Skip to main content

വീടുകളുടെ താക്കോൽദാനം നിർവഹിച്ചു

ചെമ്പനോടയിൽ സ്പോൺസർമാരുടെയും പഞ്ചായത്തിൻറെയും സഹായത്തോടെ നിർമ്മിച്ച അഞ്ച് നിർധന കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോൽ ദാനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. ചെമ്പനോട സ്വദേശി ഡോക്ടർ വി കെ മനോജ് കഴിഞ്ഞവർഷം നിർധനരായ 13 കുടുംബങ്ങൾക്ക് നൽകിയ ഒരേക്കർ ഭൂമിയിൽ വീടുപണി പൂർണമായും പൂർത്തിയായ 7 വീടുകളിൽ അഞ്ചു വീടുകളുടെ താക്കോൽദാനമാണ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചത്. ചെമ്പനോട സ്വദേശിയായ ഡോക്ടർ വി കെ മനോജ് അദ്ദേഹത്തിൻറെ പിതാവ് ഇല്ലിക്കൽ കുഞ്ഞൗസേപിൻറെ സ്മരണാർത്ഥമാണ് ഒരേക്കർ ഭൂമി 13 നിർധനർക്ക് നൽകിയത്. സ്പോൺസർമാരുടെയും പഞ്ചായത്തിൻറെയും സഹായത്തോടെ ഈ വീടുകളുടെ പണി പൂർത്തിയായിട്ടുണ്ട്. ഇതിൽ പൂർണ്ണമായും താമസയോഗ്യമായ ഏഴു വീടുകളിൽ അഞ്ചു വീടിൻറെ താക്കോൽദാനം ആണ് മന്ത്രി നിർവഹിച്ചത്. എല്ലു രോഗ വിദഗ്ധനായ ഡോക്ടർ മനോജ് വിദേശത്താണ് ജോലി ചെയ്യുന്നത്.

 

 

 

 

ഓണാഘോഷം; ഇന്നത്തെ പരിപാടികള്‍ (11-09-2019)

 

 

 

 

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് ആസ്വാദകരുടെ മനം നിറക്കാനായി നിരവധി ഓണാഘോഷ പരിപാടികളാണ് ഇന്ന്(സെപ്റ്റംബർ 11) ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ ടാഗോർ ഹാളിൽ ആറ് മണിക്ക് മ്യൂസീഷ്യൻസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗാനമേള നടത്തും. മാനാഞ്ചിറയിൽ വൈകിട്ട് അഞ്ച് മുതൽ ആറ് മണി വരെ വുഷുപ്രദർശനം ഉണ്ടായിരിക്കും. തുടർന്ന് രാത്രി എട്ട് മണിക്ക് കൊയിലാണ്ടി അരങ്ങ്, നാട്ടുണർവ്വ് കലാ സംഘത്തിന്റെ കരകാട്ടം, കാവടിയാട്ടം, നാടൻ പാട്ടുകൾ ദൃശ്യാവിഷ്കാരങ്ങൾ എന്നിവ അരങ്ങേറും. കുറ്റിച്ചിറയിൽ രാത്രി ഏഴ് മണിക്ക് പതിവുപോലെ ഗാനമേള ഉണ്ടാവും. ടൗണ്‍ഹാളില്‍ വൈകീട്ട് ആറിന് നാടകപ്രേമികൾക്കായി കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന 'വേനലവധി' എന്ന നാടകം അരങ്ങിലെത്തും.

 

 

 

പൂക്കളമത്സരം: സമന്വയ ഒന്നാം സ്ഥാനം നേടി

 

 

 

ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഡിടിപിസിയുടെയും ആഭിമുഖ്യത്തിൽ മാനാഞ്ചിറ ബിഇഎം സ്കൂളിൽ പൂക്കള മത്സരം നടന്നു. ആവേശകരമായ മത്സരത്തിൽ സമന്വയ റസിഡൻസ് അസോസിയേഷൻ ഒന്നാം സ്ഥാനവും, മൊളോയീസ് കുരുവട്ടൂർ രണ്ടാം സ്ഥാനവും, തിരുവോണം കുരിക്കത്തൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം 12 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നൽകും. സുനിൽ അശോകപുരം, കെ സി മഹേഷ്, അജയൻ കാരടി എന്നിവരടങ്ങുന്ന വിധികർത്താക്കളാണ് മത്സര നിർണയം നടത്തിയത്. ലിനി സ്മാരക അങ്കണവാടിക്കായി സ്ഥലം കൈമാറി ലിനി സ്മാരക അങ്കണവാടിക്കും സാംസ്കാരിക നിലയത്തിനുമായി ചെമ്പനോട വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ മൂന്നര സെൻറ് സ്ഥലം ചക്കിട്ടപ്പാറ പഞ്ചായത്തിന് വേണ്ടി മന്ത്രി ടി പി രാമകൃഷ്ണൻ ഏറ്റുവാങ്ങി. ചെമ്പനോട കുറത്തിപ്പാറയിൽ നടന്ന ചടങ്ങിൽ സ്ഥലത്തിന്റെ ആധാരം മന്ത്രി ടി പി രാമകൃഷ്ണൻ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിക്ക് കൈമാറി. നിപ്പ രോഗം ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെ രോഗം പകർന്ന സിസ്റ്റർ ലിനിയുടെ ഓർമ്മയ്ക്കായി, ' ലിനി- ദൈവത്തിൻറെ മാലാഖ' എന്ന പേരിലുള്ള വാട്സ്ആപ്പ് കൂട്ടായ്മയാണ് ചെമ്പനോട ലിനിയുടെ വീടിനടുത്തായി മൂന്നര സെൻറ് സ്ഥലം വിലകൊടുത്ത് വാങ്ങി ചക്കിട്ടപാറ പഞ്ചായത്തിന് കൈമാറിയത്. ഇവിടെ ലിനി സ്മാരക മാതൃകാ അങ്കണവാടിയും സാംസ്കാരികനിലയവും പഞ്ചായത്ത് നിർമ്മിക്കും. ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച ലിനി അനുസ്മരണസമ്മേളനവും മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ലിനിയുടെ വീട് സന്ദർശിക്കുകയും മക്കൾക്കും കുടുംബാംഗങ്ങൾക്കും ഓണാശംസകൾ നേരുകയും ചെയ്തു. തുടർന്ന് മന്ത്രി പന്നിക്കോട്ടൂർ ഹൗസിങ് കോളനി സന്ദർശിച്ചു ഓണാശംസകൾ നേർന്നു. ഇരുന്നൂറോളം കുടുംബങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്. കോളനിക്കടുത്തുള്ള പാലത്തിലൂടെ വാഹനഗതാഗതം ഉണ്ടെങ്കിലും, ബസ് പോകുന്നതിനുള്ള സൗകര്യം കൂടി ഉറപ്പാക്കണമെന്ന് കോളനിവാസികൾ ആവശ്യപ്പെട്ടു. ഈ സ്ഥലത്ത് പുതിയ ഒരു പാലത്തിൻറെ നിർമ്മാണത്തിനുള്ള സാധ്യതകൾ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

 

 

 

സെലിബ്രിറ്റി വടം വലി മത്സരം: കൈ കരുത്തിന്റെ ഉജ്വല പോരാട്ടം

 

 

 

 

 

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സെലിബ്രിറ്റി വടം വലി മത്സരത്തിന് ആവേശമാർന്ന പര്യവസാനം. മത്സരാർത്ഥികൾ ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ സ്പോർട്സ് കൗൺസിൽ ടീം ഒന്നാം സ്ഥാനവും കോർപ്പറേഷൻ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗത്തിൽ സ്പോർട്സ് കൗൺസിൽ ടീം ഒന്നാം സ്ഥാനവും കോർപ്പറേഷൻ ടീം രണ്ടാം സ്ഥാനവും നേടി. കാണികളുടെ ഓരോ ആർപ്പോ വിളിക്കും ശക്തിയുണ്ടെന്ന് അറിയിച്ച മത്സര മുഹൂർത്തങ്ങൾക്കായിരുന്നു മാനാഞ്ചിറ വേദിയായത്. പേനയും ക്യാമറയും മാത്രമല്ല കൈ കരുത്തിലും ഒട്ടും പിന്നിലല്ല തങ്ങളെന്ന് തെളിയിച്ച് അവസാന നിമിഷം വരെ പ്രസ് ക്ലബ് ടീമും പോരാടി. സ്പോർട്സ് കൗൺസിൽ ടീമിന്റെയും കോർപ്പറേഷന്റെയും വനിത വിഭാഗത്തിന്റെ മത്സരം കണ്ടു നിന്നവരിൽ ആവേശം നിറച്ചു. അവസാന നിമിഷം വരെ തോറ്റുപോവാതിരിക്കാൻ പ്രത്യേക ശ്രദ്ധയോടു കൂടിയായിരുന്നു ഇരു ടീമും മത്സരിച്ചത്. മത്സരത്തിന്റെ ആദ്യ റൗണ്ട് മുതൽ സ്പോർട്സ് കൗൺസിൽ ടീം (പുരുഷവിഭാഗം) വിജയം ഉറപ്പാക്കിയിരുന്നു. ടി എം അബ്ദു റഹിമാൻ(പുരുഷ വിഭാഗം), ഇ ഷമി (വനിത വിഭാഗം) തുടങ്ങിയവരുടെ നേതൃത്വത്തിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ടീം, കമാൽ വരദൂർ നയിച്ച പ്രസ്ക്ലബ്ബ് ടീം, ടി സി ബിജുരാജ് (പുരുഷ വിഭാഗം), ശ്രീജ ഹരീഷ് (വനിത വിഭാഗം) തുടങ്ങിയവർ നയിച്ച മേയര്‍ ടീം എന്നിവരാണ് സെലിബ്രെറ്റി കമ്പവലി മത്സരത്തിൽ പങ്കെടുത്തത്. പരിപാടി മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ മീര ദർശക്, ടൗൺ ഇൻസ്പെക്ടർ എ ഉമേഷ്, ഡിടിപിസി വൈസ് ചെയർമാൻ മൂസ ഹാജി, കെ ജെ മത്തായി, എം അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. ഡി ടി പി സി സെക്രട്ടറി ബി ബിന്ദു സമ്മാനദാനം നിർവ്വഹിച്ചു.

date