Skip to main content

ചാലിക്കര പുളിയോട്ട് മുക്ക് - അവറാട്ട് മുക്ക് റോഡ്  നവീകരണപ്രവൃത്തി തുടങ്ങി 

 

 

 

 

ഭാവിയില്‍ നാടിന് ഗുണകരമാകുമെന്ന തിരിച്ചറിവോടെ റോഡ് വികസന പ്രവൃത്തികളില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്ര ചാലിക്കര പുളിയോട്ട് മുക്ക് - അവറാട്ട് മുക്ക് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 

വികസനത്തിന് വേണ്ടി ആരുടെയും ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നയമല്ല. സ്ഥലം വിട്ടു കൊടുക്കാന്‍ സ്വമേധയാ ജനങ്ങള്‍ മുന്നോട്ട് വരികയാണെങ്കില്‍ മാത്രമേ റോഡ് വീതി കൂട്ടുന്ന കാര്യം ആലോചിക്കൂ. രണ്ട് ഘട്ടങ്ങളിലായാണ് ടാറിംഗ് നടത്തുന്നത്. അതുകൊണ്ട് തന്നെ റോഡ് വീതി കൂട്ടണം എന്ന് ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇപ്പോള്‍ സാധിക്കും. അടിസ്ഥാന സൗകര്യങ്ങളില്‍ പെട്ടതാണ് റോഡ് നിര്‍മാണം. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പ്രളയത്തിന്റെ ഭാഗമായി തകര്‍ന്നു പോയ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കികഴിഞ്ഞതായും മന്ത്രി പറഞ്ഞു. മൂരാട് സ്‌കൂള്‍ വരെയുള്ള പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. എട്ട് മാസമാണ് ടെണ്ടര്‍ അനുസരിച്ചുളള കാലാവധി. എന്നാല്‍ നാല് മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നാണ് കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

 

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ ബാലന്‍, നൊച്ചാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എം മനോജ് എന്നിവര്‍ സംസാരിച്ചു. 

 

 

 

 

 

അഴിയൂരില്‍ കുടുംബശ്രീ യൂണിറ്റ് വിത്ത് പേന വിപണിയിലിറക്കി

 

 

 

 

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ആരോമല്‍ കുടുംബശ്രീ ആരംഭിച്ച വിത്ത് പേന നിര്‍മ്മാണ യുനിറ്റില്‍ നിന്ന് ആദ്യമായി പുറത്തിറക്കുന്ന വിത്ത് പേന തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ധരേഷന്‍ ഉണ്ണിത്താന്‍ വിപണിയിലിറക്കി. ചീര, പയര്‍, വെണ്ട, വഴുതിന, എന്നിവയുടെ വിത്ത് ആണ് വിത്ത് പേനയില്‍ ഉള്ളത്. പരിശീലനം ലഭിച്ച, കുടുംബശ്രീ അംഗമായ ഷീബയാണ് വിത്ത് പേന ഉണ്ടാക്കുന്നത്. കുടുംബശ്രീ സി.ഡി.എസ് അംഗം പ്രേമയുടെ സഹായത്തോടെയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍ എന്നിവര്‍ സംബന്ധിച്ചു. കല്ലാമല യു.പി.സ്‌കൂള്‍, എസ്.എം.ഐ.സ്‌കൂള്‍ എന്നിവിടങ്ങളിലെ 2000 കുട്ടികള്‍ക്ക് വിത്ത് പേന നല്‍കി കഴിഞ്ഞു. മണ്ണില്‍ ലയിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് പേന നിര്‍മ്മിക്കുന്നത് ഒന്നിന് അഞ്ച് രൂപയാണ് വില.  

 

 

 

 

സൗജന്യ എല്‍.ഡി.സി പരീക്ഷാ പരിശീലനം 

 

 

 

പട്ടികജാതി/ഗോത്രവര്‍ഗ്ഗ (എസ്.സി/എസ്.ടി) ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ എല്‍.ഡി.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 11  ന് രാവിലെ 9.30  ന് കോഴിക്കോട് പ്ലാനറ്റോറിയത്തിന് എതിര്‍ വശത്തുള്ള മിനര്‍വ്വാ കോച്ചിംഗ് സെന്ററില്‍ എത്തണം. 30 ദിവസത്തെ സൗജന്യ പരിശീലനം കോഴിക്കോട് കോച്ചിംഗ് കം ഗൈഡന്‍സ് സെന്ററിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ഫോണ്‍ - 0495 2376179. 

 

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഐഎംസിഎച്ച് ബ്ലോക്കിലും ഐസിഡി ബ്ലോക്കിലും സൈനേജ് വെയ്ക്കുന്നതിലേക്കായി നിരക്കുകള്‍ ക്വാട്ട് ചെയ്യുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഫറുകളുടെ ഫോം ഡിസംബര്‍ 11,12 തീയതികളില്‍ രണ്ട് മണി വരെ കോഴിക്കോട് ഡിവിഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഓഫറുകള്‍ അന്നേ ദിവസം മൂന്ന് മണി വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് 0495 2369545.

 

 

 

സൗദിയിലും കുവൈറ്റിലും ഗാര്‍ഹിക തൊഴില്‍ അവസരങ്ങള്‍

 

 

 

നോര്‍ക്ക റുട്ട്സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാര്‍ഹിക ജോലിക്കാരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. വിസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്ര്യുട്ട്മെന്റ് തികച്ചും സൗജന്യം. രണ്ട് വര്‍ഷമാണ് കരാര്‍ കാലാവധി. താല്പര്യമുള്ളവര്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഫുള്‍ സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ norkadsw@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

 

 

 

കേരള ഓട്ടോറിക്ഷ ക്ഷേമനിധി പദ്ധതി; 

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

 

 

 

കേരള ഓട്ടോറിക്ഷ ക്ഷേമനിധി 1991 പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് യഥാക്രമം 300, 400, 500 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 24. ഫോണ്‍ 0495 2767213.

 

 

 

രജിസ്ട്രേഷന്‍ പുതുക്കാം

 

 

 

എംപ്ലോയ്മെന്റ് രജിസ്ടഷന്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട  ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാനായി 2020 ജനുവരി 31 വരെ അവസരം. 1999 ജനുവരി ഒന്ന്  മുതല്‍ 20-11-2019 നവംബര്‍ 20  (എംപ്ലോയ്മെന്റ് റജിസ്ട്രേഷന്‍ കാര്‍ഡില്‍ 10 98 മുതല്‍  08/2019 വരെ എന്ന് രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) വരെയുളള കാലയളവില്‍ പുതുക്കാന്‍ കഴിയാതെ പോയവര്‍ക്കാണ് അവസരം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ www.employment.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖാന്തരമോ സ്മാര്‍ട്ട് ഫോണ്‍ സംവിധാനം വഴിയോ സ്പെഷ്യല്‍ റിന്യൂവല്‍ നടത്താം. ഇക്കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ഞ്ചേ് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലിപൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും അവസരമുണ്ട്. രാജിവെച്ചവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് /മാര്‍ക്ക് ലിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്/ടി.സി എന്നിവ ഹാജരാക്കിയും ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്ന് നോ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് രജിസ്ട്രേഷന്‍ റദ്ദായ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകില്ലെന്ന് താമരശ്ശേരി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. 

 

 

 

ദര്‍ഘാസ് ക്ഷണിച്ചു

 

 

കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ തുറമുഖ വകുപ്പിന്റെ അധീനതയിലുളളതും ബേപ്പൂര്‍ തുറമുഖ പുലിമുട്ടിന് സമീപമുളളതുമായ സ്ഥലത്ത് വാഹന പാര്‍ക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 0495 2414863, 2414039.

 

 

 

പീഡിയാട്രിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 

നഴ്‌സിംഗ് പരിശീലന കോഴ്‌സുകള്‍ 

 

 

മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് പീഡിയാട്രിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹെമറ്റോ ഓങ്കോളജി വിഭാഗത്തില്‍ നാല് ഒഴിവിലേക്ക് നഴ്സിംഗ് പരിശീലന കോഴ്സുകള്‍ തുടങ്ങും. ആറുമാസം സ്റ്റൈപ്പന്റോടു കൂടിയ ഇന്റേണ്‍ഷിപ്പ് അടങ്ങുന്നതാണ് പരിശീലന പരിപാടി. യോഗ്യത ബി.എസ്.സി നഴ്‌സിംഗ്. താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് ഓഫീസില്‍ എത്തണം. കേരള രജിസ്‌ട്രേഷന്‍ ഉളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. എഴുത്തു പരീക്ഷ ഉണ്ടായിരിക്കും. ആറു മാസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആറ് മാസത്തേക്ക് 7000 രൂപ സ്റ്റൈപന്റോടുകൂടി താല്‍ക്കാലികാടിസ്ഥാനത്തില്‍ പീഡിയാട്രിക് വിഭാഗത്തില്‍ ജോലി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിശുവിഭാഗവുമായോ, നേഴ്‌സിംഗ് ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ - 0495 2350449, 2350591.

 

 

 

ജില്ലാതല കേരളോത്സവം; വടംവലി മത്സരം ഡിസംബര്‍ 15 ന്

 

 

 

ജില്ലാ തല കേരളോത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ ഏഴിന് നടത്താനിരുന്ന വടംവലി മത്സരം  ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി. മത്സരം ഡിസംബര്‍ 15 ന് പേരാമ്പ്ര ദാറുല്‍ നുജും കോളേജ് ഗ്രൗണ്ടില്‍ നടത്തും. ഡിസംബര്‍ 10 ന് നടത്താനിരുന്ന കബഡി മത്സരം ഡിസംബര്‍ ഏഴിന് വെള്ളിയൂര്‍ പുളിയോട് മുക്ക് ഗ്രൗണ്ടില്‍ നടത്തും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.

 

 

 

 

ഇസിജി ടെക്നിഷ്യന്‍ : അഭിമുഖം 12 ന്

 

 

 

മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ആര്‍എസ്ബിവൈയ്ക്ക് കീഴില്‍ ഇ.സി.ജി ടെക്നിഷ്യന്‍ (ഫീമെയില്‍) ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത - കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജി ബാച്ചിലര്‍. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് ഐ.എം.സിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

date