ഷ,അസ്സല്‍ ചലാന്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ സമര്‍പ്പിക്കണം. 

സീറ്റൊഴിവ്

പുല്ലൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എസ്.സി വിഭാഗത്തിന് സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുളള അപേക്ഷകര്‍ ഈ മാസം 24 നകം ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടുക.കൂടുതല്‍ വിവരങ്ങള്‍ക്ക്   0467 2268174

ഒ.ബി.സി. പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്
വായ്പയ്ക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്ന്  ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. അഞ്ച്  ലക്ഷം രൂപ വരെ  ആറ്  ശതമാനം പലിശ നിരക്കിലും 10 ലക്ഷം രൂപ വരെ ഏഴ് ശതമാനം  പലിശ നിരക്കിലും 10 ലക്ഷം രൂപയ്ക്ക് മുകളില്‍ എട്ട് ശതമാനം  പലിശ നിരക്കിലും വായ്പ അനുവദിക്കും. തിരിച്ചടവ് കാലയളവ് 84 മാസം വരെ.  അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്‌സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്., ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബിആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി. അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ, എല്‍.എല്‍.ബി., ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തുടങ്ങിയവ  വിജയകരമായി പൂര്‍ത്തീകരിച്ചവരുമായിരിക്കണം.  40 വയസ് കവിയാന്‍ പാടില്ല. 
ഈ പദ്ധതി പ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്ക്, വെറ്റിനറി ക്ലിനിക്ക്, സിവില്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, ഫുഡ് പ്രോസസ്സിങ്് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യു കള്‍ച്ചര്‍ ഫാം, വീഡിയോ പ്രോഡക്ഷന്‍ യൂണിറ്റ് , എഞ്ചിനീയറിങ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം  വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പാ തുകയുടെ 20 ശതമാനം (പരമാവധി 2 ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കുന്നതാണ്. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രമാണ്  തിരിച്ചടയ്‌ക്കേണ്ടി വരുന്നത്.   തത്പരരായ പ്രൊഫഷണലുകള്‍  www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് വഴി  സെപ്തംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന പ്രൊഫഷണലുകളെ  സെപ്തംബര്‍ 30 നകം കോര്‍പ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ / ഉപജില്ലാ ഓഫീസില്‍ അഭിമുഖത്തിന് ക്ഷണിക്കും.  അഭിമുഖ തീയതി  എസ് എം എസ്/ഇ-മെയില്‍ മുഖാന്തിരം അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

തുന്നല്‍ ടീച്ചര്‍ നിയമനം

ചെറുവത്തൂര്‍  ജി.എഫ്.വി.എച്ച് എസില്‍  തുന്നല്‍ ടീച്ചറുടെ  (എച്ച് എസ്)   
താത്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  ഈ മാസം  24 ന് രാവിലെ 11 ന്  അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്‌കൂള്‍ ഓഫീസില്‍  അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 04672261470   

പ്രളയാനന്തര  പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാം

പ്രളയം മൂലം വീടുകള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിന്  വോളന്റിയര്‍മാരെ ക്ഷണിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അതത് തദ്ദേശ സ്വയംഭരണ / റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് സര്‍വ്വേ നടത്തുന്നതിനാണ് സേവനം  ആവശ്യമുള്ളത്. സന്നദ്ധരായ വോളന്റിയര്‍മാര്‍ അവരുടെ സമ്മതം, താല്‍പര്യപ്പെടുന്ന പഞ്ചായത്ത്, പങ്കെടുക്കുന്ന ദിനങ്ങള്‍ എന്നിവ രേഖപ്പെടുത്താനായി https://survey.keralarescue.in എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്ക്  ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരിക്കണം. 

തീറ്റപുല്‍ കൃഷി പരിശീലനം

കോഴിക്കോട് ബേപ്പൂര്‍, നടുവട്ടത്തുളള  കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍  കാസര്‍കോട്,കണ്ണൂര്‍,വയനാട് , കോഴിക്കോട്,മലപ്പുറം, ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വിവിധയിനം പുല്ലുകള്‍, പയറുവര്‍ഗ്ഗ വിളകള്‍, ധാന്യവിളകള്‍, അസോള എന്നിവയുടെ കൃഷിരീതികള്‍, തീറ്റപ്പുല്‍ സംസ്‌കരണം, ആധുനിക തീറ്റപ്പുല്‍ ഉല്പാദനം തുടങ്ങിയ വിഷയങ്ങളിലാണ് ഈ മാസം 26, 27 തീയതികളില്‍ പരിശീലനം.  50 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് പുല്‍കൃഷി ചെയ്യുവാന്‍ താല്‍പര്യമുള്ള ക്ഷീര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മുന്‍ഗണന. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍  ഈ മാസം 26 ന് രാവിലെ പത്തിനകം ബാങ്ക് പാസ്സ് ബുക്ക്, അതിന്റെ  കോപ്പി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം കോഴിക്കോട് ക്ഷീര     പരിശീലന കേന്ദ്രത്തില്‍ എത്തണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579 
 

തൊഴില്‍ രഹിത വേതനം വിതരണം

നീലേശ്വരം നഗരസഭയില്‍ 2018 ഡിസംബര്‍ മുതല്‍ 2019 ജൂലൈ വരെയുള്ള എട്ട് മാസത്തെ തൊഴില്‍ രഹിത വേതനം ഈ മാസം 26, 27 തീയ്യതികളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെ നഗരസഭ ഓഫീസില്‍  നിന്നും വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ,എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക,് തൊഴില്‍ രഹിത വേതന വിതരണ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ അസല്‍  സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണം. 

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് മാറ്റി

ഇന്ന് രാവിലെ പത്തിന് കാസര്‍കോട് റസ്റ്റ് ഹൗസില്‍ നടത്താനിരുന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് മാറ്റി വെച്ചു. സെപ്തംബര്‍ ആറിനായിരിക്കും അടുത്ത സിറ്റിങ് നടത്തുക. 

'സ്വച്ഛ് സര്‍വേക്ഷണ്‍ 2019'  (ഗ്രാമീണ്‍)

രാജ്യത്തെ എല്ലാ ജില്ലകളിലെയും ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്നതിന് കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം സ്വച്ഛ് സര്‍വ്വേക്ഷന്‍ (ഗ്രാമീണ്‍) 2019 ന് തുടക്കമിടുകയാണ്. വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതില്‍ അവരുടെ നിര്‍ദേശങ്ങള്‍, ജില്ലകളുടെ ഓണ്‍ലൈന്‍ സെല്‍ഫ് റിപ്പോര്‍ട്ടിംഗ്, എം.ഐ.എസിലെ സ്ഥിതി വിവരം, സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ചന്തകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍ മുതലായ പൊതുയിടങ്ങളിലെ ശുചിത്വം എന്നിങ്ങനെയുള്ള മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വ്വേയിലൂടെയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. പബ്ലിക് ടോയ്‌ലറ്റുകള്‍, പൊതുസ്ഥാപനങ്ങളിലെ ടോയ്‌ലറ്റുകള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നീ പ്രദേശങ്ങളിലെ ശുചിത്വം, പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് എന്നിവയെ സംബന്ധിച്ചൊക്കെ സര്‍വ്വേയില്‍ പരിശോധിക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിന് (സിറ്റിസണ്‍ ഫീഡ്ബാക്ക്) വേണ്ടിയുള്ള എസ് എസ് ജി  2019 എന്ന മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്. ഈ മാസം 23 മുതല്‍ ജില്ലകളില്‍ സര്‍വ്വേകള്‍ ആരംഭിക്കും.
ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഏജന്‍സി റാങ്കിംഗ് നടത്തുന്നത്. പൊതുയിടങ്ങളില്‍ സന്ദര്‍ശിക്കുകയും നേരിട്ട് വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക - 30 മാര്‍ക്ക്. സിറ്റിസണ്‍ ഫീഡ് ബാക്ക് - ഗ്രൂപ്പ് ചര്‍ച്ചകള്‍, പ്രധാനപ്പെട്ട വ്യക്തികളില്‍ നിന്നുള്ള വിവര ശേഖരണം, മൊബൈല്‍ ആപ്പ്  -35 മാര്‍ക്ക്. സര്‍വ്വീസ് ലെവല്‍ പ്രോഗ്രസ് - എം. ഐ.എസ്  ചെയ്തിട്ടുള്ള വിവരങ്ങള്‍  -35 മാര്‍ക്ക് എന്നിവയാണ് മാനദണ്ഡങ്ങള്‍

സെപ്തംബര്‍ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കും

സാംസ്‌കാരിക വകുപ്പിന്റെ കീഴിലുളള ആറന്മുള വാസ്തു വിദ്യാഗുരുകുലത്തില്‍ ഈ അധ്യയനവര്‍ഷത്തില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സിന്റെ ക്ലാസുകള്‍ സെപ്തംബര്‍ അഞ്ചിന് ആരംഭിക്കും. പ്രവേശന യോഗ്യത ബിടെക് (സിവില്‍), ബി ആര്‍ക്ക്  ആണ്. പ്രായംപരിധി ഇല്ല.  ഒരുമാസത്തില്‍ എട്ട് ദിവസത്തെ ക്ലാസ്, പ്രായോഗിക പരിശീലനം എന്ന രീതിയിലാണ് ക്ലാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.  ഈ വര്‍ഷം മുതല്‍ സ്ട്രക്ച്ചറല്‍ ആന്റ് കെമിക്കല്‍ കണ്‍സര്‍വേഷന്‍ എന്ന വിഷയം കൂടി പാഠ്യപദ്ധതിയി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പ്രവേശനം ആഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ അഞ്ചിനകം വാസ്തുവിദ്യാഗുരുകലം, ആറന്മുള, പത്തനംതിട്ട എന്ന വിലാസത്തില്‍ ബന്ധപ്പെടണം.  കുടുതല്‍ വിവരങ്ങള്‍ക്ക് -0468 2319740, 

യൂത്ത് ക്ലബ്ബ് രജിസ്‌ട്രേഷന്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ രജിസ്‌ട്രേഷന്‍  ഇനി മുതല്‍ ഓണ്‍ലൈനില്‍.  ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആയ സന്നദ്ധ സംഘടനകള്‍, ആര്‍ട്‌സ് ആന്റ്  സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവ വനിതാ ക്ലബ്ബുകള്‍, യുവ കാര്‍ഷിക ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത് വിംഗുകള്‍, യുവ തൊഴില്‍ ക്ലബ്ബുകള്‍, കോളേജുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന ക്ലബ്ബുകള്‍, അഡ്വഞ്ചര്‍ ക്ലബ്ബുകള്‍, ട്രാന്‍സ് ജെന്റര്‍ ക്ലബ്ബുകള്‍ എന്നിവയ്ക്ക് യുവജന ക്ഷേമ ബോര്‍ഡിന്റെ www.ksywb.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ അഫിലിയേഷന്‍ ഉള്ള എല്ലാ യൂത്ത് ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്തണം. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച യുവാ ക്ലബ്ബുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കാസര്‍കോട്  ജില്ലാ യുവജന കേന്ദ്രം വഴിയാണ് നടത്തേണ്ടത്. വിശദ വിവരങ്ങള്‍ക്ക് www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, കാസര്‍കോട് ജില്ലാ യുവജന കേന്ദ്രവുമായി ബന്ധപ്പെടുകയോ വേണം. 

ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ജില്ലയില്‍ ദേശിയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മൈഗ്രന്റ് സ്‌ക്രീനിംഗ് പോഗ്രാം, ആര്‍.ബി.എസ്.കെ ആരോഗ്യ പദ്ധതി എന്നീ ആവശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റുളള ഏഴു സീറ്റോട് കൂടിയ വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ഈ മാസം 30 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2209466. 

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ ജില്ല മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം മാസം 26,27 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യണം.മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമുളളു.  ഫോണ്‍ 04972 763473.                                  
 

അപേക്ഷ ക്ഷണിച്ചു

കല്ലുമ്മേക്കായ കൃഷിക്കുളള അപേക്ഷ ഫിഷറീസ് വകുപ്പ് ക്ഷണിച്ചു. ഈ മാസം 25 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  04672202537 

കാസര്‍കോട് 24 ന് യെല്ലോ അലേര്‍ട്ട്

കാസര്‍കോട്,കണ്ണൂര്‍  ജില്ലകളില്‍ ഈ മാസം 24 ന് യെല്ലോ അല്ലേര്‍ട്ട്  ആണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മരം ലേലം 

കാസര്‍കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്  മുന്‍പില്‍ ജയില്‍ സുരക്ഷയ്ക്ക് ഭീഷണിയായി നില്‍ക്കുന്ന പാഴ്മരം മുറിച്ചുമാറ്റുന്നതിന്  ലേലം നടത്തും ഈ മാസം 24 ന് രാവിലെ 11 ന്  കാസര്‍കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലാണ് ലേലം. ഫോണ്‍- 04994 227420

date