Skip to main content

കരുനീക്കാന്‍ ബാലസഭ കുരുന്നുകള്‍;  കുടുംബശ്രീ ചെസ് ഒളിമ്പ്യാഡ് ശനിയാഴ്ച

കുടുംബശ്രീ കണ്ണൂര്‍ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബാലസഭ കുട്ടികളുടെ ‘ചെസ് ഒളിമ്പ്യാഡ്’ 24 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.ജില്ലയിലെ ബാലസഭ അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറ്റി ഇരുപത്തിയഞ്ചോളം ചെസ് പ്രതിഭകള്‍ ജില്ലാതല ചെസ് ഒളിമ്പ്യാഡ് മത്സരത്തില്‍ കരുക്കള്‍ നീക്കും.  യു പി, എച്ച് എസ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.
    ബാലസഭ കുട്ടികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിനും മികവിലേക്കുയര്‍ത്തുന്നതിനുമായാണ് കുടുംബശ്രീ ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. സംസ്ഥാന ഗണിതവിസ്മയം പരിപാടിയില്‍ ഉന്നതനേട്ടം കൈവരിച്ച ബാലസഭ കുട്ടികള്‍ക്കുള്ള അനുമോദനവും നല്‍കും.
    കുട്ടികളില്‍ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ വളര്‍ത്തുന്നതിനും ശാസ്ത്ര അറിവുകള്‍ വികസിപ്പിക്കുന്നതിനുമായി സംസ്ഥാന കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച ഗണിത വിസ്മയം - 2017’ സംസ്ഥാനതല മത്സരത്തില്‍ കണ്ണൂര്‍ ജില്ലാ ബാലസഭ കുട്ടികള്‍ അഭിനന്ദനാര്‍ഹമായ വിജയമാണ് നേടിയത്.
    തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച 20 പേരില്‍ 10 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കുട്ടികളാണ്. യു പി വിഭാഗത്തില്‍ 4 പേരും എച്ച് എസ് വിഭാഗത്തില്‍ 6 പേരും തെരഞ്ഞെടുക്കപ്പെട്ടു. ചടങ്ങില്‍ ഇവരെയും അനുമോദിക്കും.
പി.എന്‍.സി/389/2018
   

date