Skip to main content

കലോത്സവം  അന്നും ഇന്നും

 

കലോത്സവം അഞ്ച് വേദികളില്‍ നിന്ന് 28  വേദികളിലേക്ക്....

കാസര്‍കോട്  ജില്ല രൂപീകരിച്ച് ഏഴ് വര്‍ഷം മാത്രം പ്രായമുള്ളപ്പോഴാണ്  ആദ്യമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളിയത്. കൃത്യമായി പറഞ്ഞാല്‍ 1991 ല്‍. പിന്നീട്  28 വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴാണ് ജില്ലയ്ക്ക് വീണ്ടും കലോത്സവത്തിന്  ആതിഥ്യമരുളാനുളള സുവര്‍ണ്ണാവസരം  കൈവന്നിരിക്കുന്നത്. ഇത്തവണ 28 വേദികളിലായി കാഞ്ഞങ്ങാടും നീലേശ്വരത്തും പരിസര പ്രദേശങ്ങളിലും  ആണ് കലോത്സവം സംഘടിപ്പിക്കുന്നതെങ്കില്‍ അന്ന് അഞ്ച് വേദികളിലായിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. കാസര്‍കോട് താളിപ്പടുപ്പ് മൈതാനം ആയിരുന്നു മുഖ്യവേദി. അന്നത്തെ കാസര്‍കോട് ഗവണ്‍മെന്റ്  ഹൈസ്‌കൂള്‍, കാസര്‍കോട് ലളിത കലാ മന്ദിരം, കാസര്‍കോട് ചിന്‍മയ മിഷന്‍ ഹാള്‍,കാസര്‍കോട്  ഗവണ്‍മെന്റ് കോളെജ് എന്നിവയായിരുന്നു  മറ്റു വേദികള്‍. ഏതാണ്ട്  3,000 മത്സരാര്‍ത്ഥികള്‍
മാത്രമാണ് അന്ന് കലോത്സവത്തിനായി എത്തിയിരുന്നത്. 68 ഇനങ്ങള്‍ മാത്രമാണ്  ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. 240 ല്‍ പരം  ഇനങ്ങളിലായി 13,000  ലധികം കുട്ടികളാണ്  കലോത്സത്തില്‍ മാറ്റുരക്കാന്‍ ഇത്തവണ കാഞ്ഞങ്ങാട് എത്തുന്നത്.
    1991 ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി  വിദ്യാനഗറില്‍ നിന്ന് താളിപ്പടുപ്പ്  മൈതാനിയിലേക്ക് നടത്തിയ വിളംബര ജാഥ ഉദ്ഘാടനം ചെയ്തതും പതാക  ഉയര്‍ത്തിയതും അന്നത്തെ  കാസര്‍കോട്  ജില്ലാ കളക്ടര്‍ ജെ  സുധാകരനായിരുന്നുവെന്ന് അന്നത്തെ  കലോത്സവ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും റിട്ടയേര്‍ഡ്  കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ പി. ശ്രീധരന്‍ ഓര്‍ക്കുന്നു.
      അന്ന്  കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്കുള്ള ഭക്ഷണപ്പുര ഒരുക്കിയിരുന്നത് താളിപ്പടുപ്പ് മൈതാനിയോട്  ചേര്‍ന്നാണ്. മൂന്ന് ദിവസങ്ങളില്‍ ആയിട്ടായിരുന്നു  കലോത്സവം. പലപ്പോഴും  മത്സരങ്ങള്‍ പുലര്‍ച്ചെ നീണ്ടുനിന്നിരുന്നു. എന്നാല്‍ ഇത്തവണ സമയബന്ധിതമായി നടത്താനുള്ള  തയ്യാറെടുപ്പിലാണ്  സംഘാടകര്‍. ഇപ്പോള്‍ ഐങ്ങോത്താണ് ഭക്ഷണ പുര  ഒരുക്കിയിരിക്കുന്നത്. അഞ്ച് ദിനങ്ങളില്‍ ആയിട്ടാണ് കലോത്സവം നടത്തുക.
      അന്ന്  നാമമാത്രമായ മാധ്യമ പ്രവര്‍ത്തകരാണ് കലോത്സവാര്‍ത്തകള്‍ ശേഖരിക്കുന്നതിനും  റിപ്പോര്‍ട്ട് ചെയ്യുന്നതിനും എത്തിയിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി  തികച്ചും വ്യത്യസ്തമാണ്. ഏഷ്യയിലെ   കൗമാരക്കാരുടെ ഏറ്റവും വലിയ  കലാമേളയായ  കേരള സംസ്ഥാന കലോത്സവത്തിന്റെ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്  1500 ഓളം മാധ്യമപ്രവര്‍ത്തകരാണ്  കാഞ്ഞങ്ങാട് എത്തുന്നത്.
കലോത്സവം  ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍  മാത്രം ആണ് അവശേഷിക്കുന്നത്. സംഘാടനത്തിലും  കലോത്സവ നടത്തിപ്പിലും 1991 ല്‍  2019 ല്‍ എത്തുമ്പോള്‍  അജഗജാന്തരം വ്യത്യസം ഉണ്ടെങ്കിലും 1991 ല്‍ കലോത്സവം  സംഘടിപ്പിച്ചപ്പോള്‍ അതിഥികള്‍ക്ക് നല്‍കിയ കരുതല്‍ ഇത്തവണയും നല്‍കുമെന്ന്  കാസര്‍കോടുകാര്‍ ഒന്നടങ്കം പറയുന്നു. 

date