Skip to main content

അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം: സ്റ്റീല്‍ ബോട്ടിലുകള്‍ വിതരണം ചെയ്തു

      നൂതനമായ പദ്ധതികള്‍  നടപ്പാക്കി സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം എന്ന പദ്ധതിയിലൂടെ 12000 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്റ്റീല്‍ ബോട്ടിലുകള്‍ വിതരണം ചെയ്തു. പള്ളിക്കര ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന വിതരണ ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 
     ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വെളിയങ്കോട്, നന്നംമുക്ക്, ആലംകോട്, പെരുമ്പടപ്പ്, മാറഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ   എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളു കളിലെ പ്രീ പ്രൈമറി, എല്‍.പി, യു.പി വിഭാഗത്തിലെ  വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റീല്‍ ബോട്ടില്‍ നല്‍കിയത്.  2019-20 വാര്‍ഷിക പദ്ധതിയിലൂടെയാണ്  അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം പദ്ധതി നടപ്പാക്കുന്നത്. രണ്ടാം തവണയാണ്  സംസ്ഥാനത്തിനു തന്നെ മാതൃകയായ 'അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം' പദ്ധതി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ഇന്നവേറ്റീവ് കമ്മറ്റിയുടെ പ്രത്യേക അംഗീകാരം നേടുന്ന ജില്ലയിലെ ആദ്യ നൂതന പദ്ധതിയാണ് അതുല്യം.
       കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബ്ലോക്ക് പരിധിയിലെ പൊതു വിദ്യാലയങ്ങളില്‍ മാത്രം നടപ്പിലാക്കിയ പദ്ധതി ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ കൂടുതല്‍ വിദ്യാലയങ്ങളില്‍  ബ്ലോക്ക് ഭരണസമിതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുബൈദ അധ്യക്ഷയായ ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date