Skip to main content

കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ക്കെതിരെ രക്ഷാവലയം തീര്‍ക്കണം; എം. പി

കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ജാതി-മത-വര്‍ഗ്ഗ-ഭാഷാ-രാഷ്ട്രീയത്തിന് അതീതമായി മനസ്സാക്ഷിയുള്ള എല്ലാവരും രക്ഷാ വലയം തീര്‍ത്ത് എന്നും അവരെ സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി  പറഞ്ഞു.  ജില്ലാ ശിശുക്ഷേമ  സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, വനിതാ വികസന വകുപ്പ്  എന്നിവയുടെ സഹകരണത്തോടെ നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച  ശിശുദിനാഘോഷ പരിപാടിയില്‍ ശിശുദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ആലസ്യത്തില്‍ മയങ്ങിയ ഒരു തലമുറയെ തട്ടിയുണര്‍ത്തി കര്‍മ്മ നിരതരാക്കിയ രാഷ്ട്രശില്‍പിയുടെ ജന്മ ദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയുടെ കാര്‍ഷിക- വ്യാവസായിക- ശാസ്ത്ര സാങ്കേതിക രംഗത്ത് കൊണ്ടുവന്ന പുത്തന്‍ ഉണര്‍വ്വ് നെഹ്‌റുവിനെ രാഷ്ട്ര ശില്‍പി എന്ന വിശേഷണത്തിന് അര്‍ഹനാക്കി. പ്ലാനിങ് കമ്മീഷന്‍, ഐ.ഐ.ടി, ഈ രാജ്യത്തെ അണക്കെട്ടുകള്‍, യു.ജി.സി, അറ്റോമിക് എനര്‍ജി തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളുടെ ശില്‍പിയാണ് കുട്ടികളുടെ ചാച്ചാജിയെന്ന്  അദ്ദേഹം പറഞ്ഞു.

മരണം വരെ ജനാധിപത്യ വിശ്വാസിയും മതേതര വാദിയുമായിരുന്ന നെഹ്‌റുവിന് കുട്ടികളോട് എന്നും പ്രിയമായിരുന്നു. കുട്ടികളെ പൂമൊട്ടുകളോടുപമിക്കാന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത് അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ശിശുദിന സ്റ്റാമ്പ്  പ്രകാശനം ചെയ്തു. തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അലീനയാണ് ശിശുദിന സ്റ്റാമ്പ് രൂപകല്‍പന ചെയ്തത്. ലോക ശ്രദ്ധയാകര്‍ഷിച്ച വിദ്യാര്‍ത്ഥിനികളായ മലാലലയെയും ഗ്രേറ്റ തുന്‍ബെര്‍ഗിനെ പോലെയും നമ്മുടെ കുട്ടികളും ഉയര്‍ന്നുവരണെമെന്ന് കളക്ടര്‍  പറഞ്ഞു. ജില്ല ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ള ക്ഷാമത്തിന്റെതാണ്. നമ്മുടെ ഭൂഗര്‍ഭജലം കേവലം 2.2 ശതമാനം മാത്രമേ ബാക്കിയുള്ളൂ. നാളത്തെ തലമുറയായ നിങ്ങള്‍ ഇതിനെതിരെ രംഗത്ത് വരണമെന്ന് കുട്ടികളോട് കളക്ടര്‍ പറഞ്ഞു.

date