Skip to main content

18നു മുമ്പ് മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ നിര്‍ദ്ദേശം

വാക്‌സിനേഷന്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെയെന്ന് കലക്ടര്‍ 

മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍ കാംപയിനിന്റെ അവസാന ദിവസമായ നവംബര്‍ 18നു മുമ്പായി ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ്  നല്‍കാന്‍ എല്ലാ വിദ്യാലയ മാനേജ്‌മെന്റുകള്‍ക്കും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ 90 ശതമാനത്തിലേറെ കുട്ടികള്‍ വാക്‌സിന്‍ എടുത്തുകഴിഞ്ഞു. എന്നാല്‍ ചില സ്‌കൂളുകളില്‍ കുത്തിവയ്‌പെടുത്തവരുടെ നിരക്ക് കുറവായതിനാല്‍ അത് ജില്ലയുടെ മൊത്തം ശതമാനത്തെ ബാധിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു. 

പൂര്‍ണ ഉത്തരവാദിത്തത്തോടെയാണ് ജില്ലാ ഭരണകൂടം കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കുന്നത്. അതേസമയം, കുത്തിവയ്‌പ്പെടുക്കാതെ മീസില്‍സ് ബാധിക്കുകയും റുബെല്ല ബാധ കാരണം കുട്ടികളുടെ തലച്ചോറിനടക്കം വൈകല്യങ്ങള്‍ ബാധിക്കുകയും ചെയ്താല്‍ ആരാണ് ഉത്തരവാദിത്തമേല്‍ക്കുകയെന്നും ജില്ലാ കലക്ടര്‍ ചോദിച്ചു.  

അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും ഭാഗത്തുനിന്ന് നല്ല രീതിയില്‍ ശ്രമം നടന്ന സ്ഥലങ്ങളില്‍ മികച്ച ഫലം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ പിറകിലുള്ള സ്‌കൂളുകളും ബാക്കിയുള്ള മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവയ്പ്പ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.  കുത്തിവയ്‌പ്പെടുക്കാത്തവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    സമൂഹത്തിലെ ചെറിയൊരു ശതമാനം മാത്രമാണ് വാക്‌സിനേഷനെ എതിര്‍ക്കുന്നതെന്നും പലസ്‌കൂളുകളും രക്ഷിതാക്കളെ പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ നേട്ടങ്ങളും അനുഭവിക്കുന്നവര്‍ തന്നെയാണ് അനിവാര്യമെന്ന് വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്ന വാക്‌സിനേഷനെ എതിര്‍ക്കുന്നതെന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് റുബെല്ല ബാധിച്ചത് കാരണം വൈകല്യം ബാധിച്ച അയ്യായിരത്തിലേറെ കുട്ടികള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രമുണ്ട്. കുത്തിവയ്‌പ്പെടുക്കാത്തതിനാല്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് വലിയ പ്രയാസങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കുത്തിവയ്പ്പ് എടുക്കാതിരുന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ച് അറിയാത്തവരാണ് അതിനെ എതിര്‍ക്കുന്നവരില്‍ പലരും. മീസില്‍സ് ബാധയുണ്ടായാല്‍ ചികില്‍സിച്ച് ഭേദമാക്കുക പ്രയാസമാണെന്നും മരണത്തിന് വരെ അത് കാരണമാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് ഒരു വ്യക്തിയുടെ മാത്രം കാര്യമല്ല. സാമൂഹികമായ വിഷയമാണ്.

അതിവേഗം പകരുന്ന രോഗമാണിത്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ ഭരണകൂടം നിര്‍ബന്ധം പിടിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് റുബെല്ല ബാധയുണ്ടാവുന്ന പക്ഷം ഗര്‍ഭസ്ഥ ശിശുവിന്റെ മരണം,  കുട്ടികള്‍ക്ക് ബഹുവിധ വൈകല്യം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. ജനിക്കുന്ന കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നത് ഏതൊരാളുടെയും കടമയാണെന്നും ഇതിന് എതിരു നില്‍ക്കുന്നവര്‍ വലിയ സാമൂഹിക തിന്‍മയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഏതെങ്കിലും വൈദ്യശാസ്ത്ര സംഘടനകളോ മതസംഘടനകളോ വാക്‌സിനെ എതിര്‍ക്കുന്നതായി അറിയില്ല. വാട്ട്‌സാപ്പില്‍ വരുന്ന കാര്യങ്ങളെ മാത്രം ആധാരമാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതി വന്നാല്‍ വലിയ അപകടമാണ് സംഭവിക്കാന്‍ പോകുന്നത്. ഖത്തറില്‍ 99 ഉം സൗദി അറേബ്യയില്‍ 86 ഉം ആണ് വാക്‌സിനേഷന്റെ ശതമാനമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെ ജില്ലാ കലക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, ഡി.എം.ഒ ഡോ. കെ നാരായണ നായിക്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി ലതീഷ്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജ്യോതി പി.എം, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. എ.ടി മനോജ്, ഡോ. കെ.ടി രേഖ, ലോകാരോഗ്യ സംഘടനയുടെ സര്‍വെയലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വേലന്‍ എസ്.എസ്, യുനിസെഫ് കണ്‍സല്‍ട്ടന്റ് സൗരഭ് അഗര്‍വാള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

പി എന്‍ സി/4193/2017
 

date