Skip to main content

പൊന്നാനി ഗദ്ദിക ഫെബ്രുവരി 11 ന് തുടങ്ങും

പട്ടികജാതി - പട്ടിക വര്‍ഗവികസനവകുപ്പുകളുടെയും കിര്‍താഡ്‌സിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗദ്ദിക ഫെബ്രുവരി 11 മുതല്‍ 20 വരെ പൊന്നാനിയില്‍ നടക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പൊന്നാനി എ വി ഹയര്‍സെക്കന്റി മൈതാനത്തില്‍ രാവിലെ  11 മണിക്ക് ഗദ്ദികയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക സമുദായക്ഷേമ മന്ത്രി എകെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി ഡോ. കെ.ടി ജലീല്‍ മുഖ്യാതിഥിയായിരിക്കും.
അന്യം നിന്നുകൊണ്ടിരിക്കുന്ന  ഗോത്രവര്‍ഗ പൈതൃകവും തനതുകലകളും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഗദ്ദികയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എ. കെ ബാലന്‍ തിരൂര്‍ തുഞ്ചന്‍ സ്മാരകത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരമ്പരാഗത ഉല്പന്നങ്ങള്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയും വിപണനം നടത്തുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യുക എന്നത് മേളയുടെ ലക്ഷ്യമാണ്. പരമ്പരാഗത രുചിക്കൂട്ടുകളും വനവിഭവങ്ങളും ചികിത്സാരീതികളും സമ്മേളിക്കുന്നതാണ് ഗദ്ദിക. പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പവലിയനുകളും മേളയിലുണ്ടാകും. ആദിവാസി വിഭാഗങ്ങള്‍ക്കും തനത് ഉല്പന്നങ്ങളുടെ നിര്‍മാതാക്കള്‍ക്കും ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മേള സഹായകമാകും. തീര്‍ത്തും സൗജന്യമായാണ് സ്റ്റാളുകള്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്. പട്ടിക വിഭാഗക്കാരുടെ ആത്മാഭിമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിന് ഗദ്ദിക സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ജില്ലയിലെ എം.പി മാരും എംഎല്‍എമാരും പങ്കെടുക്കും. തനത് കലാരൂപങ്ങള്‍ക്ക് പുറമെ ഗസല്‍, മാപ്പിളപ്പാട്ട്,  ഗാനമേള, നൃത്തം തുടങ്ങിയ സാംസ്‌കാരിക പരിപാടികള്‍ കൊണ്ട് ഗദ്ദികയുടെ സന്ധ്യകള്‍ സമ്പന്നമാകും.
പരിപാടികള്‍ വിശദീകരിക്കാന്‍ തിരൂര്‍ തുഞ്ചന്‍ സ്മാരകത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണിതങ്ങള്‍, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് അസി. ഡയറക്ടര്‍ എസ്. സജു, എ.ഡി.എം ടി. വിജയന്‍ എന്നിവരും പങ്കെടുത്തു.  

 

date