Skip to main content

ദുരന്തനിവാരണ അതോറിറ്റിയുടെ ഖനന നിരോധനം ജില്ലയില്‍ തുടരും

     ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം ജില്ലയുണ്ടായ മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ഖനന നിരോധനം കര്‍ശനമായി തുടരും. അനധികൃതമായി ക്വാറികള്‍ പ്രവര്‍ത്തിച്ചാല്‍ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. ശക്തമായ ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ ജില്ലയില്‍ നിരോധനം തുടരാനാണ് നിലവിലെ തീരുമാനം. കനത്ത മഴയെ തുടര്‍ുള്ള ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചാണ് ദുരന്ത നിവാര അതോറിറ്റി ഉത്തരവിറക്കിയത്. ശക്തമായ മഴ കുറഞ്ഞതിനാല്‍ മറ്റ് ജില്ലകളില്‍ ഇക്കാര്യത്തില്‍ ഇളവു നല്‍കിയെങ്കിലും മലപ്പുറം ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിരോധനം തുടരുകയാണ്. ജില്ലയില്‍ കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍ താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ ക്വാറികളുള്ളത്. ചെങ്കല്‍, കരിങ്കല്‍ ക്വാറികള്‍ക്ക് പുറമെ ക്രഷര്‍ യൂനിറ്റുകളുമുണ്ട്. ഈ മേഖകലളില്‍ തന്നെയാണ് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകടങ്ങളുണ്ടാകുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തത്. നിലമ്പൂര്‍ കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. ഇത്തരം സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഖനന നിരോധനം ജില്ലയില്‍ കര്‍ശനമായി തുടരുന്നത്.

 

date