Skip to main content

ഓണക്കോടി, ഓണക്കിറ്റ് സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്

ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റിന്റെയും ഓണക്കോടിയുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് (സെപ്തംബര്‍ 7)  വൈകിട്ട് 3.30 ന് കല്‍പ്പറ്റ എം.സി ഓഡിറ്റോറിയത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിക്കും. ഈ വര്‍ഷം 1,59,753  ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 61,004   ആദിവാസികള്‍ക്ക് ഓണക്കോടിയുമാണ് നല്‍കുന്നത്. വയനാട് ജില്ലയില്‍ 51,532 പേര്‍ക്ക് ഓണക്കിറ്റും 19,537 പേര്‍ക്ക് ഓണക്കോടിയും നല്‍കും.

         ഒന്‍പതു നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. 15  കിലോ ജയാ അരി, 500  ഗ്രാം  ചെറുപയര്‍, 500  ഗ്രാം  പഞ്ചസാര,  ഗ്രാം ശര്‍ക്കര, 200  ഗ്രാം മുളകുപൊടി, 500  മില്ലിഗ്രാം വെളിച്ചെണ്ണ, ഒരു കിലോ ഉപ്പുപൊടി, 250 ഗ്രാം തുവരപ്പരിപ്പ്, 200  ഗ്രാം  തേയില എന്നിവയാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. ഒരു കിറ്റിന് 768.45  രൂപയാണ് ചെലവ്. പുരുഷന്‍മാര്‍ക്ക് കസവുകരയുള്ള ഡബിള്‍ മുണ്ടും തോര്‍ത്തും സ്ത്രീകള്‍ക്ക് കസവു സിംഗിള്‍ സെറ്റ് മുണ്ടുമാണ് ഓണക്കോടിയായി നല്‍കുന്നത്. ഇതിനു പുരുഷന്മാര്‍ക്ക് 780 രൂപയും സ്ത്രീകള്‍ക്ക് 890 രൂപയും ചെലവാകും. ഓണക്കിറ്റും ഓണക്കോടിയും ആദിവാസി ഊരുകളില്‍ എത്തിക്കും.

      ചടങ്ങില്‍ പൊഴുതന പഞ്ചായത്തിലെ 60 പേര്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള കൈവശ രേഖകളും വിതരണം ചെയ്യും.സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എ.മാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

          രാവിലെ 11 ന് മുട്ടില്‍ പഴശ്ശി കോളനിയിലും  12 ന് ഉരുള്‍പൊട്ടല്‍ ഉണ്ടായ മേപ്പാടി പൂത്തുമലയിലും മന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. തുടര്‍ന്ന് 2 മണിക്ക് കളക്ടറേറ്റില്‍ അവലോകനയോഗവും  ചേരും.
 

date