Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാം

 

മാര്‍ജിന്‍ മണി വായ്പ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം കുടിശ്ശിക അടയ്ക്കാവുന്നതാണെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. വ്യവസായ വകുപ്പ് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച മാര്‍ജിന്‍ മണി വായ്പ കുടിശ്ശികയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തിരിച്ചടയ്ക്കേണ്ടത്. രണ്ട് കാറ്റഗറികളിലായാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ഒന്നാം കാറ്റഗറി പ്രകാരം യൂണിറ്റുടമയായ യഥാര്‍ത്ഥ വായ്പക്കാരന്‍ മരിക്കുകയും സ്ഥാപനം പ്രവര്‍ത്തന രഹിതവും ആസ്തികള്‍ വായ്പ തിരിച്ചടവിന് സാധ്യമല്ലാത്ത തരത്തില്‍ നിലവിലില്ലാതിരിക്കുന്ന സാഹചര്യത്തിലുമാണെങ്കില്‍ കുടിശ്ശികത്തുക പൂര്‍ണ്ണമായും എഴുതിത്തള്ളുന്നതാണ്. മരണപ്പെട്ട യൂണിറ്റുടമയായ വായ്പക്കാരന്റെ അനന്തരാവകാശി ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. യൂണിറ്റുടമ മരണപ്പെട്ട കേസുകളില്‍ മാര്‍ജിന്‍ മണി വായ്പയുടെ കാലാവധി പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടതില്ല.

രണ്ടാമത്തെ കാറ്റഗറിപ്രകാരം റവന്യൂ റിക്കവറി നടപടികളിലുള്ളവ, യൂണിറ്റ് പ്രവര്‍ത്തനരഹിതമായവ, മാര്‍ജിന്‍ മണി വായ്പ ഉപയോഗിച്ച് വാങ്ങിയ ആസ്തികള്‍ നിലവിലില്ലാത്തവ, നിലവില്‍ പ്രവര്‍ത്തിക്കുന്നതും എന്നാല്‍ മാര്‍ജിന്‍ മണി വായ്പ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളതുമായ സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള വായ്പകള്‍ക്ക് വായ്പ അനുവദിച്ച തിയ്യതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേക്കുള്ള അപേക്ഷ തിയ്യതി വരെയുള്ള കാലയളവിലേക്ക് ആറുശതമാനം നിരക്കിലുള്ള പലിശ കണക്കാക്കി അതില്‍ 50 ശതമാനം പലിശയും പിഴ പലിശ ഉണ്ടെങ്കില്‍ അതും പൂര്‍ണ്ണമായി ഒഴിവാക്കിയതിന് ശേഷമുള്ള തുക ഒറ്റത്തവണയായോ അല്ലെങ്കില്‍ 50 ശതമാനം ആദ്യ ഗഡുവായും ബാക്കിത്തുക ഒരു വര്‍ഷത്തിനകം രണ്ടുഗഡുക്കളായോ അടയ്ക്കാവുന്നതാണ്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യത്തിനായി സംരംഭകര്‍ നവംബര്‍ ഏഴിനകം ജില്ലാ വ്യവസായ കേന്ദ്രം/ താലൂക്ക് വ്യവസായ ഓഫീസുകള്‍ /ബ്ലോക്ക്, മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് വായ്പ കുടിശ്ശിക അടച്ച് വായ്പ തീര്‍പ്പാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2505408, 2505385 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.  

date