Skip to main content

വർണ്ണം 2019 സാക്ഷരതാ ദിനാചരണം ജില്ലാതല ഉദ്ഘാടനം

ഇച്ഛാശക്തിയുണ്ടെങ്കിൽ അസാധ്യമായതൊന്നുമില്ല എന്നതിന് തെളിവാണ് സാക്ഷരതാ മിഷന്റെ തുല്യതാ പഠന പരിപാടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോക സാക്ഷരതാ ദിനാചരണവും തുടർ വിദ്യാഭ്യാസ കലോത്സവം വർണ്ണം 2019ഉം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം തുല്യത പഠനത്തിലും ഏറെ മുന്നിലെത്തിയത് അഭിമാനാർഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ അങ്കണത്തിൽ സാക്ഷരതാ ദിന പതാകയുയർത്തി. 31 പത്താം തരം തുല്യതാ പഠന ക്ലാസുകളിലും, 26 രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി തുല്യതാ ക്ലാസുകളിലും, 29 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി തുല്യതാ ക്ലാസുകളിലും 188 സാക്ഷരതാ മിഷന്‍ വിദ്യാ കേന്ദ്രങ്ങളിലും വിവിധ സാക്ഷരതാ ദിനാചരണ പരിപാടികള്‍ നടന്നു. സാക്ഷരതാ ദിന പ്രഭാഷണം, സാക്ഷരതാ പ്രവര്‍ത്തകരെ ആദരിക്കല്‍, പഠിതാക്കളുടെ മത്സരങ്ങള്‍, ഓണാഘോഷ പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ അധ്യക്ഷത വഹിച്ചു. പെരിങ്ങളം ഗവ. ഹയര്‍ സെക്കന്റി സ്‌കൂളില്‍ നടന്ന പരിപാടിയിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സുബിത തോട്ടാൻഞ്ചേരി, ആരോഗ്യ വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷറഫുദ്ദീൻ, പെരുവയൽ ഗ്രാമ പഞ്ചായത്ത് അംഗം എം മനോഹരൻ, ആർ വി ജാഫർ, കോ ഓർഡിനേറ്റർ ജില്ലാ സാക്ഷരത മിഷൻ അബ്ദുൾ റഷീദ് ചോല, ഹയർ സെക്കണ്ടറി തുല്യത കോഴ്സ് സെന്റർ കോ ഓർഡിനേറ്റർമാരായ എ പി വിജയൻ, വി ഷൈജ, ഇ അനിത തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

അതിഥി തൊഴിലാളികൾക്ക് 11 - ന് ഓണസദ്യ

 

 

 

 

ജില്ലയിലെ ഓണാഘോഷങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് സെപ്തംബർ 11 ഉച്ചയ്ക്ക് 12 ന് ഓണ സദ്യ നല്കും. ടാഗോർ സെൻറിനറി ഹാളിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ഡിടിപിസി യുടെയും ആഭിമുഖ്യത്തിൽ ഓണസദ്യ നൽകുന്നത്.

 

 

 

 

സേവ് എ സൺഡേ സേവ് എ ബീച്ച്: അഞ്ഞൂറോളം ചാക്ക് മാലിന്യം നീക്കി

 

 

 

 

 

 

 

ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തിൽ നടന്ന "സേവ് എ സൺഡേ സേവ് എ ബീച്ച് " പദ്ധതിയിൽ ഇന്ന് (സെപ്റ്റംബർ 8) ബേപ്പൂർ പുലിമുട്ട് ബീച്ചിൽ നിന്ന് അഞ്ഞൂറോളം ചാക്ക് മാലിന്യങ്ങൾ നീക്കി. പൊതുജന പങ്കാളിത്തത്തോടെ വിവിധ വകുപ്പുകൾ, സംഘടനകൾ ക്ലബ്ബുകൾ, എൻ.എസ്.എസ്, രാഷ്ട്രീയ പാർട്ടികൾ തുടങ്ങീ സമൂഹത്തിലെ വിവിധ മേഖലകളെ കൂട്ടിയോജിപ്പിച്ച് കൊണ്ട് ഞായറാഴ്ചകളിൽ ജില്ലയിലെ തീരദേശങ്ങൾ ശുചീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രളയാനന്തരം തീരത്തടിഞ്ഞ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ജില്ലാ ഭരണകൂടത്തിനൊപ്പം കോർപ്പറേഷൻ, ഡിടിപിസി, പോർട്ട് ഓഫീസ്, കോസ്റ്റ് ഗാഡ് തീരദേശ ജാഗ്രതാ സമിതി, സമീപത്തെ റെസിഡൻസ് അസോസിയേഷൻ ,ബീച്ച് മേഖലയിലെ സർക്കാർ സ്ഥാപനങ്ങൾ, ഇ.എം സി മൽസ്യ തൊഴിലാളികൾ എൻ എസ് എസ് വളണ്ടിയർമാർ, രാഷ്ട്രീയ സാസ്കാരിക പ്രവർത്തകർ, മീഞ്ചന്ത ഹയർ സെക്കണ്ടറി സ്കൂൾ, എം. ഇ.എസ് കോളേജ്, പറയഞ്ചേരി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ എസ് .എസ് വളണ്ടിയർമാർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. ജില്ലാകളക്ടർ സാബ ശിവറാവു നേതൃത്വത്തിൽ ശുചിത്വ സാക്ഷരത കോർഡിനേറ്റർ യു.പി ഏകനാഥൻ, പരിസ്ഥിതി പ്രവർത്തകനായ പ്രമോദ് മണ്ണടത്ത് എന്നിവർ എകോപനം നടത്തി. ബീച്ച് പരിസരത്തെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ചാണ് ശുചീകരണം നടത്തിയത്. കടലോര ജാഗ്രതാ സമിതി ഭാരവാഹികളായ കെ.പി ഹുസൈൻ , പ്രേമൻ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, എനർജി മാനേജ്മെന്റ് സെന്റർ കോർഡിനേറ്റർ സിജേഷ്, വിവിധ രാഷ്ട്രീയ സാംസ്കാരിക കക്ഷി നേതാക്കൾ എന്നിവർ ക്ലസ്റ്ററുകളുടെ ശുചീകരണത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജെ.സി.ബി, മറ്റ് യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് കാടുവെട്ടി ശുചീകരണം തുടരും. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തീരദേശ മേഖലയിലുള്ള മുഴുവൻ ആളുകൾക്കും ശുചിത്വം, മാലിന്യ സംസ്കരണം, മാലിന്യം വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനുമെതിരെ സ്വീകരിക്കാവുന്ന നിയമങ്ങൾ തുടങ്ങിയവയെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തും.

 

 

 

 

വഖ്ഫ് ബോര്‍ഡ് വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

 

 

 

 

 

കോഴിക്കോട്: 2018-19 അദ്ധ്യായന വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടിയ സംസ്ഥാനത്തെ 30 മുസ്ലിം വിദ്യാര്‍ത്ഥികളെ കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് ആദരിക്കുന്നു. സെപ്റ്റമ്പര്‍ 14 ന് രാവിലെ 10 മണിക്ക് കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ച് നടക്കുന്ന അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും ഉപഹാരവും നല്‍കും.

 

 

 

 

ക്വിറ്റ് ടു കെയർ പരിശീലനം നടത്തി

 

 

 

 

 

പുകവലി, മദ്യപാനം മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്വിറ്റ് ടു കെയർ പദ്ധതിയുടെ പരിശീലനം ജില്ലാ ജഡ്ജിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ കലക്ടർ സാംബശിവറാവു മുൻകൈ എടുത്തു നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജില്ലാ ലീഗൽ സർവീസ് അതോറ്റിയുടെ സഹായത്തോടെ ക്വിറ്റ് കെയർ കോർഡിനേഷൻ കമ്മറ്റിയാണ് ക്ലാസ്സ് നടത്തിയത്. ക്ലാസ്സിൽ എക്സൈസ്, പോലീസ്, എൻ.എച്ച്.എം, ഇംഹാൻസ്, ചൈൽഡ്ലൈൻ, തുടങ്ങിയ വിവിധ വകുപ്പുകളിൽ നിന്നായി 86 ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു. ക്വിറ്റ് കെയർ കോർഡിനേഷൻ മെമ്പർമാരായ,ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി( സബ് ജഡ്ജ്) എ.വി ഉണ്ണികൃഷ്ണൻ, കോർഡിനേറ്റർ യു.പി ഏകനാഥർ, പ്രമോദ് മണ്ണടത്ത് എന്നിവരുടെ നേത്യത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. തുടർ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് ശക്തിപ്പെടുത്തുമെന്നു ജില്ലാ കളക്ടർ അറിയിച്ചു.

 

 

 

ഓണാഘോഷത്തിന് ഇന്ന് (സെപ്റ്റംബർ 9) തുടക്കം-

 

 

 

 

ഇന്നത്തെ വിവിധ പരിപാടികൾ ഇന്ന് (സെപ്തംബര്‍ ഒമ്പതിന്) വൈകീട്ട് അഞ്ചിന് ജില്ലയിലെ ഓണാഘോഷത്തിന്റെ മുഖ്യ വേദിയായ ടാഗോര്‍ ഹാളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തിരിതെളിയും. ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.  എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. എം.പിമാരായ എം.കെ. രാഘവന്‍, എളമരം കരീം, എം.പി വീരേന്ദ്ര കുമാര്‍ ജില്ലയിലെ മറ്റ് എംഎല്‍എമാര്‍,  കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.    ഉദ്ഘാടന ചടങ്ങിനു ശേഷം 6.30 ന് പ്രശസ്ത നര്‍ത്തകിയും ചലച്ചിത്ര താരവുമായ ആശാശരത്തും 40 കലാകാരന്മാരുമൊരുക്കുന്ന 'ദേവ ഭൂമിക'  സംഗീത ശില്‍പ്പം അരങ്ങേറും. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ സമന്വയിക്കുന്ന  സംഗീത ശില്‍പ്പത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ദൃശ്യാവിഷ്‌കാരം നല്‍കിയത് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ് കുമാറുമാണ്. പ്രശസ്ത സംഗീത സംവിധായകന്‍ രമേഷ് നാരായണനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.   ഓണാഘോഷത്തിന്റെ ഭാഗമായുള്ള നാടകങ്ങള്‍ അരങ്ങേറുന്നത് ടൗണ്‍ഹാളിലാണ്. സെപ്തംബര്‍ ഒമ്പതിന് വൈകീട്ട് ആറിന് കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ എന്ന നാടകത്തോടെ അരങ്ങുണരും. ഉദ്ഘാടന ദിവസം മാനാഞ്ചിറയിലെ വേദിയില്‍ കളരിപ്പയറ്റ് പ്രദര്‍ശനം, പഞ്ചാരിമേളം, നാട്ടരങ്ങ് എന്നിവ നടക്കും. കളരിപ്പയറ്റ് പ്രദർശനം വൈകിട്ട് അഞ്ചു മുതൽ ആറു വരെയും, കുരുവട്ടൂർ സ്വരലയ അവതരിപ്പിക്കുന്ന പഞ്ചാരിമേളം വൈകീട്ട് 6 മുതൽ 7 വരെയും, ഇപ്റ്റ അവതരിപ്പിക്കുന്ന നാട്ടരങ്ങ് വൈകീട്ട് 7 മുതൽ 9 വരെയും മാനാഞ്ചിറയിൽ അരങ്ങേറും. മജീഷ്യൻ പ്രദീപ് ഹുഡിനോ അവതരിപ്പിക്കുന്ന വണ്ടർ ഓൺ വീൽസ് രാവിലെ 10ന് കടലുണ്ടി ലെവൽക്രോസ്, 12 മണിക്ക് ഒളവണ്ണ കൊടിനാട്ടുകുന്ന്, വൈകീട്ട് നാലിന് കോഴിക്കോട് ബീച്ച്, 5 30 ന് വെള്ളയിൽ എന്നിവിടങ്ങളിൽ ഇന്ന് (സെപ്റ്റംബർ 9) അരങ്ങേറും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് ജില്ലയിലെ ഓണാഘോഷം ഒരുക്കുന്നത്. 

 

 

അഴിയൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനമായി1000 രൂപ വിതരണം ചെയ്തു

 

 

 

കഴിഞ്ഞ സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ഓണ സമ്മാനമായി സർക്കാർ പ്രഖ്യാപിച്ച 1000 രൂപ വിതരണം ചെയ്തു.79 തൊഴിലാളികൾക്കാണ് ആനുകുല്യം നൽകിയത്, പഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് , പത്മിനി.സി.ടി, നാണി .സി .എം,വസന്തകുമാരി ,എന്നിവർക്ക് ചെക്കായി നൽകി, ബാക്കി തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് തുക നൽകി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന രയരോത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംങ്കണ്ടി, സുധ മാളിയക്കൽ, ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മെമ്പർമാരായ ഉഷ കുന്നുമ്മൽ, സുകുമാരൻ കല്ല റോത്ത്, സാഹിർ പുനത്തിൽ, ഓവർസിയർ കെ.രഞ്ചിത്ത് കുമാർ, എന്നിവർ സംസാരിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രുപയാണ് തൊഴിലുറപ്പ് പദ്ധതിയിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് ചിലവഴിച്ചത് ,2017-18 സാമ്പത്തിക വർഷത്തിൽ രണ്ട് തൊഴിലാളികൾ 100 ദിനം പൂർത്തീകരിച്ചതെങ്കിൽ 2018-19 വർഷത്തിൽ 79 തൊഴിലാളികൾ 100 ദിനം പൂർത്തികരിച്ചു.നടപ്പ് വർഷത്തിൽ 24 ലക്ഷം രുപ ചിലവഴിച്ചിട്ടുണ്ട്. മലിന ജലം പൊതു സ്ഥലങ്ങളിൽ തള്ളുന്നത് തടയുന്നതിന് സോക്പിറ്റ് 36 ലക്ഷം രുപ ചിലവഴിച്ച് ഗ്രാമസഭ തിരഞ്ഞെടുത്തവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച് നൽകുന്നതാണ്.

 

 

 

 

കായണ്ണ ഗ്രാമപഞ്ചായത്തിൽ എം.സി. എഫ് കേന്ദ്രം ആരംഭിക്കും

 

 

 

തീരുമാനം ജില്ലാ കലക്ടർ സാംബശിവറാവു നടത്തിയ ചർച്ചയിൽ കായണ്ണ ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് കേന്ദ്രം ആരംഭിക്കാൻ തീരുമാനമായി. ജില്ലാ കലക്ടർ സാംബശിവറാവു ആക്ഷൻ കമ്മിറ്റി മെമ്പർമാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് എം.സി.എഫ് സ്ഥാപിക്കുന്നതിന് തീരുമാനമായത്. പഞ്ചായത്തിൽ എം.സി.എഫ് കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ എതിർപ്പ് തുടർന്ന സാഹചര്യത്തിലാണ് ചർച്ച നടത്തിയത്. ഭാവിയിൽ എം.സി.എഫ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു പോകാനും കലക്ടർ നിർദേശിച്ചു. ശുചിത്വ മാലിന്യ സംസ്കരണ പ്രക്രിയയുടെ ഭാഗമായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുകയും അതുമായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും ചർച്ചയിൽ തീരുമാനമായി കായണ്ണ ബസാറിൽ ഇറിഗേഷൻ വകുപ്പ് വിട്ടുനൽകിയ 10 സെന്റ് സ്ഥലത്താണ് എം.സി.എഫ് കേന്ദ്രം ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചിരുന്നു എങ്കിലും പ്രാദേശിക എതിർപ്പിനെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു. നിലവിൽ 34 എം.സി.എഫ് കേന്ദ്രങ്ങളാണ് ജില്ലയിൽ ശാസ്ത്രീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. പത്മജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.എം രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ദീപു രാജ് , വില്ലജ് ഓഫീസർ രതീഷ്, ആക്ഷൻ കമ്മിറ്റി മെമ്പർമാർ, ഹരിത കേരളം മിഷൻ യങ് പ്രൊഫഷണൽ ആഗ്നേയ് ജെ.പി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

date