Skip to main content

പ്രതീക്ഷ പദ്ധതി മുഴുവന്‍ പഞ്ചായത്തുകളിലും വ്യാപിപ്പിക്കും

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന  പ്രതീക്ഷ പദ്ധതി കൂടുതല്‍ പഞ്ചായത്തുകളില്‍ തുടരുന്നതിന് പ്രതീക്ഷ ജില്ലാ അവലോകന യോഗം തീരുമാനിച്ചു. മാനസിക, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്കായി 2002 ല്‍ ആണ് ജില്ലാ പഞ്ചായത്ത് പ്രതീക്ഷ പദ്ധതിക്കു തുടക്കമിട്ടത്. ഇത്തരം കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡേകെയര്‍ സെന്ററുകള്‍. സ്‌കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഡേ കെയറുകളിലെത്തുന്ന കുട്ടികളില്‍ സോഷ്യല്‍ കൗണ്‍സിലിങിലൂടെ ഉണ്ടാകുന്ന മാറ്റം ശ്രദ്ധേയമാണ്. ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ  സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കി വരുന്നത്. പദ്ധതി നിലവിലില്ലാത്ത ജില്ലയിലെ അവശേഷിക്കുന്ന പഞ്ചായത്തുകളില്‍ കൂടി പദ്ധതി ആരംഭിക്കാന്‍ ജില്ലാ പഞ്ചായത്തിനോട് ശുപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന അവലോകന യോഗം പ്രസഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ കണ്‍വീനര്‍ സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിര സമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, അംഗങ്ങളായ സറീന ഹസീബ്, എം.കെ റഫീഖ, കോഓര്‍ഡിനേറ്റര്‍ എ.പി അബ്ദുല്‍ കരീം, വിനോദ് എന്നിവര്‍ പങ്കെടുത്തു.
 

date