Skip to main content
ഹരിത നിയമസദസ് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വ്വഹിച്ച് സംസാരിക്കുന്നു

ഹരിതനിയമ സദസുകള്‍ക്ക് തുടക്കമായി

 

ഹരിതകേരള സൃഷ്ടിക്കായി ഹരിതചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍  ഹരിതനിയമ സദസുകള്‍ക്ക് തുടക്കമായി. പൊതുജനങ്ങളിലും ജനപ്രതിനിധികളിലും മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും അവ ലംഘിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളും വ്യക്തമാക്കുന്നതിനായാണ് ഹരിതനിയമ സദസുകള്‍ സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങള്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന പ്രവണത ഇല്ലാതാക്കാന്‍ പിഴ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും ഇതിനായുള്ള ഹരിത നിയമങ്ങള്‍ നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്നും ഹരിതനിയമ സദസ് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. പുതുപ്പരിയാരം സ്വാഗത് ഹാളില്‍ നടന്ന ഹരിത നിയമസദസുകളുടെ ജില്ലാതല ഉദ്ഘാടനത്തില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു.പ്രസന്നകുമാരി അധ്യക്ഷയായി.
മാലിന്യമുക്തി ലക്ഷ്യമിട്ടുകൊണ്ട് അരുത്, വലിച്ചെറിയരുത്,കത്തിക്കരുത് എന്ന ആഹ്വാനത്തോടെ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഓരോ വാര്‍ഡുകളിലും രണ്ട് വീതം ഹരിത നിയമ സദസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഹരിതകേരളംമിഷന്‍ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍മാരായ സി.നാരായണന്‍കുട്ടി, വി.രാധാകൃഷ്ണന്‍ എന്നിവര്‍ ഹരിതനിയമാവലി സംബന്ധിച്ച് ക്ലാസെടുത്തു.
സെപ്റ്റംബര്‍ 16 മുതല്‍ 28 വരെയാണ് ഹരിത നിയമ സദസുകള്‍ സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി മുതല്‍ ഹരിതചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിച്ച് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിയ്ക്കും.
പുതുപ്പരിയാരം ഗ്രാമപഞ്ചായത്തംഗങ്ങള്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഹരിതകേരളം ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

 

date